'ഭഭബ 100 ദിവസം ഓടും...'; പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
കൊച്ചി: ദിലീപ് നായക വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം ഭഭബ കേരളത്തില്‍ 100 ദിവസം ഒാടാന്‍ വേണ്ടി വഴിപാട് നേര്‍ന്ന് കലാമണ്ഡലം സത്യഭാമ. ഭഭബ കേരളത്തിലെ തിയേറ്ററുകളില്‍ 100 ദിവസം ഓടുമെന്നും അങ്ങനെ സംഭവിച്ചാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്നും സത്യഭാമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്യഭാമയുടെ പ്രതികരണം.
ദിലീപിന്റെ സിനിമ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നു എന്നും 10 ശതമാനം വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന 'അവനൊപ്പം' മനുഷ്യര്‍ കണ്ടം വഴി ഓടിച്ച കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദര്‍ശന കേന്ദ്രങ്ങളിലും കാണുന്നത് എന്നും സത്യഭാമ പറഞ്ഞു. നേരത്തെ മറ്റൊരു പോസ്റ്റില്‍ നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കെതിരേയും സത്യഭാമ രംഗത്തെത്തിയിരുന്നു.

ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോള്‍ തലയില്‍ ഒരു മുണ്ട് ഇടാന്‍ മറക്കേണ്ട എന്നായിരുന്നു 'ഭഭബ'യുടെ തിയറ്റര്‍ പ്രതികരണങ്ങളുടെ വിഡിയോ പങ്കുവച്ച് സത്യഭാമ പറഞ്ഞത്. കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ വിദ്വേഷ പ്രതികരണം നടത്തി വിവാദത്തിലായ വ്യക്തിയാണ് കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന്റെ നിറത്തെ അധിക്ഷേപിച്ച് കൊണ്ടായിരുന്നു സത്യഭാമയുടെ പ്രതികരണം.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം എന്നൊക്കെയായിരുന്നു സത്യഭാമ പറഞ്ഞത്. ഇത് വലിയ വിവാദമാകുകയും കേസാകുകയുമെല്ലാം ചെയ്തിരുന്നു.
ഭഭബ സിനിമയെ കുറിച്ചുള്ള കലാമണ്ഡലം സത്യഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്
''പ്രാര്‍ഥനകള്‍ ഫലം കണ്ടു. ദിലീപിന്റെയും,സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നു. നൂറ് ശതമാനം എന്റര്‍ടെയ്ന്‍മെന്റ് പെര്‍ഫോമന്‍സ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്.ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. 100 ദിവസം ഓടിയാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാന്‍ നേര്‍ന്നിട്ടുണ്ട്.
10 ശതമാനം വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന 'അവനൊപ്പം' മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദര്‍ശന കേന്ദ്രങ്ങളിലും കാണുന്നത്.''
ഇന്നലെയാണ് ഭഭബ റിലീസ് ചെയ്തത്. ദിലീപിനൊപ്പം മോഹന്‍ലാല്‍ കാമിയോ ആയി എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നടി നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫഹീം സഫറും തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ധനാഞ്ജയ് ശങ്കര്‍ ആണ്.












Click it and Unblock the Notifications