'അതോടെ മമിതയുടെ സ്വപ്നത്തിൻ്റെ ചിറകരിഞ്ഞു..ഫഹദ് വാങ്ങുന്നത് മോഹൻലാൽ ഇവിടെ വാങ്ങുന്ന പ്രതിഫലം..
ഫഹദ് ഫാസിലിനെ പോലെ സിനിമയിൽ ഭാഗ്യം ലഭിച്ച മറ്റൊരു യുവതാരമാണ് മമിത ബൈജുവെന്ന് ആലപ്പി അഷ്റഫ്. ഇത്രയും പെട്ടെന്നുള്ള വലിയ ഒരു ഉയർച്ച ഒരുപക്ഷേ മമിത പോലും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും അന്യഭാഷകളിലും തിരക്കിട്ട താരമായി അവർ വളരുകയാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. നടിയെന്ന നിലയിലുള്ള മമിതയുടെ വളർച്ചയെ കുറിച്ച് തൻ്റെ യുട്യൂബ് ചാനലിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വായിക്കാം.
'ഇന്ന് മലയാള സിനിമയിലെ പുതുതലമുറയിലെ താരങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് ഫഹദ് ഫാസിൽ. ഫഹദ് ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിൽ നിന്ന് വാങ്ങുന്ന പ്രതിഫലം ഇവിടെ മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തിനൊപ്പം വരും. 25 കോടി ഓഫറുമായി തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വരുന്ന പല പടങ്ങളും കഥ ഇഷ്ടപ്പെടാത്തതിന്റെ പേരിൽ ഒഴിവാക്കി വിടുന്നതുമുണ്ട്. ഫഹദിനെ സംബന്ധിച്ച് ഫാൻസ് അസോസിയേഷനോ പിആർ വർക്കോ ഒന്നും ഇല്ലാത്തതുകൊണ്ടാകാം അതൊക്കെ വലിയ വലിയ ചർച്ചയാകാതെ പോകുന്നത്.
ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം സിനിമ തന്റെ തട്ടകമല്ലെന്ന് പറഞ്ഞ് സിനിമാരംഗം ഉപേക്ഷിച്ചു പോയ ആളാണ് ഫഹദ് .ആ ഫഹദിൽ നിന്ന് മലയാളത്തേക്കാൾ മേലെ തമിഴിലും തെലുങ്കിലും വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട് നിലവിൽ. മലയാള സിനിമയിൽ ഈ ഭാഗ്യം മറ്റൊരാൾക്കില്ല. ഇതാണ് ഞാൻ പറഞ്ഞത് അഭിനയത്തോടൊപ്പം ഭാഗ്യവും വേണമെന്ന് .ഇതുപോലെതന്നെ ഭാഗ്യം തുണച്ച ഒരു മലയാള നടിയാണ് നമ്മുടെ മമിത ബൈജു .തമിഴിലും തെലുങ്കിലും ഒക്കെ മമിത ബൈജു ഇന്ന് മിന്നും താരമാണ് .യുവാക്കളുടെ ഹരവുമാണ്. ഇത്രയും പെട്ടെന്നുള്ള വലിയ ഒരു ഉയർച്ച ഒരുപക്ഷേ മമിത പോലും ചിന്തിച്ചിട്ടുണ്ടാവില്ല.

ഈ ഭാഗ്യങ്ങളൊക്കെ മമിതയ്ക്ക് ലഭിക്കുവാൻ നിദാനമായ ചിത്രമാണ് പ്രേമലു .പ്രേമലു എന്ന ചിത്രത്തിന്റെ കളക്ഷൻ മലയാളത്തെക്കാൾ മേലെയായിരുന്നു. തമിഴിലും തെലുങ്കിലും ഒക്കെ ഈ ഒരു ചിത്രം അവിടങ്ങളിൽ ഉണ്ടാക്കിയ ഓളം ചില്ലറ ഒന്നുമല്ല .അതോടെ മമിത ബൈജു എത്തുന്ന പരിപാടിക്കൊക്കെ ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് അവരെ നേരിൽ ഒന്ന് കാണാൻ തടിച്ചുകൂടുന്നത്. ഈയിടെ ഗായിക ശിവാംഗി ഒരു ചാനലിലൂടെ പറയുന്നത് കേട്ടു ഇപ്പോൾ ചെറുപ്പക്കാർക്കെല്ലാം ക്രഷ് മമിത ബൈജുവിനോടാണെന്ന്. മമിത ബൈജുവിന് തമിഴിലേക്കുള്ള കടന്നുവരവിന് വഴിവെച്ച ആദ്യ ചിത്രം റിബൽ എന്ന സിനിമയായിരുന്നു. ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല .എന്നാൽ രണ്ടാമത്തെ തമിഴ് ചിത്രം പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡ് എന്ന ചിത്രമായിരുന്നു .ആ ചിത്രമാകട്ടെ ഒരു ശരാശരി വിജയമാണ് നേടിയത്.
മമിത പ്രേമലുവിന്റെ പ്രമോഷൻ സമയത്ത് പറഞ്ഞ ഒരു കാര്യമുണ്ട് ,താൻ പഠിക്കുന്ന സമയത്ത് വിജയയുടെ കടുത്ത ആരാധികയായിരുന്നു, അദ്ദേഹത്തിൻറെ ചിത്രങ്ങൾ കണ്ടും ആഘോഷിച്ചും വളർന്നതാണെന്നാണ് എന്ന്. മമിത നിനച്ചിരിക്കാത്ത സമയത്താണ് ജനനായകൻ എന്ന വിജയ് ചിത്രത്തിലേക്കുള്ള വിളി വരുന്നതും അതിൽ അഭിനയിക്കുന്നതും. അതോട മമിതയുടെ ഗ്രാഫ് കുത്തനെ ഉയരുകയാണ് ഉണ്ടായത്. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ ആ ചിത്രം സെൻസർ പ്രശ്നങ്ങളിൽ അകപ്പെട്ട് റിലീസ് നടക്കാതെ പോവുകയും 2026 ഏപ്രിൽ ഒന് ജനനായകൻ എന്ന ചിത്രം മൊത്തമായി ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 500 കോടിയോളം രൂപയാണ് വെള്ളത്തിലായത്. കേരളത്തിലെ നൂറുകണക്കിന് തിയേറ്ററുകളിൽ പത്തും 15 ലക്ഷം രൂപയും ഒക്കെ അഡ്വാൻസ് കൊടുത്തുകൊണ്ട് ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. ഈ അവസ്ഥ തന്നെയാണ് ലോകം മുഴുവനുമുള്ള റിലീസ് കേന്ദ്രങ്ങളിലും നടന്നത്.
അങ്ങനെ മമിതാ ബൈജു സ്വപ്നം കണ്ട ഒരു വലിയ സിനിമയുടെ ചിറകരിയുകയാണ് ഉണ്ടായത്. മമിതയുടെ മറ്റൊരു തമിഴ് ചിത്രം ഈ ഏപ്രിൽ 30 ന് റിലീസ് ആകാൻ പോകുന്നുണ്ട്. ധനുഷ് നായകനായ കര എന്ന ചിത്രമാണത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ആ ചിത്രം കാത്തിരിക്കുന്നത്. കാരണം ധനുഷിനോടൊപ്പം നായികയായി അഭിനയിക്കുന്നത് മമിത ബൈജുവാണ്. മമിത ബൈജുവിനെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതിനെതിരെ പല എതിർശബ്ദങ്ങളും ഉയർന്നിരുന്നു. അതിനു കാരണം ഈ കഥാപാത്രം ഇരുണ്ട നിറക്കാരിയുടെതാണ് മേക്കപ്പിട്ട് കറുപ്പിച്ചാണ് മമിതയെ കൊണ്ട് ഈ വേഷം ചെയ്യിപ്പിച്ചത്. ഇവിടെ ഉയർന്ന ചോദ്യം എന്താണെന്ന് വെച്ചാൽ തമിഴിൽ കറുത്ത സുന്ദരിമാരായ പെൺകുട്ടികൾ ഇല്ലാഞ്ഞിട്ടാണോ മലയാളത്തിൽ നിന്നും ഒരു നടിയെ കൊണ്ടുവന്ന് പെയിന്റ് അടിച്ച് അഭിനയിപ്പിച്ചത് എന്നാണ്. അതിന് സംവിധായകൻ വിഗ്നേഷ് രാജ പറഞ്ഞ മറുപടി ഞാൻ 25ഓളം പെൺകുട്ടികളെ ഓഡീഷൻ ചെയ്തിരുന്നു കഥാപാത്രത്തോട് നീതി പുലർത്തുന്ന ആളെയാണ് എനിക്ക് വേണ്ടത്, മമിത ചെയ്തതിന്റെ ഏഴയിലത്ത് പോലും ആരും എത്തിയില്ല, തികച്ചും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് മമിതയെ നായികയാക്കിയതെന്ന്.
മമിതയെ കൂടാതെ ഈ ചിത്രത്തിൽ മലയാളത്തിൽ നിന്നും ജയറാമും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്. ഈയിടെ നടി രാധിക ശരത്കുമാർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി വിശ്വനാഥൻ ആൻഡ് സൺസ് എന്ന ചിത്രത്തിൽ സൂര്യക്കൊപ്പം മമ്മിത ബൈജു ഗംഭീര പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെന്ന്. മമിതയുടെ ക്യൂട്ട്നെസ്സും കുറുമ്പുകളും കൊണ്ട് സമ്പന്നമാണ് അതിൻറെ ട്രെയിലർയ മമിതയുടെ അഭിനയത്തെകുറിച്ച് വാതോരാതെ പ്രശംസിക്കുകയാണ് രാധിക.
പണ്ട് സ്കൂൾ കലോത്സവത്തിൽ മമിതയ്ക്ക് മോഹിനിയാട്ടത്തിൽ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്ന് അതിന്റെ ഫോട്ടോ പത്രങ്ങളിലൊക്കെ അച്ചടിച്ചു വന്നിരുന്നു. ആ ഫോട്ടോ കണ്ടിട്ടാണ് സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്. ശാലി പാല എന്ന നടന്റെ മകളായിട്ടാണ് അതിൽ അഭിനയിച്ചത്. ആ സിനിമയുടെ ക്യാമറാമാൻ ആയിരുന്നു ആൽബി അദ്ദേഹം തന്നെയായിരുന്നു ഹണിബി ടുവിന്റെയും ക്യാമറാമാൻ. അദ്ദേഹം മുഖേനയാണ് ഹണി ബി ടു വിൽ ആസിഫ് അലിയുടെ സഹോദരിയായി അഭിനയിക്കാൻ മമിതയ്ക്ക് അവസരം ലഭിച്ചത്. കൂടാതെ വികൃതി എന്ന ചിത്രത്തിൽ സൗബിന്റെ അനുജത്തിയായും അഭിനയിച്ചു. പ്രാധാന്യമുള്ള ഒരു വേഷം ആദ്യമായി ലഭിക്കുന്നത് ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലാണ്. അതുപോലെതന്നെ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ സോന എന്ന കഥാപാത്രം മമിതയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു.
എന്നാൽ പ്രേമലു എന്ന ചിത്രത്തോടെ മമിത ബൈജുവിന്റെ ഗ്രാഫ് റോക്കറ്റ് പോലെ കുതിച്ചുയർന്നു. സിനിമാരംഗത്ത് തന്റേതായ ഒരു സ്ഥാനം അരക്കിട്ടഉറപ്പിക്കുകയും ചെയ്തു. മമിത ബൈജു എന്ന നടി ഇന്ന് ആരാധകർക്ക് ഒരു ആവേശമാണ് സിനിമയുമായി ഒരു പുലബന്ധവുമില്ലാത്ത യാതൊരു സിനിമ പാരമ്പര്യ പശ്ചാത്തലവും ഇല്ലാത്ത ഒരു പെൺകുട്ടി ഇന്ന് അത്യുന്നതങ്ങളിൽ എത്തി ഒരുപാട് സിനിമാ പ്രേമികളുടെ ആരാധനാപാത്രമായി മാറിയിരിക്കുകയാണ് .ഇതാണ് ഞാൻ ആദ്യം പറഞ്ഞത് എന്തെല്ലാം കഴിവുകൾ നമുക്ക് ഉണ്ടെങ്കിലും സിനിമയിൽ ഉന്നതിയിൽ എത്തണമെങ്കിൽ ഭാഗ്യവും തലയിലെഴുത്തും നന്നായിരിക്കണമെന്ന്'.












Click it and Unblock the Notifications