മോഹിനിയാട്ടമല്ല ചെയ്തത്; ഇത്രയും പ്രതീക്ഷിച്ചില്ല; ഇനിയും ജീവിതം വച്ചു കളിക്കാന്‍ സമയമില്ല
സീരിയല്‍ താരം ദിവ്യ ശ്രീധര്‍ അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവതരിപ്പിച്ച നൃത്തം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ദിവ്യ മോഹിനിയാട്ടത്തിന്റെ വസ്ത്രം ധരിച്ച് നൃത്തം ചെയ്തതിന് എതിരേയായിരുന്നു പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്. കേരളത്തിന്റെ തനതു കലയെ അവഹേളിച്ചുവെന്നും സെലിബ്രിറ്റി ആണെങ്കില്‍ എന്തും ആകാമെന്നുമുള്ള അഹങ്കാരമാണെന്നുമൊക്കെയാണ് നിരവധി പേര്‍ ദിവ്യയുടെ നൃത്ത വീഡിയോയ്ക്കു താഴെ കമന്റിട്ടത്.
സമൂഹ മാധ്യമങ്ങളില്‍ കടുത്ത പരിഹാസത്തിനാണ് ദിവ്യയും ഭര്‍ത്താവ് ക്രിസ് വേണുഗോപാലും ഇരയായത്. ദിവ്യയുടെ നൃത്തത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം എടുത്ത് ഷോട്ട് വീഡിയോകളുണ്ടാക്കി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെ കുറ്റപ്പെടുത്തലുകള്‍ വര്‍ധിച്ചു. കലാമണ്ഡം സത്യഭാമ ഉള്‍പ്പെടെയുള്ള നൃത്ത അധ്യാപകര്‍ ദിവ്യയെ വിമര്‍ശിച്ച് രംഗത്തുവന്നു. മോഹിനിയാട്ടം എന്ന കലയെ അപമാനിക്കുന്നതായിരുന്നു ദിവ്യയുടെ നൃത്തം എന്നാണ് സത്യഭാമ വിമര്‍ശിച്ചത്. എന്നാല്‍ ദിവ്യയെ പിന്തുണച്ച് ക്രിസ് വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. ആറോ ഏഴോ ക്ലാസുകളില്‍ മാത്രം പങ്കെടുത്താണ് ദിവ്യ നൃത്തം അവതരിപ്പിച്ചതെന്നും നാല്‍പതാം വയസില്‍ തന്റെ ഗാനത്തിനും ജീവിതത്തിനും വേണ്ടിയുള്ള സമര്‍പ്പണമായിട്ടാണ് ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ചതെന്നും ക്രിസ് വേണുഗോപാല്‍ പറഞ്ഞു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ദിവ്യ രംഗത്തെത്തിയിരിക്കുകയാണ്. മോഹിനിയാട്ടമല്ല ഗുരുവായൂരില്‍ ചെയ്തതെന്നും മോഹിനിയാട്ടത്തിന്റെ വേഷം ധരിക്കുക മാത്രമാണ് ചെയ്തതെന്നും ദിവ്യയും ക്രിസും വ്യക്തമാക്കി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ തന്റെ ഭാഗം വ്യക്തമാക്കിയത്. ഇത്രയും വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും ദിവ്യ പറഞ്ഞു.
ദിവ്യയുടെ വാക്കുകള്‍: ഏട്ടന്റെ (ക്രിസ് വേണുഗോപാല്‍) പാട്ടുകളും ജീവിതവും ഒക്കെ കേട്ടപ്പോള്‍ ഇരുന്നു കരഞ്ഞിട്ടുണ്ട്. നൃത്തം ചെയ്യാന്‍ അറിയില്ലെങ്കിലും അറിയുന്ന രീതിയില്‍ ഏട്ടന്റെ പാട്ടിന് ഒരു നൃത്താവിഷ്‌കാരം ചെയ്യണമെന്നു തോന്നി. സര്‍പ്രൈസ് ആയിട്ട് കൊടുക്കണമെന്നാണ് കരുതിയത്. എന്നാല്‍ പഠിപ്പിക്കാന്‍ ആരെയും കിട്ടിയില്ല. അവസാനം ചേട്ടനോട് തന്നെ പറയേണ്ടി വന്നു. ഏട്ടന്‍ തന്നെയാണ് രജനി ടീച്ചറുടെ അടുത്ത് ആക്കിയത്.
ഇങ്ങനെയൊന്നും വരുമെന്ന് വിചാരിച്ചില്ല. കൈലും കാലുമൊന്നും വഴങ്ങുന്നില്ലായിരുന്നു. ചെയ്ത് ശീലമില്ലാത്ത കാര്യമാണ് ചെയ്തത്. എനിക്ക് നൃത്തം ചെയ്യാന്‍ അറിയില്ലെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. ഗുരുവായൂരപ്പന്‍ തന്ന ജീവിതമാണിത്. എന്തിനാണ് കല്യാണം കഴിക്കുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇനിയും എനിക്ക് ജീവിതം വച്ചുകളിക്കാന്‍ സമയമില്ലെന്നും ദിവ്യ പറഞ്ഞു.












Click it and Unblock the Notifications