ജഗതി ശ്രീകുമാറിന് സംഭവിച്ച വാഹനാപകടം; ആ സംഭവത്തിന് കാരണം ഇതായിരിക്കാം,സിദ്ധു പനക്കൽ പറയുന്നു
മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ജഗതി ശ്രീകുമാറിനുണ്ടായ വാഹനാപകടം. ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവേ മലപ്പുറത്ത് തേഞ്ഞിപ്പാലത്തിന് അടുത്ത് പാണാമ്പ്രയിലാണ് അപകടമുണ്ടായത്. ആ അപകടത്തിന് ശേഷം ശരീരമാകെ തളർന്ന് സംസാരശേഷിയൊക്കെ നഷ്ടപ്പെട്ട നിലയിലാണ് താരം.
ഇപ്പോഴിതാ ജഗതിയ്ക്ക് അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കൽ. ജഗതിയുമായുള്ള ഓർമ്മകളും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

'മലയാള സിനിമയിൽ ഒരിക്കലും പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ. ചട്ടമ്പി കല്യാണി എന്ന ശ്രീകുമാരൻ തമ്പി സാറിന്റെ പടത്തിൽ തുടങ്ങി 2012 മാർച്ച് പത്തിന് മലപ്പുറത്ത് ദേശീയപാതയിൽ തേഞ്ഞിപ്പാലത്തിന് അടുത്തുള്ള പാണാമ്പ്രയിൽ അപകടം നടക്കുന്നത് വരെ ഒരു ഹാസ്യ താരവും ജഗതി എന്ന അത്ഭുതപ്രതിഭയ്ക്ക് മുകളിൽ പോയിട്ടില്ല. അപകടം നടന്ന് പത്തുവർഷത്തിനുശേഷം 2022 മെയ് ഒന്നിന് റിലീസായ ദി ബ്രെയിൻ എന്ന സിനിമയിലൂടെ ഒരു തിരിച്ചുവരവും നടത്തി അദ്ദേഹം.
ഹാസ്യം മാത്രമല്ല, റോഷൻ ആൻഡ്റൂസിന്‍റെ ഉദയനാണ് താരം എന്ന പടത്തിൽ ശ്രീനിവാസൻ സാറിനെ അമ്പിളി ചേട്ടൻ പഠിപ്പിക്കുന്ന നവരസങ്ങളും അദ്ദേഹം സ്വയം കണ്ടുപിടിച്ച മൂന്ന് രസങ്ങളും പോലെ എല്ലാതരത്തിലുള്ള ക്യാരക്ടറുകളും അദ്ദേഹം അഭിനയിക്കുകയും അതിലൊക്കെ തിളങ്ങുകയും ചെയ്തു.
സിനിമ ജീവിതത്തിലെ വലിയ കൃത്യനിഷ്ഠയാണ് അദ്ദേഹം ഈ അപകടത്തിൽ പെടാൻ കാരണമായത് എന്നാണ് എന്റെ പക്ഷം. സാധാരണ വളരെ ലേറ്റ് ആയി ഷൂട്ടിംഗ് കഴിഞ്ഞ് വേറെ ലൊക്കേഷനിലേക്ക് പോകേണ്ടി വരികയാണെങ്കിൽ ആർട്ടിസ്റ്റ് അടുത്ത ലൊക്കേഷനിലേക്ക് വിളിച്ചു പറയും ഇവിടെ വളരെ ലേറ്റ് ആയാണ് കഴിഞ്ഞത് നാളെ ഉച്ചവരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം ഞാൻ രാവിലെ പുറപ്പെട്ടോളാം. വേറെ മാർഗം ഇല്ലാത്തതുകൊണ്ട് എല്ലാ നിർമ്മാതാക്കളും സംവിധായകരും അത് സമ്മതിച്ചു കൊടുക്കുകയും ചെയ്യും. ഷൂട്ടിംഗ് നടക്കേണ്ട ലൊക്കേഷനുകളിൽ ചിലപ്പോൾ അര ദിവസം പ്രശ്നങ്ങൾ ഉണ്ടായേക്കാം. കാരണം രാത്രി ലേറ്റായി വിവരം അറിഞ്ഞാൽ പിറ്റേന്ന് രാവിലെ ഷൂട്ടിങ്ങിന് സീൻ മാറ്റിയാൽ അതിലേക്ക് വേണ്ട ആർട്ടിസ്റ്റുകൾ ചിലപ്പോൾ കണ്ടെത്താൻ പറ്റി എന്ന് വരില്ല. ചില ലൊക്കേഷനുകളിൽ അഡ്ജസ്റ്റ് ചെയ്യാനും പറ്റും.
എല്ലാ ആർട്ടിസ്റ്റുകളെ പോലെ തന്നെ അമ്പിളി ചേട്ടനും ഒരു സെക്കൻഡ് പോലും ലൊക്കേഷനിൽ ആരും തനിക്കു വേണ്ടി വെയിറ്റ് ചെയ്യരുത് എന്ന് കരുതുന്ന ആളാണ്. അമ്പിളി ചേട്ടൻ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ലെനിൻ രാജേന്ദ്രൻ സാർ പിറ്റേന്ന് ഉച്ചവരെയൊക്കെ ഷൂട്ടിംഗ് അഡ്ജസ്റ്റ് ചെയ്യുമായിരിക്കും.
അര ദിവസം പോയാൽ ആ പ്രൊഡ്യൂസർക്കും ഡയറക്ടർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും മനസ്സിലാക്കി രാത്രിതന്നെ പുറപ്പെടുകയായിരുന്നു അമ്പിളി ചേട്ടൻ. ഷൂട്ടിങ്ങിനു വേണ്ടി രാവും പകലും ഓടിക്കൊണ്ടിരുന്ന ഡ്രൈവർ ആ രാത്രിയിലെ ഓട്ടത്തിനിടയിൽ കണ്ണൊന്നു ചിമ്മിയപ്പോൾ നമുക്ക് നഷ്ടമായത് പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭയെയാണ്.
ചട്ടമ്പി കല്യാണി എന്ന നസീർ സാറിന്റെ സിനിമയിൽ അഭിനയം തുടങ്ങിയ അദ്ദേഹം കൃത്യനിഷ്ഠ പഠിച്ചത് ആ വലിയ കലാകാരനിൽ നിന്നായിരിക്കണം. അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത്, തന്നെ സഹായിച്ചവരെയൊന്നും അമ്പിളി ചേട്ടൻ മറന്നിട്ടില്ല എന്ന കാര്യത്തിന് ഒരിക്കൽ സാക്ഷിയാണ് ഞാൻ. രാവണൻ എന്ന കലാഭവൻ മണി നായകനായ പടത്തിൽ അഭിനയിക്കാൻ അമ്പിളി ചേട്ടന്റെ ഡേറ്റ് വാങ്ങാൻ പോയത് ഞാനും അരോമ മണി സാറും കൂടിയാണ്. അമ്പിളിച്ചേട്ടന്റെ വീട്ടിലെത്തി കാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞതിനു ശേഷം ശമ്പളത്തിന്റെ കാര്യം ഞാൻ ചോദിച്ചു.
അദ്ദേഹം നല്ല പൈസ വാങ്ങുന്ന സമയമാണ്. പക്ഷേ പറഞ്ഞ മറുപടി മണിച്ചേട്ടനോട് (അരോമ മണി സാർ )ഞാൻ ശമ്പളം പറയില്ല എന്താണെന്ന് വെച്ചാൽ ചേട്ടൻ തന്നാൽ മതി എന്നാണ്.
വേറെ ഒരു സിനിമയ്ക്കും എനിക്ക് ഈ അനുഭവം ഉണ്ട്. ആ സിനിമയ്ക്ക് വേണ്ടി 30 ദിവസത്തേക്ക് അദ്ദേഹത്തിനോട് സംസാരിച്ച ഒരു എമൗണ്ട് ഫിക്സ് ചെയ്തു. പല സിനിമകളിൽ ഒരേസമയം അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലമായതിനാൽ നമ്മുടെ സെറ്റിൽ നിന്ന് പല സെറ്റിലേക്കും അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടി വന്നിട്ടുണ്ട്.
ഡബ്ബിങ് സമയത്ത് ഞാൻ നോക്കിയപ്പോൾ 8 ദിവസം കുറച്ചാണ് നമ്മുടെ പടത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ വിവരം അദ്ദേഹത്തോട് പറഞ്ഞു. എത്ര ദിവസം ഈ പടത്തിൽ അഭിനയിച്ചു എന്നൊന്നും അദ്ദേഹത്തിന് ഓർമ്മയില്ല. അത് ഞാൻ ഓർമ്മപ്പെടുത്തിയപ്പോൾ അദ്ദേഹം ഒരു എമൗണ്ട് കുറച്ചു മതി എന്നു പറഞ്ഞു. അധികം ആരും അങ്ങനെ ചെയ്യുന്നതല്ല.
തിരുവനന്തപുരത്ത് ഞാൻ വീട് വാങ്ങിക്കുന്ന സമയത്ത് ഞാൻ ഓഗസ്റ്റ് 15 എന്ന മമ്മൂട്ടി സാർ- അരോമ- ഷാജി കൈലാസ് ചേട്ടൻ, പടത്തിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് അമ്പിളി ചേട്ടനും അഭിനയിക്കുന്നുണ്ട് ആ പടത്തിൽ. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു ഒരു അമ്പതിനായിരം രൂപയുടെ ചെക്ക് എഴുതി എനിക്ക് തന്നു. ഒരു ഭവനം നിർമ്മിക്കുന്നുണ്ട് എന്നറിഞ്ഞു ഇതിരിക്കട്ടെ. ആരു പറഞ്ഞു എന്ന് ചോദിച്ചു ഞാൻ. ഡ്രൈവർ ഉദയനാണ് എന്റെ വീടിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞത്.
ഓർക്കുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഞാൻ വീട്ടിൽ ഉള്ളപ്പോൾ പഴയ സിനിമ ആൽബങ്ങൾ, ഡിജിറ്റൽ ഡയറിയും സെൽഫോണും ഒന്നും ഇല്ലാത്ത കാലത്ത് സ്ക്രിപ്ബ്ലിംഗ് പാഡുകളിൽ എഴുതി വച്ചിരിക്കുന്ന പഴയ സിനിമകളുടെ ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യന്മാരുടെയും ഒക്കെ പേരുകൾ നോക്കാറുണ്ട്. അങ്ങിനെ ആൽബം നോക്കിക്കൊണ്ടിരുന്നപ്പോൾ കിട്ടിയതാണ് അമ്പിളി ചേട്ടനോടൊപ്പം ഉള്ള ഈ ഫോട്ടോ ഒപ്പം കുറച്ച് ഓർമകളും',സിദ്ധു പനക്കൽ കുറിച്ചു.












Click it and Unblock the Notifications