പൃഥ്വിരാജ് കരഞ്ഞ് അവരുടെ കാലിൽ വീണെന്ന്..അങ്ങനെ സംഭവിച്ചിരുന്നോ? തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമയെ ചൊല്ലി കേരളത്തിലും പുറത്തും വലിയ വിവാദമാണ് ഉടലെടുത്തത്. ചിത്രം തങ്ങൾക്കെതിരാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തുകയായിരുന്നു. വിവാദം കടുത്തതോടെ സിനിമയിലെ ചില രംഗങ്ങൾ വീണ്ടും സെൻസറിങ്ങിന് അയക്കുയും അവ നീക്കുകയും ചെയ്തു. ഇപ്പോഴിതാ അന്നത്തെ വിവാദങ്ങളോട് പ്രതികരിക്കുകയാണ് പൃഥ്വിരാജിൻ്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'എമ്പുരാൻ വിവാദ സമയത്ത് മാധ്യമപ്രവർത്തകയായ സുജയ പാർവതി പറഞ്ഞത് സെൻസർ ചെയ്തപ്പോൾ, പൃഥവിരാജ് സെൻസർ ബോർഡിൻ്റെ കാലിൽ വീണ് കരഞ്ഞു എന്നാണ.എന്റെ പടം എങ്ങനെയെങ്കിലും ഇറക്കണേ എന്ന് പറഞ്ഞെന്ന്. ഏത് പൃഥവിരാജ്, അവൻ എന്റെ കാലിലൊന്നും വീണെങ്കിൽ മതിയായിരുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. അവൻ ഹൈദരാബാദിൽ നിന്ന് ഷൂട്ടിങ്ങിനിടയിലാണ് അവൻ കൊച്ചിയിലേക്ക് വന്നത്. അപ്പോഴേക്കും പടം തുടങ്ങി, അവൻ കാത്ത് നിന്നു. അപ്പോൾ കുറച്ച് സംശയം ഉണ്ടെന്ന് പറഞ്ഞു. അതൊക്കെ വിളിച്ചു സംസാരിച്ചു. അവൻ അവന്റെ പാട്ടിന് 6 മണിക്ക് തിരിച്ച് പോയി. നാല് ദിവസം പടം ഓടി, പിന്നെയാണ് വിവാദം വന്നത്.

ഇത് കഴിഞ്ഞിട്ട് ഞാൻ പിന്നെ അന്വേഷിച്ചു, എവിടുന്നാ ഈ വിവാദങ്ങളൊക്കെ കുത്തിപ്പൊക്കിയതെന്ന്. ഞാൻ അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത് തിരുവനന്തപുരത്ത് നിന്നാണ് ഇടപെടൽ ഉണ്ടായത് എന്നാണ്. എമ്പുരാൻ വിവാദത്തിന് പിന്നിൽ ചരടുവലിച്ചത് ബിജെപി നേതൃത്വമാണെന്ന് ഞാൻ കരുതുന്നില്ല. ബിജെപിയോട് അനുഭാവത്വമുള്ള അല്ലെങ്കിൽ ബിജെപിയിൽ എന്തെങ്കിലും സ്ഥാനമാനങ്ങൾ വേണം, അല്ലെങ്കിൽ ബിജെപിയിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായം വേണം എന്ന് വിചാരിക്കുന്നവരാണ്.
ബിജെപിയിൽ എനിക്ക് ബഹുമാനമുള്ള ഒരപാട് പേരുണ്ട്. നല്ല ഭരണകർത്താക്കൾ ഉണ്ട്, മോദി ഇത്രയും കൊല്ലം അധികാരത്തിലിരുന്നു, അദ്ദേഹത്തിൻ്റെ പേരിൽ എന്തെങ്കിലും അഴിമതിയുണ്ടോ. ഒരുപാട് ആരോപണങ്ങൾ ഒക്കെ വരുന്നുണ്ട്, അതിപ്പോൾ ഇന്ദിരാഗാന്ധിക്കതിരേയും നെഹ്റുവിനെതിരേയുമൊക്കെ വന്നിട്ടില്ലേ.
വർഗീയവാദികൾ കോണ്‍ഗ്രസിലും ഇല്ലേ. ഞാൻ ഒരു പള്ളിയിൽ പോയി. അവിടെ ചിലപ്പോൾ സ്വാഭാവികമായിട്ടും നമ്മൾ എല്ലാവരും ബഹുമാനിക്കുന്ന ഒരു അതിവയോധികനായ ഒരു അച്ഛൻ പറയുന്നു നമ്മുടെ ഇടവകയിലുള്ള കുഞ്ഞാ, നമുക്കൊരു ഉപകാരമായിരിക്കും നാളെ ജയിച്ചാൽ, നിങ്ങൾ വോട്ട് ചെയ്യണം എന്ന് പറയുന്നത് തെറ്റാണോ? ഒരിക്കലും ഞാൻ പറയത്തില്ല തെറ്റാണെന്ന്. ജുമായ്ക്ക് പോകുമ്പോൾ പറയുന്ന ഉസ്താദുമാരുണ്ട്, നമ്മുടെ ആളാണെന്ന്. അതൊക്കെ എങ്ങനെയാണ് തെറ്റാണെന്ന് പറയുന്നേ, അതുപോലെ മോദിജി പറഞ്ഞിട്ടുണ്ടാവും, നമ്മുടെ ആൾക്കാരാണ് അങ്ങനെയാണെന്ന്.
ഇന്ത്യക്ക് കിട്ടവുന്ന ഏറ്റവും ബെസ്റ്റ് പ്രധാനമന്ത്രിയാണ് മോദിയെന്നാണ് ഞാൻ കരുതുന്നത്. ഇന്ദിരാഗാന്ധിക്ക് അതിന്റേതായ വേറെ ചില പ്രശ്നങ്ങൾ ഉണ്ട്. അവരുടെ പ്രശ്നമല്ല, അവർക്ക് വളരെ പ്രഷർ ഉണ്ടായിരുന്നു. മോദിജിയെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷെ സാധരണക്കാർക്ക് ഒരുപാട് കാര്യം ചെയ്തുകൊടുത്ത നേതാവാണ് മോദി. എല്ലാ പാർട്ടിയിലും ലോക്കൽ നേതാക്കൾക്ക് താത്പര്യമുണ്ട്. എന്നാൽ പെൻഷൻ തൊട്ട് അങ്ങോട്ടുള്ള സാധാരണക്കാരുടെ കാര്യങ്ങളിൽ ഇടപെടണം. ആദ്യ പിണറായി സർക്കാർ എത്ര രസകരമായിട്ടാണ് ഭരിച്ചത്. എന്നാൽ പിന്നീട് പാർട്ടി അണികളിൽ ചിലർക്ക് അപ്രമാദിത്വം വന്നു. സാധാരണക്കാരൻ്റെ പെൻഷൻ കാർഡ് പിടിച്ചുവെക്കുന്നതും ആരോഗ്യ ഇൻഷുറൻസ് തടയുന്നതുമൊക്കെ നിരീക്ഷിക്കാൻ പാർട്ടി പ്രവർത്തകരെ ചുമതലപ്പെടുത്തണം, അങ്ങനെയൊക്കെ ചെയ്താൽ തീർച്ചയായും ആളുകൾ പാർട്ടിക്ക് വോട്ട് ചെയ്യും', മല്ലിക സുകുമാരൻ പറഞ്ഞു.












Click it and Unblock the Notifications