''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോടുളള പെരുമാറ്റത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമാണ് നടന്‍ മമ്മൂട്ടി ഏറ്റുവാങ്ങിയത്. പൊതുവിടത്തില്‍ ഒരാളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്നും അഹങ്കാരമെന്നും മാടമ്പിത്തരമെന്നും അടക്കം നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
മമ്മൂട്ടിയുടെ തുറന്നടിച്ചുളള പ്രതികരണങ്ങളെ കുറിച്ച് നേരത്തെയും പലതവണ സിനിമാരംഗത്തുളളവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുളളതാണ്. അതേസമയം മമ്മൂട്ടിയെ കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിജു കൃഷ്ണന്‍. നോമ്പ് കാലത്ത് മമ്മൂട്ടിയെ കാണാന്‍ പോയപ്പോഴുളള അനുഭവം ആണ് സിജു കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം: ഒരു മെഗാമാസ് നോമ്പുതുറ- നോമ്പ് കാലമായാൽ മിക്കപ്പോഴും ഇഫ്താർ വിരുന്നിന് സുഹൃത്തുക്കൾ ക്ഷണിക്കാറുണ്ട്. സ്വാദിഷ്ടമായ പലതരം വിഭവങ്ങളാൽ ആഘോഷമായിമാറിയ പല നോമ്പു തുറകളും ഓർമ്മയിലുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവം എനിക്കുണ്ട്. അത് നമ്മുടെ ഇക്കയോടൊപ്പമുള്ളതാണ്. പളുങ്ക് സിനിമയുടെ ഷൂട്ടിംങ് തൊടുപുഴയിൽ നടക്കുന്ന സമയം. ഒരു ദിവസം ടൈംസിന്റെ പ്രൂഫ് കാണിക്കുവാൻ ഞാൻ തൊടുപുഴയിലെത്തി.

കലൂരിൽ നിന്നും ബസിലാണ് തൊടുപുഴയിലേത്തിയത്. എത്തിയത് ഉച്ചയോടു കൂടി. ഷൂട്ടിംങ് തകൃതിയായി നടക്കുന്നു. എനിക്കാണെങ്കിൽ നല്ല വിശപ്പ്. ലൊക്കേഷനിൽ നിർമ്മാതാവിന്റെ സഹോദരൻ അലൻ പോർട്ടൂരുമുണ്ട്. രാപ്പകലിന്റെ കാലം മുതൽ അദ്ദേഹവുമായി സൗഹൃദമുണ്ട്. അദ്ദേഹം എന്നെയും കൂട്ടി തൊടുപുഴ ടൗണിലെത്തി ആഹാരമൊക്കെ കഴിച്ച് ലൊക്കേഷനിൽ തിരിച്ചെത്തി. നോമ്പ് കാലമായതിനാൽ വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഊണ് നടക്കുന്നു.
ഞാൻ മമ്മൂക്കയെ കാത്തു നിൽക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എത്തി. വന്നപാടെ ജോർജ്ജ് അദ്ദേഹത്തെ പളുങ്കിലെ മോനിച്ചനാക്കി മാറ്റി. അദ്ദേഹം അഭിനയത്തിലേക്ക് കടന്നു. അദ്ദേഹത്തെ പ്രൂഫ് കാണിക്കാനുള്ള അവസരവും നോക്കി ഞാൻ നിൽക്കുകയാണ്. ശരിക്കും പറഞ്ഞാൽ അങ്ങനെ കാത്തു നിൽക്കേണ്ട കാര്യമില്ലെന്നു റഫീഖ് പറഞ്ഞിരുന്നു. പ്രൂഫ് അദ്ദേഹത്തെ കാണിക്കുക തിരിച്ചു പോരുക. അത്രേയുള്ളൂ കാര്യം.
പക്ഷേ അദ്ദേഹത്തിന്റെ മുമ്പിലെത്തിയാൽ പിന്നെ പേടിയാണ്.
അടുത്ത് ആരും ഇല്ലാത്ത സമയം വരുന്നത് വരെ കാത്തു നിൽക്കും. മാഗസിനിൽ തെറ്റുകുറ്റങ്ങൾ വല്ലതുമുണ്ടെങ്കിൽ അതിന്റെ പേരിലുള്ള ചീത്ത ഒറ്റയ്ക്കു കേട്ടാൽ മതിയല്ലോ എന്നു കരുതി ഞാൻ കാത്തു നിൽക്കും. പക്ഷേ ഒരിക്കൽ പോലും അദ്ദേഹം എന്നെ ഒന്നും പറഞ്ഞിട്ടില്ല. എങ്കിലും ഭയമാണ്. സമയം അങ്ങനെ കടന്നു പോകുകയാണ്. സമയം ആറുമണി കഴിഞ്ഞു. അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നു. എല്ലാവരും നോമ്പ് തുറക്കാനായി പോയി. മമ്മൂക്കയും ജോർജ്ജും ഷൂട്ടിംങ് നടക്കുന്ന വീട്ടിലേക്കും.
ഞാനും പിന്നാലെ കൂടി. മമ്മൂക്കയുടെ മുമ്പിലേക്ക് നോമ്പു മുറിക്കാനായി പഴങ്ങളും ജ്യൂസുമെത്തി. അദ്ദേഹം നോമ്പ് മുറിക്കുന്നത് കതകിന്റെ ഇടയിലൂടെ ഞാൻ കണ്ടു. സമയം വൈകുന്നു. തിരിച്ചു കലൂരിലെത്തണം. റഫീക്കിന്റെ ചീത്തവിളി ഉറപ്പാണ്. തിരിച്ചെത്തുമ്പോഴേക്കും രാത്രി വൈകും ഉറപ്പാണ്. പിന്നെ രണ്ടും കൽപിച്ച് അദ്ദേഹത്തിന്റെ മുമ്പിലേക്ക്. ഞാൻ പ്രൂഫ് അദ്ദേഹത്തെ ഏൽപ്പിച്ചു. അദ്ദേഹം അതിലെ കടലാസുകൾ മറിക്കുന്നതിനിടയിൽ മുഖം ഉയർത്താതെ തന്നെ എടുത്തു കഴിക്കാൻ പറഞ്ഞു. ഞാൻ വേണ്ടെന്നു പറഞ്ഞു.
അപ്പോൾ അദ്ദേഹം ടേബിളിലിരുന്ന പാത്രം എന്റെ നേരേ നീട്ടി. ഞാൻ വിറയാർന്ന കൈകളാൽ അത് സ്വീകരിച്ചു, കഴിച്ചു. 5 മിനിട്ടുകൾക്കു ശേഷം മാഗസിൻ പ്രിന്റ് ചെയ്യാനുള്ള അപ്രൂവലുമായി ഞാൻ മടങ്ങി. രാത്രി വൈകി ബസിൽ മടങ്ങുമ്പോഴും അദ്ദേഹത്തൊടൊപ്പമുള്ള, നോമ്പെടുക്കാതേയുളള നോമ്പു തുറ നൽകിയ സന്തോഷത്താൽ മുങ്ങിപ്പൊങ്ങി ഞാനങ്ങനെ ഇരുന്നു. അതിനു ശേഷം എത്രയോ വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്നുകൾക്ക് പങ്കെടുത്തിട്ടുണ്ട്. പക്ഷെ ജീവിതത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ സുന്ദര നിമിഷങ്ങളിൽ ഒന്നായി അത് ഇന്നും ഓർമ്മയിലുണ്ട്''.












Click it and Unblock the Notifications