മമ്മൂട്ടി 15 ലക്ഷം പ്രതിഫലം 12 കോടിയാക്കി,മോഹൻലാൽ 20 ലക്ഷം 22 കോടി വരേയും:90 കളിലെ പ്രതിഫലക്കണക്ക് ഇങ്ങനെ
താരതമ്യേനെ ചെറിയ ഇൻഡസ്ട്രി ആണെങ്കിലും മലയാള സിനിമ താരങ്ങൾ വാങ്ങുന്ന പ്രതിഫലം അത്ര കുറവൊന്നുമല്ല. പ്രോജക്ടിന്റെ വലുപ്പം, ബജറ്റ്, ജനപ്രീതി എന്നിവ അനുസരിച്ച് ഓരോരുത്തരും വാങ്ങുന്ന പ്രതിഫലത്തിൽ വലിയ ഏറ്റക്കുറച്ചിലുണ്ടാകും.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ആരാണ് വാങ്ങുന്നതെന്ന് ചോദിച്ചാൽ അതിനുത്തരം മോഹൻലാൽ എന്ന് തന്നെയാണ്. ഒരു ചിത്രത്തിന് 15-25 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് അനൌദ്യോഗിക റിപ്പോർട്ടുകൾ. ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതിനും ഉയർന്ന ശമ്പളം വാങ്ങുന്ന താരമാണ് മോഹൻലാൽ. പ്രതിഫലക്കണക്കിൽ മോഹൻലാലിന് തൊട്ട് താഴെയാണ് മമ്മൂട്ടി. ഒരു പ്രൊജക്ടിന് 12-22 കോടി രൂപ വരെ അദ്ദേഹം വാങ്ങുന്നുണ്ടത്രേ.

പ്രധാന നടന്മാരിൽ പൃഥ്വിരാജ് സുകുമാരൻ 8-15 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ദുൽഖർ സൽമാൻ 6-12 കോടി രൂപയോളമാണ് ഈടാക്കുന്നത്. ഫഹദ് ഫാസിൽ 6-10 കോടി രൂപ വരേയും വാങ്ങുന്നു. പ്രമുഖ നടിമാരിൽ മഞ്ജു വാര്യർക്കാണ് മലയാളത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം. ഒരു ചിത്രത്തിന് 1-3 കോടി രൂപ വരെയാണത്രേ പ്രതിഫലം. കീർത്തി സുരേഷ് ബഹുഭാഷാ ചിത്രങ്ങൾക്ക് 1-3 കോടി രൂപ വരെയും, നസ്രിയ നസിം 1-2 കോടി രൂപ വരെയും ഈടാക്കുന്നുവെന്നും കണക്കുകൾ പറയുന്നു. പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ നടിമാർക്ക് പ്രോജക്ടിന്റെ വ്യാപ്തി അനുസരിച്ച് 2 കോടി രൂപ വരെ പ്രതിഫലം ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
കോടികൾ അല്ലാതെ ലക്ഷങ്ങൾ മാത്രം പ്രതിഫലം വാങ്ങിയ ഒരു സമയം താരങ്ങൾക്ക് ഉണ്ടായിരുന്നു, അതെ തൊണ്ണൂറുകളിൽ. അന്ന് താരങ്ങൾ വാങ്ങിയിരുന്ന പ്രതിഫലക്കക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കേരള ബോക്സ് ഓഫീസ് എന്ന എക്സ് പേജിലൂടെയാണ് 90കളിൽ നടീനടൻമാർ വാങ്ങിയ പ്രതിഫലക്കണക്കുകൾ ഉള്ളത്. മാഗസീൻ പേജിൻ്റെ ഒരു ഭാഗമാണ് പ്രചരിക്കുന്നത്.
മോഹൻലാൽ തന്നെയാണ് അന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നത്. താരത്തിന് 15-20 ലക്ഷം രൂപയാണത്രേ കിട്ടിയിരുന്നത്. ഹിസ് ഹൈനെസ് അബ്ദുള്ള, അക്കരെ അക്കരെ അക്കരെ, കിലുക്കം, ഭാരതം, മണിച്ചിത്രത്താഴ്, ദേവാസുരം, തെന്മാവിൻ കൊമ്പത്ത്, സ്പടികം, കാലാപാനി തുടങ്ങി മോഹൻലാലിൻ്റെ വമ്പൻ ഹിറ്റുകൾ പിറന്ന സമയമായിരുന്നു അത്.
മമ്മൂട്ടിക്കാണ് അന്നും രണ്ടാം സ്ഥാനം. വടക്കൻ വീരഗാഥ, മതിലുകൾ, ഒരു സി.ബി.ഐ ഡയറി കുറിപ്പ്, ജാഗ്രത, കിഴക്കൻ പത്രോസ്, അമരം, വാൽസല്യം, പാപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം എന്നിവയായിരുന്നു മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയ അന്നത്തെ ഹിറ്റുകൾ. ഈ സിനിമകൾക്ക് 15 ലക്ഷം വരെയാണ് മമ്മൂട്ടി പ്രതിഫലമായി വാങ്ങിയതെന്നാണ് കണക്കുകൾ.
സുരേഷ് ഗോപിക്കാണ് മൂന്നാം സ്ഥാനം, 12 ലക്ഷം രൂപ. ജയറാമിനേക്കാൾ ബാബു ആണ്റണിക്കായിരുന്നു അന്ന് പ്രതിഫലം കൂടുതൽ. ബാബു ആന്റണിക്ക് 10-12 ലക്ഷം രൂപ ലഭിക്കുമ്പോൾ ജയറാമിന് 5-7 ലക്ഷം രൂപയായിരുന്നത്രേ അന്ന് കിട്ടിയത്. ശോഭന, ജഗതി, പ്രിയാ രാമൻ എന്നിവർക്ക് 2 ലക്ഷം രൂപ. നരേന്ദ്ര പ്രസാദിന് 1.5 ലക്ഷം രൂപയും, തിലകൻ, ഉർവശി, രാജൻ പി. ദേവ്, കവിയൂർ പൊന്നമ്മ, ജഗദീഷ്, ചിപ്പി, സിദ്ധിഖ് സ്മിത, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങൾക്ക് 1 ലക്ഷം രൂപ വീതവുമായിരുന്നത്രേ പ്രതിഫലം.












Click it and Unblock the Notifications