മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത
വയനാട് ടൌണ്‍ഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി പറഞ്ഞ വാക്കുകൾ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. തൻ്റെ കൂടെ നടന്ന റഫീഖിനെ പരസ്യമായി ശാസിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമൻ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. താരത്തിൻ്റെ കുറിപ്പ് വായിക്കാം
'വയനാടിന്റെ വേദനകളിൽ സാന്ത്വനമായി എത്തിയ മമ്മൂക്കയും, അദ്ദേഹത്തോടൊപ്പം സജീവമായി രംഗത്തുള്ള സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും തമ്മിലുള്ള ആ ചെറിയ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണല്ലോ. "നിങ്ങളെന്തിനാണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത്?" എന്ന മമ്മൂക്കയുടെ ചോദ്യം പലരും പല രീതിയിൽ വ്യാഖ്യാനിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ ഇത് കേട്ട പാതി കേൾക്കാത്ത പാതി വടിയും എടുത്തു ഇറങ്ങി കഴിഞ്ഞു ആരെ തല്ലണം എന്ന് അറിയാതെ പലരും പരസ്പരം തല്ലു തുടങ്ങിയിട്ടുണ്ട്.

കെ. റഫീഖിനെപ്പോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം, തന്റെ ജില്ലയിലേക്ക് എത്തുന്ന വിശിഷ്ട അതിഥികൾക്ക് വഴികാട്ടുക എന്നതും അവർക്ക് ആവശ്യമായ വിവരങ്ങൾ നൽകുക എന്നതും കടമയാണ്. ആ ഉത്തരവാദിത്തം അദ്ദേഹം കൃത്യമായി നിർവ്വഹിക്കുകയായിരുന്നു അവിടെ.
തനിക്ക് തോന്നുന്ന കാര്യങ്ങൾ യാതൊരു മടിയും കൂടാതെ മുഖത്തുനോക്കി ചോദിക്കുന്ന മമ്മൂക്കയുടെ രീതി നമുക്കെല്ലാം പരിചിതമാണ്. ആ ഗൗരവത്തിന് പിന്നിൽ പലപ്പോഴും സ്നേഹവും സ്വാതന്ത്ര്യവുമുണ്ടാകും. തന്റെ കൂടെയുള്ളവർ അനുഭവിക്കുന്ന പ്രോട്ടോക്കോൾ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ അദ്ദേഹം തമാശരൂപേണ ചോദിച്ചതാകാം ഇത്.
ഇനിയിപ്പോൾ കുറച്ചു തമാശ പൂർവ്വം ചിന്തിക്കുക ആണെങ്കിൽ മമ്മൂക്കയുടെ ഉള്ളിൽ അപ്പോൾ 'ഭീഷ്മ പർവ്വ'ത്തിലെ മൈക്കിളപ്പനാണോ അതോ 'സി.ബി.ഐ'യിലെ സേതുരാമയ്യരാണോ എന്ന് ആർക്കറിയാം? റഫീഖ് , ആതിഥേയ മര്യാദ കാണിച്ചതാണോ അതോ അറിയാതെ ഫ്രെയിമിൽ കയറിയതാണോ എന്ന് പുള്ളിക്ക് മാത്രമേ അറിയൂ.
വയനാട് നേരിട്ട വലിയൊരു ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. അവിടെ ആൾക്കൂട്ടം നിയന്ത്രിക്കാനും കാര്യങ്ങൾ വേഗത്തിലാക്കാനും നേതാക്കളുടെ സാന്നിധ്യം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇതൊരു 'മൈലേജ്' രാഷ്ട്രീയമായി കാണേണ്ടതില്ല.
അവർക്കിടയിലുള്ള പരസ്പര ബഹുമാനവും ആ സാഹചര്യത്തിന്റെ തീവ്രതയും. പ്രിയപ്പെട്ട നടന്റെ സ്വതസിദ്ധമായ ശൈലിയും, കർമ്മനിരതനായ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ജാഗ്രതയും കൂടിച്ചേർന്ന ഒരു നിമിഷം മാത്രമായിരുന്നു അത്.
ഇതിനെ വിവാദമാക്കുന്നതിനേക്കാൾ, വയനാടിന്റെ പുനർനിർമ്മാണത്തിന് ഇവർ നൽകുന്ന പിന്തുണയെയാണ് നാം ചർച്ച ചെയ്യേണ്ടത്.ഏതായാലും വയനാടിനെ സ്നേഹിക്കാൻ ഇറങ്ങിത്തിരിച്ച നടനെയും, അതിന് കൂടെ നിന്ന നേതാവിനെയും നമുക്ക് ബഹുമാനിക്കാം. ആ ചോദ്യത്തെ വെറും ഒരു "വയനാടൻ തമാശ"യായി മാത്രം കാണുന്നതാണ് ബുദ്ധി.












Click it and Unblock the Notifications