'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്
മമ്മൂട്ടി അൽപം ദേഷ്യക്കാരനാണെന്ന് സിനിമയിലുള്ള പലരും പങ്കുവെച്ചിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്നതിനാൽ അദ്ദേഹവുമായി ഇടപെടാൻ ഭയമാണെന്നടക്കം ചിലർ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കാർക്കശ്യം നിറഞ്ഞ രീതി അടുത്തിടെ വയനാട് വെച്ചും ഉണ്ടായി. വയനാട് ടൌണ്‍ഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അദ്ദേഹം ഇടപെട്ട രീതി വലിയ രീതിയിൽ വിവാദമാകുകയും ചെയ്തു. അദ്ദേഹത്തെ അനുഗമിച്ച ജില്ലാ സെക്രട്ടറി കെ റസാഖിനോട് തൻ്റെ കൂടെ നടക്കരുതെന്ന് അദ്ദേഹം കടുപ്പിച്ച് പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ പെരുമാറ്റത്തിൻ്റെ പേരിൽ താരത്തിന് അന്ന് കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.
എന്തായാലും തൻ്റെ ദേഷ്യത്തെ കുറിച്ച് മമ്മൂട്ടി മുൻപ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. കൈരളി ചാനലിനോടായിരുന്നു താരത്തിൻ്റെ പ്രതികരണം. 'പെട്ടെന്ന് ദേഷ്യം ഒന്നും വരില്ല. ദേഷ്യപ്പെടുത്തിയാൽ ആർക്കാണ് ദേഷ്യം വരാത്തത്. സിംഹവും പാമ്പും അങ്ങനെയുള്ള വന്യമൃഗങ്ങളൊക്കെ നമ്മൾ വെറുതെ പോകുമ്പോൾ നമ്മളെ കടിച്ചു തിന്നില്ലല്ലോ. അതിനെ ഉപദ്രവിച്ചാലേ അത് ഉപദ്രവിക്കുള്ളൂ. അതുപോലെ നമ്മളെ ദേഷ്യപ്പെടുത്താൻ വേണ്ടി മനപ്പൂർവം ഇറങ്ങി തിരിച്ചാൽ ദേഷ്യം വരും. ആർക്കാണ് ദേഷ്യം വരാത്തത്. മനുഷ്യരാണ്, ദേഷ്യം വരൂല്ലേ, ഉറപ്പായും ദേഷ്യം വരും. പിന്നെ എന്താ എനിക്ക് ദേഷ്യം വന്നാൽ. പെട്ടെന്ന് വരുന്നു എന്നുള്ളതാണ്, ദേഷ്യം വന്നാലും അതങ്ങ് വേഗം പോവുകയും ചെയ്യും', എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ജീവിതത്തിൽ ആരാണ് താങ്കളുടെ റോൾ മോഡൽ എന്ന ചോദ്യത്തിന് അങ്ങനെ റോൾ മോഡൽ ഇല്ലെന്നായിരുന്നു താരം നൽകിയ മറുപടി. ' ടു ബി ഫ്രാങ്ക്, എനിക്ക് അങ്ങനെയൊരാൾ ഇല്ല, കാരണം അങ്ങനെ ആരെയെങ്കിലും വെച്ചിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആവില്ലായിരുന്നു .ഞാൻ ഈ ചെറിയ ടാർഗറ്റ് ഒന്നും വെച്ചിട്ടല്ല വന്നത്. എനിക്ക് മിനിമം മെർലിൻ ബ്രാൻഡോ ആകണമെന്ന് ആഗ്രഹിച്ച് മമ്മൂട്ടി ആയ ആളാണ്. ഏതു തൊഴിൽ ആയാലും ചെറിയ ആഗ്രഹങ്ങൾ അല്ല വേണ്ടത് നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ പരിശ്രമങ്ങളും വലിയ ടാർഗറ്റ് വെച്ച് പോയാലേ നമുക്ക് അറ്റ്ലീസ്റ്റ് ചെറുതെങ്കിലും നേടാൻ പറ്റു'താരം പറഞ്ഞു.
സിനിമയിലെ സൌഹൃദത്തെ കുറിച്ചും താരം പങ്കുവെച്ചു. 'കോളേജിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് ഇപ്പോഴും എന്റെ സുഹൃത്തുക്കൾ. സിനിമയിലും നല്ല സൗഹൃദങ്ങൾ
ഉണ്ട്. സിനിമയിലെ സൗഹൃദങ്ങൾ സിനിമയിൽ വന്നതിനു ശേഷമുള്ള ഫ്രണ്ട്സ് ആണ് .സിനിമയിൽ ഈ സൗഹൃദങ്ങൾ നമ്മൾ പരസ്പര പൂരകങ്ങളാണ് . സിനിമയിൽ അല്ലാത്ത സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം എൻ്റെ സ്റ്റാറ്റസ് പഴേത് തന്നെയാണ്. അതായത് അവരുടെ ജോലി പോലെ സിനിമ അഭിനയം എന്നത് എൻ്റെ ജോലിയായി മാത്രമേ അവർ കാണുന്നുള്ളൂ.
സിനിമയിലെ സുഹൃത്തുക്കളെ സംബന്ധിച്ചെടുത്തോളം സിനിമ വിഷയമാണ്. ഏറ്റക്കുറച്ചിലും വലിപ്പ വ്യത്യാസങ്ങളും മാറ്റങ്ങളും ഗതിവിഗതികളും അപ് അപ്സ് ആൻഡ് ഡൗൺസുമൊക്കെ ചിലപ്പോൾ നമ്മുടെ സൌഹൃദത്തെ ബാധിച്ചെന്നിരിക്കും. പക്ഷേ അങ്ങനെ അല്ലാത്ത സുഹൃത്തുക്കളും സിനിമയിൽ ഉണ്ട് കേട്ടോ', നടൻ പറഞ്ഞു.












Click it and Unblock the Notifications