മമ്മൂട്ടി 35 കോടി രൂപ പ്രതിഫലം നിരസിച്ചു; അത്രയൊന്നും വേണ്ടെന്ന് താരം, ധനുഷിന് 45 കോടി
ധനുഷും മമ്മൂട്ടിയും 13 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡി55. സായ് പല്ലവി, ശ്രീലീല തുടങ്ങിയവരും ചിത്രത്തിലുണ്ട്. എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ എന്താണ് കാത്തുവച്ചത് എന്നാണ് ഇനി അറിയേണ്ടത്. തമിഴില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷത്തില്‍ തിളങ്ങിയ താരം കൂടിയാണ് മമ്മൂട്ടി.
അമരന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി തന്നെയാണ് ധനുഷ് നായകനാകുന്ന ചിത്രം ഒരുക്കുന്നത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ് ആണ് നിര്‍മാണം. ധനുഷ്-സായ് പല്ലവി കൂട്ടുകെട്ട് മാരി 2വിന് ശേഷം വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്നതും പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഘടകമാണ്. എന്നാല്‍ ഇപ്പോള്‍ താരങ്ങളുടെ പ്രതിഫല വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്.

വന്‍ താരനിര ഒന്നിക്കുന്ന സിനിമ ആയതുകൊണ്ടുതന്നെ തമിഴിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാകുമിത്. താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ധനുഷ് തന്നെയാണത്രെ. 45 കോടി രൂപയാണ് ധനുഷിന്റെ പ്രതിഫലം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമ ഹിറ്റായാല്‍ ധനുഷിന്റെ താരമൂല്യം വീണ്ടും ഉയരുമെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.
സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. 12 കോടിയാണ് അവരുടെ പ്രതിഫലമത്രെ. നടിമാരില്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവര്‍ വളരെ കുറവാണ്. ശ്രീലീലയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ഇവര്‍ ഏതാനും ചില രംഗങ്ങളില്‍ മാത്രമേ സിനിമയില്‍ ഉണ്ടാകൂ എന്നും പറയപ്പെടുന്നു. കുറച്ച് രംഗങ്ങള്‍ക്ക് വേണ്ടി മാത്രമായി ഇത്രയും പ്രതിഫലം വാങ്ങുന്നതും ചര്‍ച്ചയായിട്ടുണ്ട്.
സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയുടെ പ്രതിഫലം 15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമരന്‍ എന്ന ചിത്രത്തിന് ആറ് കോടിയായിരുന്നു പ്രതിഫലം. സിനിമ ഹിറ്റായതോടെ പിന്നീട് 4 കോടി രൂപ കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അമരന്‍ ആണ് രാജ്കുമാറിന്റെ മൂല്യം ഇരട്ടിയാക്കിയത്. സായ് അഭ്യങ്കര്‍ ആണ് സംഗീതം. മൂന്ന് കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം എന്നും വാര്‍ത്തകളുണ്ട്.
മമ്മൂട്ടിയുടെ നിലപാടിന് അഭിനന്ദന പ്രവാഹം
ഏറ്റവും ചര്‍ച്ചയായത് മമ്മൂട്ടിയുടെ പ്രതിഫലം സംബന്ധിച്ചാണ്. രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളില്‍ മുന്‍നിരയിലാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മികച്ച പ്രതിഫലം നല്‍കണം എന്ന് ധനുഷ് കരുതിയിരുന്നുവത്രെ. 35 കോടി രൂപ നല്‍കാമെന്ന് ധാരണയാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടി ഇക്കാര്യം നിരസിച്ചു എന്നാണ് വാര്‍ത്തകള്‍.
ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സിനിമയില്‍ വളരെ നിര്‍ണായകമായ വേഷമാണ് മമ്മൂട്ടിക്കുള്ളത്. 2018ല്‍ പുറത്തിറങ്ങിയ പെരന്‍പ് ആണ് ഇതിന് മുമ്പുള്ള മമ്മൂട്ടിയുടെ തമിഴ് ചിത്രം. ധനുഷും മമ്മൂട്ടിയും ഇതിന് മുമ്പ് ഒന്നിച്ച ചിത്രം കമ്മത്ത് ആന്റ് കമ്മത്ത് ആയിരുന്നു. ധനുഷ് അതിഥി വേഷത്തിലാണ് ഈ ചിത്രത്തിലെത്തിയത്.












Click it and Unblock the Notifications