കലാഭവൻ മണി ഞങ്ങളുടെ ചങ്കൂറ്റമായിരുന്നുവെന്ന് ദിലീപ്; 'മഞ്ജുവിനെ വിളിച്ചിറക്കാൻ അന്ന് അവനും കൂടെയുണ്ട്'
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് കലാഭവൻ മണിയുടേത്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്ത് വർഷം തികയുകയാണ്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് കലാഭവൻ മണി ലോകത്തോട് വിടപറഞ്ഞത്. ശരിക്കും പറഞ്ഞാൽ പറഞ്ഞാൽ കലാഭവൻ മണിയുടെ വിയോഗം മലയാളികളെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും കലാഭവൻ മണിയെ ആരും മറന്നിട്ടില്ല.
നാടൻ പാട്ടുകൾ ജനകീയമാക്കിയ മണി മിമിക്രിയിലൂടെ കലാജീവിതം ആരംഭിച്ച മണി സിനിമയിൽ എത്തിയതിന് ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമയിൽ കലാഭവൻ മണിയുടെ ഏറ്റവും അടുത്ത സൃഹുത്തുക്കളിൽ ഒരാളായിരുന്നു നടൻ ദിലീപ്. ഇരുവരും കരിയറിന്റെ തുടക്കകാലത്ത് ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും അതിൽ പലതും സൂപ്പർഹിറ്റായി മാറുകയും ചെയ്‌തിരുന്നു.

മണിയുടെ ഓർമ്മദിവസം അദ്ദേഹത്തിന് പ്രിയ സുഹൃത്ത് കൂടിയായ ദിലീപിന്റെയും സംവിധായകൻ കൂടിയായ ലാൽ ജോസിന്റെയും വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഇരുവരും താരത്തെ കുറിച്ച് മുൻപ് പലതവണ വൈകാരികമായി സംസാരിച്ചിരുന്നു. തന്റെ ചങ്കൂറ്റമായിരുന്നു മണിയെന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. ലാൽ ജോസ് ആവട്ടെ ദിലീപ്-മഞ്ജു വാര്യർ വിവാഹത്തിന് പിന്നിലെ മണിയുടെ പങ്കിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഇപ്പോൾ വീണ്ടും പങ്കുവയ്ക്കുന്നത്.
ദിലീപ് പറഞ്ഞ വാക്കുകൾ: മണി ഞങ്ങളുടെയെല്ലാം ചങ്കൂറ്റമായിരുന്നു. ആലുവ പാലസിൽ വച്ചാണ് ഞാൻ ആദ്യമായി മണിയെ കാണുന്നത്. പിന്നെ സല്ലാപത്തിൽ വച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. 2010 വരെ ഉള്ള എല്ലാ ഷോയിലും മണിയുണ്ട്. മണിയും നാദിർഷായും ഇല്ലാതെ ഞാൻ എവിടെയും പോയിട്ടില്ല. ഒരു സഹോദരബന്ധം ആയിരുന്നു മണിയുടെ ഒപ്പം. ഷോയിൽ എവിടേക്ക് എങ്കിലും പോയാലും മണി കുക്ക് ചെയ്യും. കുക്ക് ചെയ്യുന്നത് മാത്രമല്ല, അത് വായിൽ ഉരുള ഉരുട്ടി തരും.
അവന് നല്ല മനസും കൈ പുണ്യവും ഉള്ള ആളാണ്. മലയാള സിനിമ അവനെ അത്രയധികം ഉപയോഗിച്ചിട്ടില്ല. എപ്പോൾ ഷോ ചെയ്‌താലും മണിയെ ഉൾപ്പെടുത്താൻ ശ്രമിക്കും. പെട്ടെന്ന് അങ്ങ് പോയി അത് വളരെ വലിയ നഷ്‌ടം തന്നെയാണ്. വിനയേട്ടന്റെ ഒരു സിനിമയിൽ ആണെന്ന് തോനുന്നു ഞങ്ങൾ പരസ്‌പരം ചിരിച്ചു തുടങ്ങിയിട്ട് നിർത്താൻ ആകുന്നില്ല. അവസാനം പുള്ളിക്ക് ഭ്രാന്ത് ആയി.
ലാൽ ജോസിന്റെ ഓർമ്മകൾ: ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ സമയമായിരുന്നു അത്. ആ ചിത്രത്തിന് വേണ്ടി കാര്യങ്ങൾ നടക്കുന്നതിന് ഇടയിലാണ് ദിലീപ്, മഞ്ജുവിനെ പെട്ടെന്ന് തന്നെ വിവാഹം കഴിക്കണം എന്ന ഒരു അവസ്ഥയിലാണ് താൻ എത്തി നിൽക്കുന്നത് എന്ന് പറയുന്നത്. അങ്ങനെ മഞ്ജുവിനെ അവരുടെ തൃശൂരിലെ ഒരു ഗ്രാമമായ പുള്ളിലെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്ന് ദിലീപുമായുള്ള വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
പുള്ളിലെ മഞ്ജുവിന്റെ വീട്ടിൽ തലേന്ന് രാത്രി പോയി അവരെ ഇറക്കി കൊണ്ട് വന്നു. പിറ്റേന്ന് രാവിലെ, ആലുവയിൽ ഉള്ള ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ വച്ച് ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചു. അന്ന് അദ്ദേഹത്തിന്റെ കൂടെ അടുത്ത സുഹൃത്തുക്കളായ ബിജു മേനോനും, കലാഭവൻ മണിയും, ഞാനും ഒക്കെ തലേന്ന് രാത്രി നടന്ന ഓപ്പറേഷനിൽ ഉണ്ടായിരുന്നു. അതിന് ശേഷം നടന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാമല്ലോ.












Click it and Unblock the Notifications