ടോക്‌സിക് വിവാദത്തില്‍ ഗീതുവിനെ പിന്തുണച്ച് റിമയുടെ പോസ്റ്റ്, ലൈക്കടിച്ച് മഞ്ജുവും

ടോക്‌സിക് സിനിമയിലെ ടീസര്‍ സംബന്ധിച്ച വിവാദങ്ങളും സൈബര്‍ അധിക്ഷേപങ്ങളും പുകയുന്നതിനിടെ സംവിധായക ഗീതു മോഹന്‍ദാസിനെ പിന്തുണച്ച് നടിമാരായ റിമ കല്ലിങ്കലും മഞ്ജു വാര്യരും. യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് സിനിമയുടെ ടീസര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. ഒരു സ്ത്രീയോടൊപ്പമുള്ള യാഷിന്റെ ഇന്റിമേറ്റ് സീന്‍ കാണിച്ചുള്ള ടീസര്‍ ആയിരുന്നു പുറത്തിറങ്ങിയത്.

ഇത് വലിയ വിവാദമായിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ തന്നെ സ്വയം സിനിമ ചെയ്യുമ്പോള്‍ സ്ത്രീകളെ ലൈംഗിക വസ്തുവായി മാത്രം കാണുന്നു എന്നൊക്കെയായിരുന്നു വിമര്‍ശനം. സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കരും ഗീതുവിനെതിരെ രംഗത്തെത്തിയിരുന്നു. കസബയിലെ മമ്മൂട്ടി അഭിനയിച്ച രംഗം സ്ത്രീവിരുദ്ധമാണ് എന്ന് പറഞ്ഞ ഗീതു സ്വന്തം സിനിമയിലെ രംഗത്തെ എന്ത് വിളിക്കും എന്നായിരുന്നു നിതിന്റെ ചോദ്യം.

Geethu Mohandas

എന്നാല്‍ ടോക്‌സിക് സിനിമയിലെ രംഗം എങ്ങനെയാണ് സ്ത്രീവിരുദ്ധമാകുന്നത് എന്നാണ് മറുപക്ഷം ചോദിക്കുന്നത്. രണ്ട് പേര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എങ്ങനെയാണ് സ്ത്രീവിരുദ്ധമാകുന്നത് എന്നും അതും കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീ കഥാപാത്രത്തോട് മോശമായി പെരുമാറുന്നത് ഗ്ലോറിഫൈ ചെയ്ത് കാണിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് എന്നും ഇവര്‍ വാദിക്കുന്നു.

ഏതായാലും ഗീതുവിന്റെ സിനിമയിലെ രംഗത്തെ ചൊല്ലി റിമ കല്ലിങ്കലിന്റേയും പാര്‍വതി തിരുവോത്തിന്റേയും എല്ലാം പോസ്റ്റുകള്‍ക്ക് താഴെ വലിയ സൈബര്‍ അധിക്ഷേപമാണ് നടക്കുന്നത്. ഇതിനിടെയാണ് റിമ കല്ലിങ്കലും മഞ്ജു വാര്യരും ഗീതുവിന് പിന്തുണയുമായി രംഗത്തെത്തിയത്. 'സ്ത്രീകളുടെ ആനന്ദം, സമ്മതം, തുടങ്ങിയവയെക്കുറിച്ച് ആളുകള്‍ മനസ്സിലാക്കുമ്പോള്‍ ഉള്ളില്‍ കുളിര്‍ക്കുന്നു,' എന്നാണ് റിമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഗീതു മോഹന്‍ദാസിനെ ടാഗ് ചെയ്താണ് റിമയുടെ പോസ്റ്റ്. ഈ പോസ്റ്റിന് മഞ്ജു വാര്യര്‍, സയനോര ഫിലിപ്പ് എന്നിവര്‍ ലൈക്കടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞ് ഗീതുവും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നേരത്തെ ടോക്‌സിക് വിഷയത്തില്‍ റിമ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. 'ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും...' എന്ന തലക്കെട്ടോടെ ഒരു സിനിമാ പേജില്‍ വന്ന കുറിപ്പ് പങ്ക് വെച്ചുകൊണ്ടാണ് റിമ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

ലൈംഗികതയെയും സ്ത്രീശരീരത്തെയും മലയാളി നോക്കിക്കാണുന്ന രീതിയിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കുറിപ്പായിരുന്നു ഇത്. റിമയെ കൂടാതെ ദിവ്യപ്രഭ, അതുല്യ ചന്ദ്ര എന്നിവരും ഈ കുറിപ്പ് പങ്ക് വെച്ചിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു.

ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും

ഡീയസ് ഈറെ പുറത്തിറങ്ങിയതിന് ശേഷം, ട്രോള്‍ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉള്‍പ്പെടെ എത്രത്തോളം ആളുകളാണ് അതുല്യ ചന്ദ്രയെ വെറുമൊരു 'സെഡക്റ്റീവ് ഒബ്ജക്റ്റ്' (ഭോഗവസ്തു) ആയി തരംതാഴ്ത്തിയത് എന്ന് കാണുന്നത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകള്‍ ഞെട്ടിപ്പിച്ചത് അവയുടെ ബോള്‍ഡ്നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ മനോഭാവത്തെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്.

ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാല്‍, ഈ ചര്‍ച്ചകളിലെല്ലാം പ്രണവ് മോഹന്‍ലാല്‍ എന്ന നടന്‍ പൂര്‍ണമായും അദൃശ്യനായിരുന്നു എന്നതാണ്. ആ ഇന്റിമേറ്റ് സീന്‍ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. 'ഡീയസ് ഈറെ'യായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പൊലീസ് ബാഡ്ജുകള്‍ വീണ്ടും പുറത്തെടുക്കാന്‍ പ്രചോദനം ആയത്. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

ലൈംഗികത എന്നതിനെ നാം എന്തുകൊണ്ടാണ് സഹജമായി സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്ന് ഇത് ചിന്തിപ്പിക്കുന്നു; ലൈംഗികതയുടെ മുഴുവന്‍ സദാചാര ഭാരവും സ്ത്രീ മാത്രം ചുമക്കേണ്ട ഒന്നാണോ? ലൈംഗികതയെക്കുറിച്ചാണെങ്കില്‍ ഉടനെ നമ്മുടെ നോട്ടം സ്ത്രീയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഇപ്പോള്‍, 'ടോക്‌സിക്' ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള വികാരാധീനമായ ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം.

പരസ്പര താല്‍പ്പര്യത്തില്‍ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് 'വൃത്തികെട്ടത്' ആകുന്നത്? ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളില്‍ കാണിക്കുന്നത് ഉടന്‍ തന്നെ വസ്തുവല്‍ക്കരണമായും, അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകള്‍ക്ക് എതിരായ ഒന്നാണെന്ന മട്ടിലാണ് കാര്യങ്ങള്‍. കൂടുതല്‍ പുരോഗമനവാദികളെന്ന് നാം കരുതിയ യുവതലമുറ പോലും ലൈംഗികതയെ അധാര്‍മ്മികമായും സ്ത്രീകള്‍ക്ക് ദോഷകരമായും ഇപ്പോഴും കാണുന്നു.

ഒരു സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ, അവളുടെ ഭാവങ്ങളോ ശബ്ദങ്ങളോ ഒക്കെ ഇവിടെ ഇപ്പോഴും അഴുക്കായാണ് കാണപ്പെടുന്നത്. നമുക്ക് 'മായാനദി'യും '4 ഇയേഴ്‌സും' ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാര്‍മികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. കാഴ്ചക്കാരന് കുറഞ്ഞത് ഒരു പക്വതയെങ്കിലും ഉണ്ടെങ്കില്‍, ഇതിലെ ചര്‍ച്ച നഗ്‌നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാന്‍ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെ കുറിച്ചാണെന്ന് തിരിച്ചറിയും.

അതിനാല്‍, ഏതാണ് അടിച്ചേല്‍പ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും ആ നോട്ടത്തിലെ വ്യത്യാസം തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, പ്രശ്‌നം നിങ്ങളുടെ സദാചാരബോധത്തിനാണ്. ഈ വ്യത്യാസം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളില്‍ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ മാത്രം വിചാരണ ചെയ്യുകയും യഥാര്‍ത്ഥ വസ്തുത കാണാതെ പോവുകയും ചെയ്യും.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+