'മഞ്ജു വാരിയരെ കാണാതായി', അമ്പരപ്പിച്ച് പത്രവാർത്ത, സംഭവം ദിലീപിനൊപ്പമുളള 'സല്ലാപം' ഷൂട്ടിംഗിനിടെ
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായി കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിന്റെ ആദ്യ പ്രതികരണം കേരളത്തെ ഞെട്ടിച്ചതാണ്. ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ പേരെടുത്ത് പറഞ്ഞായിരുന്നു ദിലീപ് പ്രതികരിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന മഞ്ജുവിന്റെ വാക്കുകളാണ് കേസ് തന്നിലേക്ക് തിരിയാൻ കാരണമെന്നാണ് ദിലീപ് പറഞ്ഞത്.
വിവാഹ മോചിതരായതിന് ശേഷമോ ഈ കേസ് നടക്കുന്ന കാലയളവിലോ രണ്ട് പേരും പരസ്പരം കടന്നാക്രമിച്ചിട്ടില്ല. ഇത് തെറ്റിച്ച് കൊണ്ടായിരുന്നു ദിലീപ് അന്ന് തുറന്നടിച്ചത്. ഇതോടെ ദിലീപ് ആരാധകർ കടന്നൽ കൂട്ടിൽ കല്ലിട്ടത് പോലെ പടയോടെ ഇളകി.
മഞ്ജു വാര്യരെ പല തരത്തിൽ വ്യക്തിഹത്യ നടത്തിക്കൊണ്ടുളള പോസ്റ്റുകളും കമന്റുകളും വീഡിയോകളും വരെ സോഷ്യൽ മീഡിയയിൽ ഇറങ്ങി. ദിലീപമായുളള വിവാഹ മോചനത്തിന് മഞ്ജുവാണ് കാരണം എന്ന തരത്തിലും മഞ്ജുവാണ് തെറ്റുകാരി എന്ന തരത്തിലും ഇവിടെ ദിലീപാണ് ഇര എന്ന തരത്തിലും പല വിധത്തിലുളള വ്യാഖ്യാനങ്ങൾ ഇറങ്ങി. മീനാക്ഷി അച്ഛനൊപ്പമാണ് എന്നുളളതും മഞ്ജുവിനെ കരിവാരി തേക്കാനുളള വാദമായി ഉപയോഗിക്കപ്പെട്ടു.

അതിനിടെ ചില സോഷ്യൽ മീഡിയ പേജുകളിൽ ഒരു പഴയ പത്രക്കട്ടിംഗും ദിലീപ് അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരുടെ വളരെ പഴയ ഫോട്ടോ കൂടി ഉൾപ്പെടുത്തിയിട്ടുളള പത്രവാർത്തയിൽ പറയുന്നത് മഞ്ജുവിനെ കാണാനില്ല എന്നതാണ്. ദിലീപിനൊപ്പം മഞ്ജു ആദ്യമായി അഭിനയിച്ച സല്ലാപം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം എന്നും വാർത്തയിൽ പറയുന്നു.
മഞ്ജുവിന്റെ അമ്മ ഗിരിജയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും സിനിമാ രംഗത്തുളള ആരെങ്കിലും തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നതായും വാർത്തയിൽ പറയുന്നുണ്ട്. മഞ്ജു വാരിയരെ കാണാതായി എന്ന തലക്കെട്ടിലാണ് പത്രപ്പരസ്യം. ഇത് യഥാർത്ഥത്തിലുളളതാണോ വ്യാജമാണോ എന്നതിൽ വ്യക്തതയില്ല. വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ:
കണ്ണൂർ: മുൻ കലാതിലകവും സിനിമാനടിയുമായ മഞ്ജു വാരിയരെ കാണാതായി. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ പതിനൊന്നാം സ്റ്റാൻഡാർഡ് വിദ്യാർഥിനിയായ മഞ്ജു മിനിഞ്ഞാന്നു സ്കൂൾ വിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണു മാതാവ് എടച്ചൊവയിലെ ഗിരിജാ മാധവന്റെ പരാതി. ടൗൺ സർക്കിൾ ഇൻസ്പെക്ടർ ജോർജ് വർഗീസ്, ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.
സിനിമാരംഗവുമായി ബന്ധപ്പെട്ട ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോയതായിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. ആ വഴിയ്ക്കാണ് അന്വേഷണം. 'സല്ലാപം' എന്ന സിനിമയിൽ മാനാജ് കെ. ജയന്റെ നായികയായി അഭിനയിച്ചുവരുകയായിരുന്നു. മഞ്ജു വാരിയർ സാക്ഷ്യം എന്ന സിനിമയിലും ചെറിയ ഭാഗം അഭിനയിച്ചിരുന്നു. 1938 തൃശൂരിലും 95-ൽ കണ്ണൂരിലും നടന്ന സംസ്ഥാന യുവജനോൽസവങ്ങളിലാണ് മഞ്ജു കലാതിലകമായത്''.












Click it and Unblock the Notifications