'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ
പ്രായം കൊണ്ട് മാത്രമല്ല തൻ്റെ കാഴ്ചപ്പാടിലൂടെയും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ ജീവിതത്തിൽ എങ്ങനെയാണ് പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നത് എന്നതിനെ കുറിച്ചും സന്തോഷത്തോടെ ജീവിക്കുന്നത് എന്നതിനെ കുറിച്ചും പ്രതികരിക്കുകയാണ് താരം. സ്റ്റേ ട്യൂണ്‍ഡ് വിത്ത് രമ്യ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം. മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്
'പ്രായമാകുന്നതിനെ കുറിച്ചൊന്നും ഞാൻ ആകുലതപ്പെടാറേ ഇല്ല. നിങ്ങൾ എത്രമാത്രം സന്തോഷത്തോടെ ഇരിക്കുന്നു എന്നതാണ് പ്രധാനം. ഒട്ടും പ്രായം തോന്നുന്നില്ലല്ലോ എന്ന് പറയുന്നതിനെക്കാൾ നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നല്ലോ എന്ന് പറയുന്നത് കേൾക്കുമ്പോളാണ് വലിയ സന്തോഷം. ഇപ്പോൾ സമാധാനത്തോടെയാണ് ജീവിച്ചിക്കുന്നത്.

പരാജയപ്പെടുമ്പോൾ സ്വാഭാവികമായും നിരാശ തോന്നും.100 ശതമാനം കൊടുത്താണ് എല്ലാം ചെയ്യാറുള്ളത്. മനുഷ്യനാണല്ലോ. പരാജയങ്ങളിൽ നിന്ന് പഠിക്കാറുണ്ട്. വീണിടത്ത് നിന്ന് എഴുന്നേൽക്കണമല്ലോ. പരാജയപ്പെടുമ്പോഴും വിജയിക്കുമ്പോഴും അതിനെ കുറിച്ച് കൂടുതൽ ആലോചിക്കാറില്ല.
ജീവിതത്തിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. എല്ലാവരും വ്യത്യസ്തരായ സ്വഭാവക്കാരാണ്. ഈ സൌഹൃദങ്ങളെല്ലാം തന്നെ വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. സൌഹൃദത്തിൽ ലിംഗ വ്യത്യാസം വെക്കാറില്ല. നല്ല സൌഹൃദങ്ങളെന്നത് എപ്പോഴും ഭാഗ്യമാണ്. അത് നിങ്ങളിൽ സ്വാഭാവികമായി മാറ്റങ്ങൾ ഉണ്ടാക്കും.
വെറുതെ ഇരിക്കുമ്പോൾ ഓവർതിങ്ക് ചെയ്യുന്ന ഒരാളാണ്. ചിലപ്പോൾ ചിന്തിച്ച് പോയി തിരിച്ചുവരും. ചിലപ്പോൾ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കും. ഇതൊന്നും പക്ഷെ ബോധപൂർവ്വം ചെയ്യുന്നതല്ല.ഫോണൊക്കെ നോക്കി സമയം കളയും. ചില സമയത്ത് അതും ചെയ്യാറില്ല. ഫോണ്‍ അഡിക്ടൊന്നുമല്ല. ഫോണ്‍ നോക്കരുത് എന്ന് സ്വയം നിയന്ത്രിക്കാറില്ല. നമ്മൾ പറഞ്ഞത് കൊണ്ട് ഒരാൾ മാറില്ല. സ്വയം തോന്നിയിട്ടാണ് എല്ലാവരും മാറുന്നത്. എത്ര പ്രചോദനം കൊടുത്താലും ഒരാൾ പൂർണമായി മാറില്ല. നിങ്ങളുടെ അനുഭവങ്ങളൊക്കെയാണ് നിങ്ങളെ മാറ്റുന്നത്.
ഒരു പ്രശ്നം നടക്കുമ്പോൾ അതിനെ ദൂരെ നിന്ന് നോക്കി കാണുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല. ഇതൊന്നും ബോധപൂർവ്വം ചെയ്യുന്നതല്ല. ഇത് ശരിയാണോയെന്നും എനിക്ക് അറിയില്ല. അങ്ങനെ സംഭവിച്ചു.
ഒരാളോട് നോ പറയുമ്പോൾ അതൊരിക്കലും ക്രൂരമായിട്ടാകണമെന്നില്ല. നോ പറഞ്ഞതിൻ്റെ പേരിൽ ഒരിക്കലും എനിക്ക് സൌഹൃദങ്ങളോ ബന്ധങ്ങളോ നഷ്ടമായിട്ടില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഞാൻ തള്ളിക്കളയാറില്ല. എന്നെ സംബന്ധിച്ച് അമിതമായി ചിന്തിക്കുകയെന്നതൊക്കെ മടിയുള്ള കാര്യമാണ്. മടി കൊണ്ടാണ് ഒരുപാട് ഓവർ തിങ്ക് ചെയ്ത് കൂട്ടാത്തത്.
ജീവിതത്തിൽ മുന്നോട്ട് എന്ത് എന്ന് ചിന്തിക്കുന്നവരോട് പറയാനുള്ളത് നിങ്ങളുടെ ഉള്ളിലൊരു ശക്തിയുണ്ട്.അത് നിങ്ങൾ കണ്ടെത്തണം. അത് നിങ്ങൾക്ക് മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളൂ. ജീവിക്കുകയും ജീവിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യുകയെന്നത് തന്നെയാണ് പ്രധാനം. നമ്മൾ മറ്റുള്ളവരുടെ ജീവിതത്തെ ബഹുമാനിക്കാൻ പഠിക്കണം', താരം പറഞ്ഞു.












Click it and Unblock the Notifications