മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം
മലയാള സിനിമയിൽ ഒരു കാലത്ത് വലിയ ഓളം സൃഷ്ടിച്ച താരജോഡിയായിരുന്നു മഞ്ജു വാര്യരും ദിലീപും. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ഈ കോമ്പോ പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കുന്നത്. സിനിമയിലെ നായികയെ വൈകാതെ തന്നെ ദിലീപ് ജീവിതത്തിലും നായികയാക്കി. 1998ൽ ആയിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. സിനിമയിൽ മഞ്ജു കത്തിനിൽക്കുന്ന സമയത്തായിരുന്നു വിവാഹം നടന്നത്. മഞ്ജുവിൻ്റെ വീട്ടുകാരുടെ പിന്തുണയില്ലാതെയായിരുന്നു ചടങ്ങുകളൊക്കെ.
ദിലീപിനെ വിവാഹം കഴിച്ചതോടെ സിനിമ മഞ്ജു പാടെ ഉപേക്ഷിച്ചു. വെറുമൊരു വീട്ടമ്മയായി ജീവിതം കഴിച്ചുകൂട്ടി. ദിലീപ് മലയാള സിനിമയിൽ തൻ്റെ കിരീടം ഉറപ്പിക്കുമ്പോൾ പൊതു ഇടങ്ങളിൽ നിന്ന് പോലും മഞ്ജു അപ്രത്യക്ഷയായി. ഇതിനിടയിൽ ഇരുവർക്കും മീനാക്ഷിയെന്ന മകൾ പിറന്നു. മകളുടെ കാര്യവും കുടുംബ കാര്യങ്ങളും നോക്കി മഞ്ജു തിരക്കിലാണ് എന്നാണ് അക്കാലത്ത് അഭിമുഖങ്ങളിലെല്ലാം ദിലീപ് പറഞ്ഞത്.

എന്നാൽ 2015ൽ മഞ്ജു-ദിലീപ് ബന്ധത്തിൽ വിള്ളൽ വീണു. വിവാഹം പോലെ തന്നെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിവാഹമോചനവും നടന്നു. മഞ്ജുവുമായി വേർപിരിഞ്ഞ ദിലീപ് പിന്നീട് കാവ്യയെ വിവാഹം കഴിച്ചു. മഞ്ജുവാകട്ടെ സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തി. ബന്ധം വേർപിരിഞ്ഞതിന് ശേഷം ഒരിക്കൽ പോലും മഞ്ജുവിനേയും ദിലീപിനേയും ഒരേ വേദിയിൽ പ്രേക്ഷകർ കണ്ടിട്ടില്ല. എന്തിന് സ്വന്തം സോഷ്യൽ മീഡിയ പേജിൽ മകൾ മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ പോലും മഞ്ജു പങ്കുവെയ്ക്കാറില്ല.
ഇപ്പോഴിതാ ആദ്യമായി മഞ്ജു ദിലീപിൻ്റെ ഒരു ചിത്രം തൻ്റെ ഇൻസ്റ്റയിൽ പങ്കിട്ടിരിക്കുകയാണ്. ദിലീപും മഞ്ജുവും നായികാനായകൻമാരായി എത്തിയ സല്ലാപം എന്ന ചിത്രത്തിൻ്റെ പോസ്റ്ററാണ് മഞ്ജു സ്റ്റോറിയാക്കിയത്. റിലീസായി മുപ്പതാം വർഷമായിരുന്നു ഇന്നലെ. ഇത് സംബന്ധിച്ച് സിനിമയിലെ മറ്റൊരു പ്രധാനതാരമായിരുന്ന മനോജ് കെ ജയൻ പങ്കുവെച്ച പോസ്റ്ററാണ് മഞ്ജു പങ്കിട്ടത്. വേർപിരിഞ്ഞെങ്കിലും ദിലീപിൻ്റെ പഴയ സിനിമകൾ താൻ കാണാറും ആസ്വദിക്കാറുമുണ്ടെന്ന് മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ദിലീപിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി പറയാൻ താരം തയ്യാറായിരുന്നില്ല.
സല്ലാപത്തെ കുറിച്ച് കുറിപ്പുമായി സിദ്ധു പനക്കൽ
ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കണ്‍ട്രോളർ ആയിരുന്ന സിദ്ധു പനക്കലും 'സല്ലാപത്തെ' കുറിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ
' "സല്ലാപം റിലീസായി മുപ്പതാം വർഷമാണ് ഇന്ന്. കൃപ ഫിലിംസിന്റെ ബാനറിൽ കിരീടം ഉണ്ണിയേട്ടൻ നിർമ്മിച്ച് ലോഹിതദാസ് സാർ തിരക്കഥ എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സിനിമയാണ് സല്ലാപം. സിബി മലയിൽ സാറിന്റെ സഹസംവിധായകനായിരുന്ന സുന്ദർദാസിന്റെ ആദ്യത്തെ സിനിമയാണിത്. 30 വർഷം മുമ്പത്തെ വിഷുക്കാലം. അന്നത്തെ വലിയ ഹിറ്റായിരുന്നു ഈ സിനിമ. കുറച്ചു താരോദയങ്ങൾക്കും സാക്ഷ്യം വഹിച്ച സിനിമയാണ് സല്ലാപം. മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയവരുടെ ഉദയങ്ങൾക്കും ദിലീപിന്റെ സിനിമ കരിയർ വഴിതിരിച്ചു വിട്ടതിനും സല്ലാപത്തിന് മുഖ്യപങ്കുണ്ട്. ദിലീപും മനോജ് കെ ജയനും നായകന്മാരായി അഭിനയിച്ച ഈ സിനിമയെപ്പറ്റി ഞാൻ മുൻപ് എഴുതിയിട്ടുള്ളതാണ്. അതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.
ഇന്ന് ഡയറക്ടർ സുന്ദർദാസ് സല്ലാപത്തിന്റെ മുപ്പതാം വർഷമാണ് ഇന്ന് എന്നൊരു മെസ്സേജ് അയച്ചിരുന്നു. ഞാൻ വീണ്ടും യൂട്യൂബിൽ സല്ലാപം എടുത്തിട്ട് കണ്ടു. അന്ന് വലിയ ഉദയങ്ങളുടെയും, നേട്ടങ്ങളുടെയും കഥയാണ് സല്ലാപത്തിന് പറയാൻ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഞാൻ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ വലിയ നഷ്ടങ്ങളുടെ കഥയാണ് സല്ലാപം പറഞ്ഞുതന്നത് .
ഈ സിനിമയുടെ തിരക്കഥാകൃത്തായ ലോഹിസര്‍, ഈ സിനിമയുടെ ക്യാമറാമാനായ രാമചന്ദ്രബാബു ചേട്ടൻ. ഈ സിനിമയ്ക്ക് വേണ്ടി മധുര മനോഹരമായ ഗാനങ്ങൾ ഒരുക്കിയ ജോൺസേട്ടൻ.
ഒരു റോക്കറ്റ് പോലെ അഭിനയരംഗത്തും സ്റ്റേജ് ഷോകളിലും ഗാനാലാപന രംഗത്തും കുതിച്ചുയർന്ന കലാഭവൻ മണി. ആരാലും അനുകരിക്കാൻ കഴിയാത്ത അഭിനയ ശൈലിയുടെ ഉടമ ഒടുവിൽ ഉണ്ണികൃഷ്ണേട്ടൻ. ഒരു പകരക്കാരനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത, ശൂന്യത സൃഷ്ടിച്ചു കടന്നുപോയ NFവർഗീസേട്ടൻ, ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി ആ തിളക്കം മലയാള സിനിമയിൽ അവശേഷിപ്പിച്ചു പോയ മാള അരവിന്ദൻ ചേട്ടൻ, തറവാടിയായ തറവാട്ടുകാരണവരുടെ വേഷവും മറ്റനേകം വേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ച ജഗന്നാഥവർമ സാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പിന്നീട് നടനുമായ വിജയൻ പെരിങ്ങോട് (വിജയേട്ടൻ ) അഭിനയത്തിൽ താൻ ആരുടെയും പിന്നിലല്ല എന്ന് തെളിയിച്ച അബൂബക്കർ(അബൂക്ക ) കോഴിക്കോട് ശാരദ ചേച്ചി.
സല്ലാപത്തിന്റെ കോസ്റ്റും ഡിസൈനർ ആയിരുന്ന മനോജ് ആലപ്പുഴ.
ഈ നഷ്ടങ്ങളൊക്കെ വീണ്ടും സ്ക്രീനിൽ മിന്നി മറഞ്ഞു.
ഈ സിനിമയുടെ കലാസംവിധായകനായിരുന്ന പ്രേമചന്ദ്രൻ ഇപ്പോൾ സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണ്. സല്ലാപത്തിൽ സുന്ദർദാസിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ബ്ലസി ഇന്ത്യ അംഗീകരിക്കുന്ന സംവിധായകനായി മാറി. ഈ സിനിമയുടെ നിർമ്മാതാവായ കൃപ ഫിലിംസിന്റെ സാരഥി ഉണ്ണിയേട്ടൻ നിർമ്മാണ രംഗത്ത് അത്ര സജീവമല്ല ഇപ്പോൾ.
റിലീസാവുന്ന സമയത്ത് വൻ വിജയങ്ങളായി തീരുന്ന സിനിമ. നേട്ടങ്ങൾ ഉണ്ടാക്കുന്ന സിനിമ. വർഷങ്ങൾക്ക് ശേഷം നമ്മൾ കാണുമ്പോൾ നഷ്ടങ്ങളുടെ കണക്കാണ് പറയുന്നത്. സാമ്പത്തികമായല്ല, കലാപരമായി മികവുറ്റ കലാകാരന്മാരുടെ നഷ്ടങ്ങൾ.
ഈ സിനിമ റിലീസ് കഴിഞ്ഞ് നാലുദിവസം കഴിഞ്ഞപ്പോൾ സുന്ദർദാസ് ഗുരുവായൂർ തൊഴാൻ വന്നു. തൊഴുതു കഴിഞ്ഞ് ഞാനും സുന്ദർദാസും കൂടി കുന്നംകുളം ഭാവന തീയേറ്ററിൽ സല്ലാപം കാണാൻ പോയി. തിയേറ്ററിൽ വലിയ തിരക്കുണ്ടായിരുന്നില്ല. പാട്ടുകൾ കൊള്ളാം എന്നൊക്കെയുള്ള അഭിപ്രായങ്ങൾ. തീയറ്ററിന്റെ മാനേജർ ഉണ്ണിയേട്ടൻ ഞങ്ങളോട് പറഞ്ഞു പേടിക്കണ്ട വിഷുവും ഓണവും ഒക്കെ ആകുമ്പോൾ അതിന്റെ രണ്ടു ദിവസവും മൂന്നുദിവസം മുൻപൊന്നും തിയേറ്ററിൽ ആളുകൾ വരില്ല. അവർ ഓണത്തിന്റെയും വിഷുവിന്റെയും ഒക്കെ ഒരുക്കങ്ങളിൽ ആയിരിക്കും. നിങ്ങൾ നോക്കിക്കൊള്ളൂ ഈ സിനിമ ഹിറ്റ് ആകും. കണ്ടവർക്കെല്ലാം നല്ല അഭിപ്രായമാണ്. ഉണ്ണിയേട്ടന്റെ ആ വാക്കുകൾ അതേപോലെ ഫലിച്ചു എന്നതാണ് സത്യം.
ആ വർഷത്തെ നവാഗത സംവിധായകനുള്ള കേരള ഗവൺമെന്റിന്റെ അവാർഡ് സുന്ദർദാസിന് സല്ലാപത്തിലൂടെ ലഭിക്കുകയുണ്ടായി.












Click it and Unblock the Notifications