7000 രൂപ വെച്ച് തുടങ്ങി, ഇപ്പോൾ കോടികളുടെ ബിസിനസ്സ്, 4000 സ്ക്വയർ ഫീറ്റിൽ കൂറ്റൻ വീട്, മീത്-മിറിയുടെ ജീവിതം
സോഷ്യല്‍ മീഡിയയില്‍ റീലുകളിലൂടെ വൈറലായി ജീവിതം സ്വപ്‌നതുല്യമായ തരത്തിലേക്ക് മാറി മറിഞ്ഞ നിരവധി പേര്‍ ഇക്കാലത്ത് നമുക്ക് ഇടയിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച പ്രശസ്തി ബിസിനസ്സിലേക്ക് കൂടി വഴി തിരിച്ച് വിട്ട് വിജയിച്ചവരാണ് മീത്-മിറി എന്ന് അറിയപ്പെടുന്ന കണ്ണൂര്‍ സ്വദേശികളായ മിഥുനും ഭാര്യ റിതുഷയും.
കോമഡി, ഡാന്‍സ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയ്ക്ക് ഇവര്‍ രണ്ട് പേരും പരിചിതരാകുന്നത്. ടിക് ടോകിലൂടെയാണ് തുടക്കം. 2018ല്‍ വിവാഹിതരായ ശേഷം ഇരുവരും ചേര്‍ന്ന് ടിക് ടോകില്‍ ചെയ്ത ഡബ്‌സ്മാഷ് വീഡിയോകള്‍ പലതും വൈറലായി. മില്യണ്‍സ് വരെ കാഴ്ചക്കാരായി.
ടിക് ടോകില്‍ ഫോളോവേഴ്‌സിന്റെ എണ്ണം ഒരു മില്യണ്‍ കടന്നതിന്റെ സന്തോഷത്തിലിരിക്കെയാണ് ഇരുട്ടടി പോലെ രാജ്യത്ത് ടിക് ടോക് നിരോധിക്കപ്പെട്ടത്. പക്ഷേ അത് കൊണ്ടൊന്നും മീത് മിറി തളര്‍ന്നില്ല. തങ്ങളുടെ കണ്ടന്റുകള്‍ക്കായി പുതിയ പ്‌ളാറ്റ്‌ഫോമുകള്‍ കണ്ടെത്തി. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഇരുവരും വീഡിയോകളുമായി സജീവമായി തുടങ്ങി.

ഡാന്‍സ് വീഡിയോകള്‍ക്കും തമാശ വീഡിയോകള്‍ക്കുമൊപ്പം തങ്ങളുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളും മീത് മിറി വീഡിയോകളാക്കി പങ്കുവെച്ച് തുടങ്ങി. ഇതിനും വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചത്. ഈ സ്വീകാര്യതയാണ് ഒരു ബിസിനസ്സ് ഐഡിയയിലേക്ക് ഇരുവരേയും എത്തിച്ചത്. അങ്ങനെയാണ് പാഞ്ചാലി വസ്ത്ര എന്ന പേരില്‍ സാരികളുടെ ഓണ്‍ലൈന്‍ ബിസിനസ്സ് മീത് മിറി ആരംഭിച്ചത്.
സംരംഭം തുടങ്ങിയത് വെറും ഏഴായിരം രൂപ കൊണ്ടാണ് എന്ന് ഇവര്‍ പറയുന്നത്. ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുളള എന്നാല്‍ ക്വാളിറ്റിയുളള സാരികള്‍ എത്തിച്ചതോടെ പ്രതീക്ഷയ്ക്കും അപ്പുറത്തേക്കാണ് പാഞ്ചാലി വസ്ത്ര വളര്‍ന്നത്. വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ രണ്ട് കോടിയുടെ ബിസിനസ്സിലേക്ക് വളരാന്‍ പാഞ്ചാലി വസ്ത്രയ്ക്ക് കഴിഞ്ഞു.
ബിസിനസ്സ് വിജയം ആയതോടെ അടുത്തത് ഏറെക്കാലമായി ആഗ്രഹിക്കുന്ന സ്വന്തം വീട് എന്ന സ്വപ്‌നത്തിലേക്ക് മീതും മിറിയും പതുക്കെ കാലെടുത്ത് വെച്ചു. നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ കൊട്ടാരം പോലൊരു വീടാണ് സ്വന്തം അധ്വാനം കൊണ്ട് ഇരുവരും പണിതിരിക്കുന്നത്. ജനുവരി 1 പുതുവര്‍ഷ ദിനത്തില്‍ വീടിന്റെ പാല് കാച്ചല്‍ നടന്നു. ഇനി പാഞ്ചാലി വസ്ത്രയുടെ ഒരു ഷോറൂം ആരംഭിക്കുക എന്നതാണ് മീത്തിന്റെയും മിറിയുടേയും അടുത്ത ലക്ഷ്യം.












Click it and Unblock the Notifications