മോഹന്‍ലാലും ദിലീഷ് പോത്തനും ഒരുമിക്കുന്നു? പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുടെ അമിതഭാരം: ഔദ്യോഗിക പ്രഖ്യാപനം?
കൊച്ചി: പ്രേക്ഷകര്‍ക്ക് ഏറെ ആവേശവും ആകാംക്ഷയും ഉണര്‍ത്തുന്ന ഒരു വാര്‍ത്തയാണ് മലയാള സിനിമാ ലോകത്ത് നിന്ന് വരുന്നത്. മലയാളത്തില്‍ എണ്‍പതുകള്‍ക്കു ശേഷം റിയലിസ്റ്റിക് വിപ്ലവത്തിന് തുടക്കമിട്ട ദിലീഷ് പോത്തനും നടന വിസ്മയം മോഹന്‍ലാലും കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദിലീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഇതാദ്യമായാണ് മോഹന്‍ലാലും ദിലീഷ് പോത്തനും ഒരുമിക്കുന്നത്. പ്രേക്ഷകരെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരു സിനിമ ഈ കൂട്ടുകെട്ടില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
ചിത്രത്തിന് ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആക്ഷന്‍ ഫാന്റസി ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രം ആയിരിക്കും ഇത് എന്നാണ് വിവരം. ഇതാദ്യമായാണ് ദിലീഷ് പോത്തനും മോഹന്‍ലാലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. സിനിമ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

ആഷിക് അബുവിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ രംഗത്തെത്തിയ ദിലീഷ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. തിയറ്ററിലും ഒടിടിയിലും ദിലീഷിന്റെ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റായിട്ടുണ്ട്. 2016-ല്‍ മഹേഷിന്റെ പ്രതികാരം, 2017-ല്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും 2021-ല്‍ കോവിഡ് കാലത്തിറങ്ങിയ ജോജി എന്ന ചിത്രങ്ങള്‍ വാണിജ്യ വിജയവും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. ജീവിതത്തെ വളരെ സ്വാഭാവികമായി വെള്ളിത്തിരയില്‍ പകര്‍ത്താന്‍ ദിലീഷിന്റെ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോസഫ്, മാലിക് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും ദിലീഷ് പോത്തന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന പ്രയോഗം തന്നെ ഉണ്ടായതും ദിലീഷിന്റെ സിനിമകളിലൂടെയാണ്. ചിത്രീകരണത്തിലെ സൂക്ഷ്മതയാണ് പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന് അറിയപ്പെടുന്നത്.
ദിലീപ് പോത്തന്‍ സംവിധായകനും മോഹന്‍ലാല്‍ നായകനായും എത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷയുടെ ഭാരം വളരെ വലുതാണ്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു തുടരും എന്ന സിനിമ. സ്ഥിരം പാറ്റേണില്‍ നിന്ന് മാറി വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഇതിനു പിന്നാലെ എത്തിയ ഹൃദയപൂര്‍വ്വം എന്ന ചിത്രവും പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.
കഴിഞ്ഞ വര്‍ഷം സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതും മലയാളികള്‍ക്ക് അഭിമാന നേട്ടമായി. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നയില്‍ സ്വകാര്യസന്ദര്‍ശനത്തിലാണ് മോഹന്‍ലാല്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തിയ ശേഷം സിനിമാ തിരക്കുകളിലേക്കു മടങ്ങും.
തുടരും എന്ന സിനിമയുടെ സംവിധായകനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇനി അഭിനയിക്കുന്നത്. മീരാ ജാസ്മിനാണ് നായിക. ഇതിന്റെ ചിത്രീകരണം തൊടുപുഴയില്‍ ഉടന്‍ ആരംഭിക്കും. കത്തനാര്‍, ഖലീഫ എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.












Click it and Unblock the Notifications