മോഹൻലാൽ മാത്രം ചെയ്ത കാര്യമല്ല ഇത്, പക്ഷെ അദ്ദേഹം മാത്രമാണ് പരസ്യമായി പറഞ്ഞത്'; കുറിപ്പ്
കഴിഞ്ഞ ദിവസമാണ് താടി വടിച്ച ഒരു ചിത്രം മോഹൻലാൽ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒടിയന്‍ സിനിമയ്ക്കു ശേഷം വന്ന സിനിമകളിലെല്ലാം താടിയുള്ള ലാലേട്ടനെയാണ് നമ്മള്‍ കണ്ടത്. അതുകൊണ്ട് തന്നെ മോഹൻലാലിൻ്റെ ക്ലീൻ ഷേവ് ലുക്ക് ആരാധകർ ആഘോഷമാക്കി.
ബോട്ടോക്സ് ചികിത്സയ്ക്ക് വിധേയനായതിനാലാണ് മോഹൻലാൽ താടിവടിക്കാതിരുന്നത് എന്നതായിരുന്നു നേരത്തേ ചിലർ ഉയർത്തിയ വിമർശനം. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് നടൻ കിൽോർ സത്യ. മലയാളസിനിമയിൽ നിരന്തരമായി ഇത്രയും ബോഡി ഷെയ്മിങ് നേരിട്ട നടൻ വേറെ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് കിഷോർ. അദ്ദേഹത്തിൻ്റെ കുറിപ്പ് വായിക്കാം

അങ്ങനെ ലാലേട്ടന്റെ താടി പോയി.....! നമ്മൾ ഇനി എന്തു ചെയ്യും....?! അഞ്ചെട്ടുകൊല്ലമായി നമ്മൾ ലാലേട്ടന്റെ താടിയെയും മുഖത്തെയും കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ട്. മലയാളസിനിമയിൽ നിരന്തരമായി ഇത്രയും body shaming നേരിട്ട മറ്റൊരു നടനും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം നമ്മൾ അദ്ദേഹത്തെ പരിഹസിച്ചു. "ഒടിയൻ" സിനിമയ്ക്ക് വേണ്ടി സൗന്ദര്യശസ്ത്രക്രിയ ചെയ്തതോടുകൂടി അദ്ദേഹത്തിന്റെ അഭിനയം പൂർണമായി പോയി എന്നും, മുഖത്ത് പേശികൾ അനങ്ങില്ലെന്നും അതുകൊണ്ടാണ് താടി വയ്ക്കുന്നത് എന്ന് തുടങ്ങി എന്തെല്ലാം കോലാഹലകളാണ് നമ്മൾ വിവിധതരം കണ്ടെന്റുകൾ ആക്കി സമൂഹമാധ്യമങ്ങളിൽ വിതറി വിളമ്പിയത്....?!
ഈ ഭൂമി മലയാളത്തിൽ ശ്രീ മോഹൻലാൽ മാത്രം ചെയ്ത ഒരു, കാര്യമാണ് ഇത് എന്നുള്ള നിലയിലാണ് ഇത്രയും കാലം നമ്മൾ ഇത് ചർച്ച ചെയ്തത്. മലയാള സിനിമയിൽ തന്നെ സൗന്ദര്യശസ്ത്രക്രിയകൾ ചെയ്ത നിരവധി നടീനടന്മാരുണ്ട് ...! അവരെപ്പറ്റി ഒന്നും നാം സംസാരിച്ചിട്ടില്ല. കാരണം താനൊരു സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ച ഒരേയൊരു നടനെ ഉള്ളൂ അത് ശ്രീ മോഹൻലാൽ ആണ്. മറ്റുള്ളവർ അത് രഹസ്യമായി ചെയ്യുന്നതുകൊണ്ട് നമ്മൾ ആരും അത് അറിയുന്നില്ല, അത്രമാത്രം.
പിന്നെ ശ്രീ മോഹൻലാൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മീശയും താടിയും പോലും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പണം നിറയ്ക്കാനുള്ള നല്ല ടൂൾ ആണെന്ന് അറിയാതെ പൊതു ജനങ്ങൾ ഇത് വായിച്ചും, കണ്ടും കേട്ടും ചർച്ചകൾ തുടർന്നു... . വ്ലോഗർമാരുടെ പണപ്പെട്ടികളിൽ ഡോളർ നിറഞ്ഞു...!
ഇത്രയും നാളും താടി കഥ പറഞ്ഞുകൊണ്ടിരുന്നു. "ഹൃദയപൂർവ്വം" സിനിമ ഇറങ്ങിയപ്പോൾ താടി ഇല്ല ചെറിയ കുറ്റിത്താടി ഉണ്ട് ഫുൾ താടി വന്നിട്ട് സംസാരിക്കാം എന്നതായി ചർച്ചക്കാരുടെ വിഷയം....
ഇപ്പോൾ മുഴുവൻ താടിയും എടുത്ത് തന്റെ കൊമ്പൻ മീശയും പിരിച്ചു വെച്ചുകൊണ്ട് അദ്ദേഹം ക്യാമറയ്ക്ക് മുൻപിൽ എത്തിയിരിക്കുന്നു...! ഇനി നമ്മൾ എന്തു ചെയ്യും....?!
കുഴപ്പമില്ല, മീശയെ പറ്റി സംസാരിക്കാം... മീശയുടെ ഒരു സൈഡിലെ ചരിവ് ഇത്ര ഡിഗ്രി കൂടിപ്പോയി മറ്റ് സൈഡിൽ ചരിവ് ഇത്ര കുറഞ്ഞുപോയി ഇങ്ങനെ തുടങ്ങിയ പുതിയ പുതിയ കണ്ടെന്റുകളുമായി ക്രിയേറ്റേഴ്സ് വരും അവർക്ക് അറിയാം അവരുടെ പണപ്പെട്ടി നിറയ്ക്കാനുള്ള ഏറ്റവും വലിയ പേര് ശ്രീ മോഹൻലാൽ എന്നാണ് എന്ന്.... ലാലേട്ടന്റെ താടി സോറി മീശ കീ ജയ്.....












Click it and Unblock the Notifications