ഓർക്കുമ്പോൾ സഹിക്കുന്നില്ല, നവാസിന്റെ അഭിനയം വാപ്പച്ചിയുടേത് പോലെ, കുറിപ്പുമായി നിയാസ് ബക്കർ
കലാഭവന്‍ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഭാര്യ രഹനയും മക്കളും ചിത്രം കാണാന്‍ തിയറ്ററിലെത്തിയ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമാ ലോകത്തെ ആകെ ഞെട്ടിച്ചതായിരുന്നു വളരെ അപ്രതീക്ഷിതമായുളള നവാസിന്റെ വിയോഗം.
സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയ നവാസ് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. പ്രകമ്പനം സിനിമ കണ്ട ശേഷം നവാസിനെ കുറിച്ച് സഹോദരനായ നിയാസ് ബക്കര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തങ്ങളുടെ പിതാവായ അബൂബക്കറിന്റേത് പോലെ അനായാസമായ അഭിനയ ശൈലിയാണ് നവാസിന് ഈ സിനിമയിലെന്ന് നിയാസ് ബക്കര്‍ കുറിക്കുന്നു.
നിയാസ് ബക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ (actor അബൂബക്കർ late ) അടുത്തറിയുന്നവർ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും കൊള്ളാം... എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങിനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം.എന്നാൽ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി.

ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്. ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാർഥ്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ.
പ്രകമ്പനം ഒരു തികഞ്ഞ എന്റർടെയ്ൻമെന്റ് മൂവിയാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയ്യേറ്ററിൽ തന്നെ പോയി കാണണം നഷ്ടം വരില്ല. എന്റെ അനുജന് ഈ ഹിറ്റ് സിനിമയിൽ ഒരു നല്ല വേഷം നൽകിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, ആൻഡ് ഓൾ മെംബേഴ്സിന് എന്റെ നിറഞ്ഞ സ്നേഹം പ്രാർത്ഥന''.












Click it and Unblock the Notifications