മാറത്ത് അയാൾ ആഞ്ഞടിച്ചു, ക്രഷ് തോന്നിയ ആൾ ഉപദ്രവിച്ചു, ആണുങ്ങൾ മുണ്ട് പൊക്കിക്കാട്ടി, ദുരനുഭവം പറഞ്ഞ് പാർവ്വതി
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ ഉറക്കെ പറയുന്ന അപൂര്‍വ്വം സിനിമാ താരങ്ങളിലൊരാളാണ് പാര്‍വ്വതി. മലയാള സിനിമയിലെ പുരുഷാധിപത്യത്തിന് എതിരെ പല തവണ പാര്‍വ്വതി ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. ഇരകളായ സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിന്നിട്ടുണ്ട്. സിനിമയില്‍ നിന്ന് തനിക്ക് നേരിട്ട ലൈംഗികാതിക്രമത്തെ പറ്റിയും പാര്‍വ്വതി തുറന്ന് പറഞ്ഞിട്ടുണ്ട്.
ഹൗട്ടര്‍ ഫൈക്ക് നല്‍കിയ അഭിമുഖത്തില്‍ കുട്ടിക്കാലത്ത് ആര്‍ത്തവ കാലത്ത് നേരിട്ട അനുഭവങ്ങളും ലൈംഗികമായി നേരിട്ട ദുരനുഭവങ്ങളും പാര്‍വ്വതി തുറന്ന് പറഞ്ഞത് ശ്രദ്ധ നേടുകയാണ്. ആര്‍ത്തവ സമയത്ത് വീട്ടില്‍ തന്നെ ഒറ്റയ്ക്ക് ഒരിടത്തേക്ക് മാറ്റിയിരുത്താറുണ്ടായിരുന്നുവെന്ന് പാര്‍വ്വതി പറയുന്നു. അവിടേക്കാണ് തനിക്ക് ഭക്ഷണം കൊണ്ട് വന്ന് തന്നിരുന്നത്. അലക്കിയ വസ്ത്രങ്ങള്‍ തൊടരുത് എന്ന് തന്നോട് പറയും.
ആര്‍ത്തവത്തിന്റെ അവസാന ദിവസം മഞ്ഞള്‍ വെള്ളം തലയിലൊഴിക്കും. അന്ന് ഏഴാം ക്ലാസില്‍ പഠിക്കുന്ന തനിക്ക് അതൊരു ട്രോമ ആയിരുന്നു. ദൈവം ആണ് തന്നെ സൃഷ്ടിച്ചത് എങ്ങനെയാണ് ദൈവത്തിന് താന്‍ അശുദ്ധയാകുന്നത് എന്ന് അന്ന് തോന്നുമായിരുന്നു, പാര്‍വ്വതി പറഞ്ഞു.

മരിയാന്‍ സിനിമയുടെ സമയത്ത് പാട്ട് രംഗം ചിത്രീകരിക്കുന്നത് മുഴുവന്‍ വെള്ളത്തിലായിരുന്നു. അന്ന് തനിക്ക് ഡ്രസ്സ് മാറാന്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറ്റില്ലെന്ന് പറഞ്ഞു. ആ സമയത്ത് തനിക്ക് പിരീഡ്‌സ് ആണെന്ന് ഉച്ചത്തില്‍ തന്നെ പറയേണ്ടതായി വന്നുവെന്നും പാര്‍വ്വതി പറഞ്ഞു.
ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്നും അല്ല ലഭിച്ചത്. വളരെ മോശം അനുഭവങ്ങളില്‍ നിന്നാണ് ലൈംഗികതയെ കുറിച്ച് ബോധ്യമുണ്ടായത് എന്നും പാര്‍വ്വതി പറയുന്നു. ഒരിക്കല്‍ അമ്മയെ റെയില്‍വേ സ്റ്റേഷനില്‍ വിട്ട് തിരിച്ച് വരുമ്പോള്‍ ആരോ ഒരാള്‍ തന്റെ മാറിടത്തില്‍ ശക്തമായി അടിച്ചിട്ട് പോയി. തൊട്ടത് പോലുമല്ല. അടിക്കുകയായിരുന്നു. താനന്ന് കുട്ടിയായിരുന്നു, അത് വല്ലാതെ വേദനിച്ചു.
പുറത്ത് കൂടി എങ്ങനെ നടക്കണം എന്ന് അമ്മ പറഞ്ഞ് തരുമായിരുന്നു. വിന്‍ഡോ ഷോപ്പിംഗ് ചെയ്ത് നടക്കരുത്, പുരുഷന്മാരുടെ കൈകള്‍ നോക്കി വേണം നടക്കാന്‍ എന്നാണ് അമ്മ പറയാറുളളത്. ഒരു അമ്മയ്ക്ക് ഇങ്ങനെ ഒരു കാര്യം മക്കളോട് പറയേണ്ടി വരുന്ന അവസ്ഥ ആലോചിച്ച് നോക്കൂ. കുട്ടിക്കാലത്ത് എത്രയോ തവണ ആണുങ്ങള്‍ മുണ്ട് പൊക്കി കാണിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍വ്വതി പറയുന്നു.
എന്താണ് സംഭവിക്കുന്നത് എന്ന് അന്നൊന്നും അറിവുണ്ടായിരുന്നില്ല. പിന്നീട് 18-19 വയസ്സൊക്കെ ആകുമ്പോഴാണ് അന്നത്തെ ഇത്തരം അനുഭവങ്ങള്‍ എത്രമാത്രം നമ്മളെ ബാധിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുന്നത്. മാതാപിതാക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ അല്ലാതെ തന്റെ ശരീരത്തില്‍ ഒരാള്‍ ആദ്യമായി തൊടുന്നത് ലൈംഗികമായി ഉപദ്രവിക്കാനായിരുന്നുവെന്നും പാര്‍വ്വതി തുറന്ന് പറഞ്ഞു. തനിക്കന്ന് 17 വയസ്സായിരുന്നു. തനിക്ക് ക്രഷ് തോന്നിയ ആളായിരുന്നു അതെന്നും പാര്‍വ്വതി പറഞ്ഞു.
തനിക്ക് 19-20 വയസ്സ് പ്രായമുളള സമയത്ത് ഒരു സുഹൃത്തിനൊപ്പം സിനിമ കണ്ട് തിരിച്ച് വരികയായിരുന്നു. മാളിലെ ലിഫ്റ്റില്‍ വെച്ച് ഒരാള്‍ തന്റെ പിറകില്‍ നിന്ന് ദേഹത്തേക്ക് അമര്‍ന്നു. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങി താന്‍ അയാളെ അടിച്ചു. സെക്യൂരിറ്റിക്കാര്‍ വന്നു, പോലീസിനെ വിളിച്ചു. പോലീസ് പറഞ്ഞത് ഒരടി കൊടുത്തില്ലേ വിട്ടേക്ക് എന്നാണ്. അപ്പോഴാണ് തനിക്ക് തോന്നിയത് യഥാര്‍ത്ഥത്തില്‍ നീതി എന്നത് ഈ രാജ്യത്ത് എന്താണ് എന്ന്, പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications