Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി

'കസബ' സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന് പിന്നാലെ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. രൂക്ഷമായ സൈബര്‍ അധിക്ഷേപമാണ് അന്ന് നേരിട്ടത് എന്നും തനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വരെ വന്നു എന്നും പാര്‍വതി പറഞ്ഞു. 'ഷോഷാ' എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

ഐഐഎഫ്‌കെയില്‍ വെച്ചായിരുന്നു കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി പാര്‍വതി രംഗത്തെത്തിയത്. ഇതിന് പിന്നാലെ മമ്മൂട്ടി ആരാധകര്‍ എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ പാര്‍വതിക്കെതിരെ കടുത്ത അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. ആദ്യം താന്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല എന്നും എന്നാല്‍ പിന്നീടാണ് ആക്രണത്തിന്റെ വ്യാപ്തി മനസിലാക്കിയത് എന്നും പാര്‍വതി പറയുന്നു.

Parvathy Thiruvoth

'ആക്രമണങ്ങളും ഭീഷണികളും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഞാനും മമ്മൂട്ടി സാറും തമ്മില്‍ സംസാരിച്ചു. ഞങ്ങള്‍ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഞാന്‍ അദ്ദേഹത്തിന് മെസ്സേജ് അയയ്ക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും അത് ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വലിയൊരു പ്രശ്‌നമായി മാറിയിരുന്നു. എനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നപ്പോള്‍ മാത്രമാണ് ഗൗരവമായി തോന്നിയത്,' പാര്‍വതി പറഞ്ഞു.

മമ്മൂട്ടിയുമായി ഇക്കാര്യം സംസാരിക്കുമ്പോള്‍ അദ്ദേഹം വളരെ ശാന്തനായിരുന്നു എന്നും എന്നാല്‍ 'നിങ്ങള്‍ ശാന്തനായിരിക്കാം, എന്നാല്‍ പുറത്തുള്ളവര്‍ അങ്ങനെയല്ല. ഒരു പ്രസ്താവനയെങ്കിലും ഇറക്കണ്ടേ?' എന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചു എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ഇക്കാര്യത്തില്‍ പ്രസ്താവന പുറത്തിറക്കിയപ്പോഴേക്കും വളരെ വൈകിയെന്നും പാര്‍വതി ചൂണ്ടിക്കാട്ടി.

'അപ്പോഴേക്കും എനിക്കെതിരായ സൈബറാക്രമണം എല്ലാ പരിധിയും ലംഘിച്ചിരുന്നു. പുറത്തിറങ്ങാന്‍ പോലും പേടിയായിരുന്നു. എനിക്കെതിരെ വധഭീഷണി വരെ ഉണ്ടായി. ആ കാലം എന്റെ ആരോഗ്യത്തേയും ബാധിച്ചു,' പാര്‍വതി പറഞ്ഞു. അതിനിടെ താന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ പോയപ്പോള്‍ ആള്‍ക്കൂട്ടം കൂക്കിവിളിച്ചെന്നും പാര്‍വതി പറഞ്ഞു. അത് വല്ലാത്ത സാഹചര്യമായിരുന്നു എന്ന് നടി പറയുന്നു.

'പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു വലിയ അവാര്‍ഡ് നിശയില്‍ ഞാന്‍ അവാര്‍ഡ് വാങ്ങാനായി സ്റ്റേജിലേക്ക് കയറിയപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ മുഴുവന്‍ എന്നെ കൂകി. കയ്യടികള്‍ക്ക് പകരം ആ കൂവലുകള്‍ കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നു. 'പതുക്കെ നടക്കുക, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂര്‍ത്തിയാക്കുക' എന്ന് ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിച്ചു,' അവര്‍ പറഞ്ഞു.

എന്നാല്‍ ആ സംഭവം തന്നെ ആകെ മാറ്റിക്കളഞ്ഞു എന്നും ഇന്ന് നിങ്ങള്‍ കാണുന്ന പാര്‍വതിയെ രൂപപ്പെടുത്തിയത് ആ സംഭവമാണ് എന്നും താരം പറഞ്ഞു. അതേസമയം പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നോടൊപ്പം നിന്നവരെ കുറിച്ചും പാര്‍വതി പറഞ്ഞു. നടന്‍മാരായ ആസിഫ് അലിയും ടൊവിനോ തോമസും തനിക്കൊപ്പം നിന്നു എന്നും പ്രമുഖ നിര്‍മാതാവായ പിവി ഗംഗാധരന്റെ മക്കള്‍ (എസ്‌ക്യൂബ് പ്രൊഡക്ഷന്‍സ്) തന്നെ വിളിച്ച് പ്രധാന കഥാപാത്രം നല്‍കി എന്നും പാര്‍വതി പറഞ്ഞു.

ആ സിനിമയ്ക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു നടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് തനിക്ക് ലഭിച്ചത് എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. തന്നെ പിന്തുണയ്ക്കുന്ന സിനിമയില്‍ ഉള്ള സുഹൃത്തുക്കളുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നും തനിക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ഇന്‍ഡസ്ട്രി നല്‍കിയത് എന്നും പാര്‍വതി വെളിപ്പെടുത്തി. താന്‍ പോരാടുന്നത് ഒറ്റയ്ക്കല്ല ഒരു കൂട്ടായ്മയുടെ പ്രതിനിധിയായാണ് എന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+