പാർവതി തിരുവോത്തിനെ ഫീൽഡ് ഔട്ട് ആക്കി, ഇതിൽ ചെയ്ത് വെച്ചതോ'; ടോക്സിക് ടീസറിൽ ഗീതു മോഹൻദാസിന് വിമർശനം
യെഷിനെ നായകനാക്കി ഗീതുമോഹൻദാസ് ഒരുക്കുന്ന പുതിയ ചിത്രമായ ടോക്സിക്കിൻ്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാസും ആക്ഷനും സെക്സുമെല്ലാ ചേർന്നുള്ളതാണ് ടീസർ. ചിത്രത്തിൽ യഷിൻ്റെ ഇൻട്രോ സീനാണ് ടീസറിലൂടെ കാണിക്കുന്നത്. എന്നാൽ ഇൻട്രോ സീനിൽ ഉൾപ്പെടുത്തിയ രംഗങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഗീതു മോഹൻദാസിൻ്റെ മുൻ നിലപാടിനെ ചേർത്ത് വെച്ച് കൊണ്ടാണ് വിമർശനങ്ങൾ.
മുൻപ് ഒരു വേദിയിൽ വെച്ച് നിഥിൻ രണ്‍ജി പണിക്കർ സംവിധാനം ചെയ്ത കസബയ്ക്കെതിരെ നടി പാർവതി തിരുവോത്ത് നടത്തിയ വിമർശനവും അതിന് ഗീതു മോഹൻദാസ് നൽകിയ പിന്തുണയും ചൂണ്ടിക്കാട്ടിയാണ് ചിലർ നടിക്കെതിരെ പ്രതികരിക്കുന്നത്. അന്ന് മമ്മൂട്ട അഭിനയിച്ച ചിത്രമെന്ന് പറഞ്ഞപ്പോൾ ആ സിനിമയുടെ പേര് പറയാൻ ഗീതുവാണ് പാർവതിയെ പ്രോത്സാഹിപ്പിച്ചത്. ഇതിൻ്റെയെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ പ്രവചിക്കുന്നുണ്ട്. സ്ത്രീ വിരുദ്ധതയ്ക്കെതിരെ ഗീതു സംസാരിക്കുന്ന അഭിമുഖങ്ങളടെ ഭാഗങ്ങളും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.

ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു പടം പ്രതീക്ഷിച്ചില്ല എന്നാണ് പലരും കുറിക്കുന്നത്. ടോക്സിക് എന്ന് ടൈറ്റിൽ നൽകി മഹത്വവത്കരിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടാകില്ലെങ്കിലും ടീസറിലും പോസ്റ്ററിലുമൊക്കെ ചെയ്തുവെച്ചിരിക്കുന്നത് കടന്നുപോയില്ലേയെന്നാണ് ചിലരുടെ ചോദ്യം.ഡബ്ല്യുസിസിക്ക് എന്തേ ഒന്നും പ്രതികരിക്കാനില്ലേയെന്നും പാർവതി തിരുവോണത്ത് അടക്കമുള്ളവർ എവിടെയെന്നും ചിലർ ഗീതുവിൻ്റെ പോസ്റ്റിന് താഴെ ചോദിക്കുന്നുണ്ട്.
സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു സംഘടന ഉണ്ടാക്കി പാവം പാർവതി തിരുവോത്തിനെ ഫീൽഡ് ഔട്ട് ആക്കി ഇപ്പോൾ അതിലും മോശം സീനിൽ സ്ത്രീകളെ ഉപയോഗിച്ച് സിനിമ പടിച്ച ആൾ അല്ലേ താങ്കൾ എന്നാണ് ചിലർ കുറിക്കുന്നത്.
നായകന്റെ മാസ് എൻട്രി പ്രദർശിപ്പിക്കാൻ വേണ്ടി മാത്രം ഒരു സ്ത്രീയെ ഉപയോഗിക്കുന്നത് വ്യക്തമായ ഒബ്ജെക്ടിഫിക്കേഷനാണ്. ഇത് ഒബ്ജെക്ടിഫിക്കേഷനായി കണക്കാക്കുന്നില്ലെങ്കിൽ സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളുടെയെല്ലാം പോയിൻ്റ് തന്നെ നഷ്ടമാകും എന്നാണ് മറ്റൊരു കമൻറ്. പടം കണ്ടിട്ട് ഡബ്ല്യുസിസി എന്ത് പറയുന്നു എന്നറിയാൻ കൌതുകമുണ്ട് എന്നാണ് മറ്റൊരാളുടെ കുറിപ്പ്.
നേരത്തേ സിനിമയുടെ ഗ്ലിംസ് വീഡിയോയും വിവാദത്തിന് വഴിവെച്ചിരുന്നു. അന്ന് നിതിൻ രണ്‍ജി പണിക്കറും ഗീതുവിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാനം കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നായിരുന്നു നിതിൻ്റെ വിമർശനം. 'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആൺനോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആൺമുഷ്ക്ക്' മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം... ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി,' എന്നായിരുന്നു നിതിൻ്റെ വാക്കുകൾ.
അതേസമയം ടോക്സിക് ടീസർ മഞ്ജു വാര്യരും റിമ കല്ലിങ്കലും അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടെങ്കിലും പാർവതി തിരുവോത്ത് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications