Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗവും സൂപ്പർ ഹിറ്റ്; നായകനും നായികയും ഒഴികെയുള്ള താരങ്ങൾ ഇന്ന് ജീവനോടെയില്ല

വാഴ 2, ഭരതനാട്യം 2 മോഹിനിയാട്ടം, ആട് 3 പോലുള്ള തുടർ സിനിമകൾ ഹിറ്റുകൾ ആകുമ്പോൾ ആ ഗണത്തിൽപ്പെട്ട, മൂന്നര പതിറ്റാണ്ട് മുമ്പ് ഇറങ്ങിയൊരു സിനിമ ചർച്ചയാകുകയാണിപ്പോൾ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1988ൽ പുറത്തിറങ്ങിയ, മോഹൻലാലും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'പട്ടണപ്രവേശം’ എന്ന സിനിമ. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ച 'നാടോടിക്കാറ്റി’ന്റെ രണ്ടാം ഭാഗം. ദാസന്റെയും വിജയന്റെയും നോവും വേവും അതിജീവനവുമെല്ലാം പ്രമേയമായ ആദ്യ ചിത്രം വൻ വിജയമായിരുന്നു. ഇതാണ് ഇതേ ടീം ഒന്നിച്ച 'പട്ടണപ്രവേശ’ത്തിന്റെ പിറവിക്ക് കാരണമായത്.

മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടത്തിന്റെ അടയാളമായി ഇന്നും ആഘോഷിക്കപ്പെടുന്ന ചിത്രമാണ് 'പട്ടണപ്രവേശം’. സിഐഡി ദാസനും വിജയനും തങ്ങളുടെ രണ്ടാമത്തെ ദൗത്യത്തിനായി പ്രഭാകരൻ തമ്പിയുടെ താവളത്തിലേക്ക് എത്തുന്ന ആവേശകരമായ നിമിഷങ്ങൾ മലയാളികൾ പല തവണ കണ്ട് ചിരിച്ച് മറിഞ്ഞതാണ്. ആക്ഷേപഹാസ്യവും കുറ്റാന്വേഷണവും ഒരേപോലെ ഇണക്കിച്ചേർത്ത ഈ ചിത്രം ബോക്സ് ഓഫിസിൽ വലിയ വിജയമായിരുന്നു. എന്നാൽ, ഈ ചിത്രത്തിന്റെ ക്രെഡിറ്റ് ലിസ്റ്റ് ഇന്ന് പരിശോധിക്കുമ്പോൾ ഒരു വലിയ ശൂന്യത നമുക്ക് അനുഭവപ്പെടും. നായകനായ മോഹൻലാലും നായിക അംബികയും ഒഴികെ, ഈ സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച മിക്ക പ്രതിഭകളും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന സങ്കടകരമായ വസ്തുതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

pattanaprevesham-1

ഓരോ ഫ്രെയിമിലും നിറഞ്ഞുനിന്ന ആ വൻമരങ്ങൾ ഇല്ലാതെയാണ് ഇന്ന് മലയാള സിനിമ മുന്നോട്ട് പോകുന്നത്. സിനിമയുടെ തിരക്കഥാകൃത്തും മുഖ്യ കഥാപാത്രങ്ങളിലൊന്നായ വിജയന് ജീവന് നൽകിയ ആളുമായ ശ്രീനിവാസൻ കൂടി വിടവാങ്ങിയത് ഈ വേർപാടുകളുടെ വേദന ഇരട്ടിപ്പിക്കുന്നു. ദാസനും വിജയനും തമ്മിലുള്ള തമാശകളും പിണക്കങ്ങളും അബദ്ധങ്ങളുമെല്ലാം ഇന്നും മലയാളികളെ ചിരിപ്പിക്കുന്നുണ്ടെങ്കിലും, വീണ്ടും കാണുമ്പോൾ അതിലൊരാൾ ഓർമ്മയായി എന്നത് സിനിമയെ കൂടുതൽ വികാരനിർഭരമാക്കുകയാണ്. മലയാള സിനിമയിൽ തിരക്കഥ രംഗത്തും അഭിനയത്തിലും ഒരുപോലെ വിപ്ലവങ്ങൾ സൃഷ്ടിച്ച ആ മഹാപ്രതിഭ സൃഷ്ടിച്ച വിടവ് 'പട്ടണപ്രവേശം’ പോലുള്ള സിനിമകൾ മലയാള​ികളെ ഓർമിപ്പിക്കുകയാണ്.

ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായ പ്രഭാകരൻ തമ്പിയെ അവതരിപ്പിച്ചത് കരമന ജനാർദ്ദനൻ നായരാണ്. അധോലോക നായകന്റെ ഗാംഭീര്യവും ഒരു അനക്കം കണ്ടാൽ പോലും പേടിക്കുകയും ചെയ്യുന്ന പ്രത്യേക ശൈലിയിലുള്ള ആ വില്ലൻ വേഷം മലയാളികൾ ഏറ്റെടുത്തതാണ്. പ്രഭാകരൻ തമ്പിയുടെ അമ്മയായി തന്റെ തനതായ ശൈലിയിൽ തിളങ്ങിയ ഫിലോമിനയുടെ വിയോഗത്തിലൂടെ സ്വാഭാവിക അഭിനയത്തിന്റെ ആ സാന്നിധ്യവും സിനിമക്ക് നഷ്ടമായി. മറ്റൊരു പ്രധാന വില്ലൻ കഥാപാത്രമായ അനന്തൻ നമ്പ്യാർ എന്ന കള്ളക്കടത്തുകാരനായി എത്തിയത് മഹാനടൻ തിലകൻ ആണ്. അദ്ദേഹത്തിന്റെ ഗൗരവവും അതേസമയം ദാസനെയും വിജയനെയും കാണുമ്പോൾ ഉണ്ടാകുന്ന ഭാവവ്യത്യാസങ്ങളും വില്ലൻ എന്ന ഇമേജിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു.

ഹാസ്യത്തിന്റെ അമിട്ടുപൊട്ടിച്ച് മൺമറഞ്ഞ മാമുക്കോയ അവതരിപ്പിച്ച ഗഫൂർക്കയും ഇന്നസെന്റ് അവതരിപ്പിച്ച ടാക്സി ഡ്രൈവർ പുത്തൻപുരക്കൽ ബാലനും മാള അരവിന്ദൻ അവതരിപ്പിച്ച പാചകക്കാരനും മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രങ്ങളാണ്. ചുരുക്കം ചില സീനുകളിലേ വരുന്നുള്ളു എങ്കിലും കേരള മുഖ്യമന്ത്രിയുടെ ഗാംഭീര്യമുള്ള വേഷം കൈകാര്യം ചെയ്ത ഒടുവിൽ ഉണ്ണികൃഷ്ണനും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. സിനിമയിലെ പക്ഷി നിരീക്ഷകനായി എത്തി ദാസനെയും വിജയനെയും അന്വേഷണത്തിൽ സഹായിക്കുന്ന കഥാപാത്രമായിരുന്നു എൻ.എൽ. ബാലകൃഷ്ണന്റേത്. ഫോട്ടോഗ്രാഫറായും അഭിനേതാവായും മലയാളികൾക്ക് പ്രിയപ്പെട്ടവനായിരുന്ന അദ്ദേഹം ഈ ചിത്രത്തിലും വളരെ സ്വാഭാവികമായ അഭിനയമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ പക്ഷി നിരീക്ഷകനായ സുഹൃത്തായി എത്തിയ പറവൂർ ഭരതനും മികച്ച പ്രകടനം നടത്തി.

ചെറുതെങ്കിലും സിനിമയുടെ വൈകാരിക തലങ്ങളിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ച കഥാപാത്രമായിരുന്ന കെപിഎസി ലളിത അവതരിപ്പിച്ച നായികയ​ുടെ അമ്മ വേഷം. മകൾക്കും കുടുംബത്തിനും വേണ്ടി നിൽക്കുന്ന ആ അമ്മ വേഷം ലളിത ഗംഭീരമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടെ വേഷങ്ങളിലെത്തിയ പ്രതാപചന്ദ്രനും കെപിഎസി അസീസും ഇന്ന് നമുക്കൊപ്പമില്ല. ഓരോ തവണ സിനിമ കാണുമ്പോഴും ഇവരൊക്കെ ഒരുകാലത്ത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ഇന്ന് ഓർമ്മകൾ മാത്രമാണെന്നുമുള്ള ചിന്ത ഒരുതരം ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് ആരാധകർ കുറിക്കുന്നു.

അഭിനയത്തിന്റെ വിവിധ തലങ്ങൾ കാണിച്ചുതന്ന ആ പ്രതിഭകളെല്ലാം ഓർമ്മകളുടെ മറുകരയിലെത്തുമ്പോഴും ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ അവർ എന്നും ജീവിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കാലം എത്ര കഴിഞ്ഞാലും മലയാള സിനിമയിലെ ഈ 'മഹാവിയോഗങ്ങളുടെ സ്മാരകം' എന്ന നിലയിൽ കൂടി 'പട്ടണപ്രവേശം’ അടക്കമുള്ള സിനിമകൾ അടയാളപ്പെടുത്തപ്പെടുമെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+