രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ
നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'യുടെ ആദ്യ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ശ്രീരാമനായി എത്തുന്ന രൺബീർ കപൂറിന്‍റെ ദൃശ്യങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 4,000 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ ദൃശ്യവിസ്മയമായിരിക്കും എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ ഇതിഹാസ ചിത്രം 2026 ഒക്ടോബറിൽ (ദീപാവലിക്ക് മുന്നോടിയായി) റിലീസാകും. രണ്ടാം ഭാഗം 2027 ലെ ദീപാവലിക്ക് പ്രദർശനത്തിനെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
താരസമ്പന്നമാണ് ചിത്രം. ബോളിവുഡിലേയും ടോളിവുഡിലേയുമെല്ലാം പ്രഗത്ഭരാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ചിത്രത്തിൻ്റെ ബജറ്റ് പോലെ തന്നെ താരങ്ങളുടെ പ്രതിഫലവും ഇതിനോടക ചർച്ചയായിട്ടുണ്ട്. മ റിപ്പോർട്ടുകൾ പ്രകാരം, ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂറിന് തന്നെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം. ഒരു ഭാഗത്തിന് 75 കോടി രൂപ വീതം ആകെ 150 കോടി രൂപയാണ് നടന് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ബ്രഹ്മാസ്ത്ര'ക്ക് 25-30 കോടി, 'അനിമൽ' പോലുള്ള ബ്ലോക്ക്ബസ്റ്ററുകൾക്ക് 30-35 കോടി രൂപയും ലാഭവിഹിതവുമാണ് നേരത്തേ താരം വാങ്ങിയിരുന്നത്.

രാവണനായി എത്തുന്ന കന്നഡ സൂപ്പർതാരം യാഷ് ഓരോ ഭാഗത്തിനും 50 കോടി രൂപ വീതം മൊത്തം 100 കോടി രൂപയാണ് കൈപ്പറ്റുന്നത്. 'കെ.ജി.എഫ്' കാലഘട്ടത്ത് 30-35 കോടി രൂപയായിരുന്നു താരത്തിൻ്റെ പ്രതിഫലം.
സീതയുടെ വേഷത്തിലെത്തുന്ന സായി പല്ലവിക്ക് ഒരു ഭാഗത്തിന് 6 കോടി രൂപ വീതം ആകെ 12 കോടി രൂപ ലഭിക്കും. തെലുങ്കിലും തമിഴിലുമെല്ലാം 2-3 കോടി വരെയായിരുന്നു സായ് പല്ലവിയുടെ പ്രതിഫലം. 'തണ്ടേൽ' ആയിരുന്നു അവരുടെ ഏറ്റവും ഉയർന്ന മുൻപ്രതിഫലം (5 കോടി രൂപ).
ഹനുമാന്റെ വേഷമിടുന്ന സണ്ണി ഡിയോളിന് ഒരു ഭാഗത്തിന് 20 കോടി രൂപ വീതം ആകെ 40 കോടി രൂപ ലഭിക്കും. 'ഗദർ 2'ലും ഇതേ പ്രതിഫലമാണ് താരം വാങ്ങിയത്. ലക്ഷ്മണനായി എത്തുന്ന ടിവി താരം രവി ദുബെയ്ക്ക് റിപ്പോർട്ടുകൾ പ്രകാരം 2-4 കോടി രൂപ വരെയാണ് ലഭിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലമായിരിക്കും.
സിനിമയുടെ ബജറ്റിനെ കുറിച്ച് പ്രൊഡ്യൂസർ നമിത് മൽഹോത്ര നേരത്തേ പങ്കുവെച്ച വാക്കുകൾ ഇങ്ങനെയായിരുന്നു-'ഏഴ് വർഷം മുമ്പ് ഈ പ്രോജക്റ്റിനെക്കുറിച്ച് സംസാരിച്ചപ്പോൾ ആളുകൾ എന്നെ ഭ്രാന്തനായി കണ്ടു, കാരണം ഒരു ഇന്ത്യൻ സിനിമയും ഈ നിലവാരത്തിലേക്ക് എത്തില്ലല്ലോ.രണ്ട് ഭാഗങ്ങൾക്കും കൂടി ഏകദേശം 500 മില്യൺ ഡോളർ, അതായത് 4,000 കോടി രൂപയിലധികം വരും ബഡ്ജറ്റ്. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ സിനിമയാണ് ഞങ്ങൾ ഒരുക്കുന്നത്. യാഥാർത്ഥ്യബോധത്തോടെയുള്ള വലിയൊരു ലക്ഷ്യമാണിത്. വലിയ ഹോളിവുഡ് ചിത്രങ്ങളെക്കാൾ കാര്യക്ഷമമായി ഞങ്ങൾ ഇത് ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു. ഞങ്ങൾ നിരുത്തരവാദികളല്ല, മറിച്ച് അഭിലാഷമുള്ളവരാണ്, എന്നാൽ യാഥാർത്ഥ്യബോധത്തോടെയാണ് ഇതിനെ സമീപിക്കുന്നത്', എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.












Click it and Unblock the Notifications