എല്ലാം എന്റെ സുധിച്ചേട്ടനു വേണ്ടി; വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി രേണു സുധി: 'വന്ന മഴി മറക്കുന്നു
സോഷ്യല്‍ മീഡിയ താരമായ രേണു സുധി ഇപ്പോള്‍ വിവാദങ്ങളുടെ നടുവിലാണ്. ബിഗ് ബോസ് സീസണ്‍ ഏഴില്‍ കാര്യമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ പോലും പ്രേക്ഷകരുടെ വലിയ പിന്തുണ രേണുവിന് ഉണ്ടായിരുന്നു. ഈ പിന്തുണയുടെ ബലത്തില്‍ രേണുവിന് നിരവധി പരിപാടികളാണ് ലഭിച്ചത്. നിരവധി ആല്‍ബങ്ങളും വിദേശത്തും നാട്ടിലുമായി ഉദ്ഘാടന ചടങ്ങുകളും രേണുവിന് ലഭിച്ചു. പ്രതിഫലവും കുത്തനെ വര്‍ധിപ്പിക്കാന്‍ രേണുവിന് കഴിഞ്ഞു.
എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് രേണു നടത്തുന്ന ചില പ്രതികരണങ്ങളാണ് പലപ്പോഴും രേണുവിന്റെ പിന്തുണ നഷ്ടപ്പെടുത്തുന്നത്. കൊല്ലം സുധിയുടെ മരണത്തിനു പിന്നാലെ അനിശ്ചിതാവസ്ഥയിലായ രേണുവിനും കുടുംബത്തിനും വീടുവയ്ക്കാന്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പിനെ അപമാനിച്ച് സംസാരിച്ചതാണ് രേണുവിന് തിരിച്ചടിയായത്. ഇതോടെ സാധാരണക്കാരായ നിരവധി പേരുടെ പിന്തുണ രേണുവിന് നഷ്ടപ്പെട്ടു.

ഇതു കൂടാതെ രേണു നായികയായിട്ടുള്ള ആല്‍ബം ചിത്രീകരണത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും വലിയ വിമര്‍ശനത്തിനിടയാക്കി. പലപ്പോഴും സഹതാരങ്ങളുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രേണുവിന്റെ വീഡിയോകള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രശസ്തി ലഭിച്ചതോടെ രേണു വന്ന വഴി മറന്നുവെന്നാണ് പലരും കുറ്റപ്പെടത്തുന്നത്.
ആദ്യമൊക്കെ രേണു ചെയ്യുന്ന പല കാര്യങ്ങളും 'എന്റെ സുധിച്ചേട്ടന് വേണ്ടിയാണ്' എന്ന് പറഞ്ഞാണ് ചെയ്യാറുള്ളത്. പിന്നീട് ഇത് വലിയ ട്രോളായി മാറുകയായിരുന്നു. മരിച്ച ഭര്‍ത്താവിനെ വിറ്റ് പണം ഉണ്ടാക്കുന്നുവെന്നാണ് രേണുവിനെതിരേ ഉയരുന്ന പ്രധാന ആരോപണം. രേണുവിന്റെ സഹതാരങ്ങളുമായുള്ള ഇഴുകി ചേര്‍ന്നുള്ള വീഡിയോകള്‍ക്കു താഴെയും പലരും 'സുധിച്ചേട്ടന് വേണ്ടി' എന്ന വാക്കുകള്‍ കമന്റായി കുറിക്കാറുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രേണു രംഗത്തുവന്നിരിക്കുകയാണ്.
രേണുവിന്റെ വാക്കുകള്‍: എന്റെ ഏത് റീല്‍ എടുത്താലും അതിനടിയില്‍ വരുന്ന കമന്റാണ് എല്ലാം സുധിച്ചേട്ടന് വേണ്ടി എന്നത്. സുധിച്ചേട്ടന് വേണ്ടിയല്ലാതെ നിങ്ങളുടെ ആര്‍ക്കെങ്കിലും വേണ്ടി എനിക്ക് ഡാന്‍സ് കളിക്കാനോ പാട്ടു പാടാനോ പറ്റുമോ. എല്ലാം എന്റെ സുധിച്ചേട്ടന് വേണ്ടി തന്നെയാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. നിങ്ങളുടെ ആരുടെയും ഭര്‍ത്താക്കന്മാരുടെ ഫോട്ടോ പിടിച്ചുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റില്ല. സുധിച്ചേട്ടന്‍ എങ്ങും പോയിട്ടില്ല. ഞാന്‍ എനിക്കിഷ്ടമുള്ളതു പോലെ ഫോട്ടോ എടുക്കും, റീല്‍ ചെയ്യും. ഇതൊക്കെ എന്റെ ഇഷ്ടമാണ്. നിങ്ങളുടെ ആരുടെയും ഭര്‍ത്താക്കന്മാരുടെ ഫോട്ടോ പിടിച്ചല്ല ഞാന്‍ റീല്‍ ചെയ്യുന്നത് - ഇതായിരുന്നു രേണുവിന്റെ വാക്കുകള്‍.
അതേസമയം രേണുവിന്റെ ഈ വീഡിയോയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അഹങ്കാരം പാടില്ലെന്നും ഇതുപോലുള്ള കോമാളി വീഡിയോകള്‍ ചെയ്യുന്നത് നിര്‍ത്തണമെന്നുമാണ് പലരും ഉപദേശിക്കുന്നത്. സുധിച്ചേട്ടന്റെ കഴിവുകൊണ്ടാണ് രേണു ഉയര്‍ന്നു വന്നതെന്നും സ്വന്തം കഴിവുകൊണ്ടല്ല എന്നത് മറക്കരുതെന്നും പലരും പറയുന്നു. വെറുതെ സുധിയുടെ ഫോട്ടോ വെച്ച് സിമ്പതി നേടാന്‍ ശ്രമിക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നു.












Click it and Unblock the Notifications