സ്ഥലം ഇഷ്ടദാനമായി നൽകിയത് റദ്ദാക്കും, രേണു സുധിക്കെതിരെ ബിഷപ്പിന്റെ നീക്കം, വീട് എന്ത് ചെയ്യുമെന്ന് ഫിറോസ്
കൊല്ലം സുധിയുടെ മരണശേഷം രേണു സുധിയുടെ കുടുംബത്തിന് ഇഷ്ടദാനമായി നൽകിയ ഭൂമിയുടേയും അതിൽ നിർമ്മിച്ച വീടിന്റേയും പേരിൽ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. ബിഷപ്പ് നോബിൾ ഫിലിപ്പ് ആയിരുന്നു കൊല്ലം സുധിയുടെ മക്കളായ രാഹുലിന്റേയും റിതുലിന്റേയും പേരിൽ ഭൂമി ഇഷ്ടദാനമായി നൽകിയത്.
എന്നാൽ സമീപകാലത്തായി രേണു സുധിയും ബിഷപ്പും തമ്മിൽ പല പ്രശ്നങ്ങളും വാക്കുതർക്കങ്ങളുമടക്കം ഉണ്ടായി. ഇതോടെ രേണുവിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ്. തനിക്കെതിരെയുളള വീഡിയോകൾ 7 ദിവസത്തിനകം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും ഭൂമി ഇഷ്ടദാനം നൽകിയത് റദ്ദാക്കുമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം വീട് വെച്ച് നൽകിയ കെഎച്ച്ഡിഇസി ഫിറോസും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭൂമി നൽകിയത് റദ്ദാക്കിയാൽ ഭൂമിയിൽ പണിത വീട് എന്ത് ചെയ്യുമെന്ന് ഫിറോസ് ചോദിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

എന്റെ സംശയം ഇതാണു " മരണപെട്ടു പോയ കലാകാരൻ സുധിയുടെ മക്കൾക്ക് ബഹുമാനപെട്ട ബിഷപ്പ് നോബിൾ ഫിലിപ്പ് നൽകിയ ദാനം നൽകിയ പ്രോപ്പർട്ടി ക്യാൻസ്സൽ ചെയ്യാൻ ബിഷപ്പ് ലീഗലായി നോട്ടീസ് അയച്ചതായ് അറിയുന്നു. ഇതിൽ എന്റെ ചോദ്യം അല്ലങ്കിൽ സംശയം ഇതാണു " അങ്ങിനെ ആ പ്രോപ്പർട്ടി ആധാരം റദ്ദ് ചെയ്യുകയാണെങ്കിൽ ആ വീട് എന്ത് ചെയ്യും " ബിഷപ്പ് സ്ഥലം മാത്രമല്ലെ കൊടുത്തത്, ഇപ്പോൾ അതിലൊരു വീടില്ലെ ?ആകെ കൺഫ്യൂഷൻ ആയല്ലൊ !!
ഒരു വീട് കൊടുത്ത് കിട്ടിയ ചീത്തപേർ പതിയെ മാറി വരികയായിരുന്നു, ഇനിയിപ്പൊ ഇതിന്റെ പേരിൽ നമ്മളും കോടതി കയറേണ്ടി വരുമൊ !! ഇനി അഥവാ, നമ്മുടെ അഭിപ്രായം എന്താണെന്ന് കോടതി ചോദിച്ചാൽ നമ്മൾ ആരുടെ ഭാഗത്ത് നിൽക്കണം , എന്താ നിങ്ങളുടെ അഭിപ്രായം. NB : എന്തിന്റെ പേരിൽ ആണെങ്കിലും കൊടുത്തത് തിരിച്ച് വാങ്ങുന്നതിനോട് വ്യക്തിപരമായ് യോജിപ്പില്ല''.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വക്കീൽ നോട്ടീസിന്റെ പൂർണരൂപം: എന്റെ ക്ലയന്റ് തന്റെ 06.894 സെന്റ് ഭൂമി തൃക്കോടിത്താനം വില്ലേജ്, ചങ്ങനാശ്ശേരി താലൂക്ക്, കോട്ടയം ജില്ല എന്നിടത്തെ സർവേ നമ്പർ 528/2-2, 528/4-1 എന്നിവയിൽ നിന്ന് നിങ്ങളുടെ മക്കളായ രാഹുൽ ദാസ്, റിതുൽ ദാസ് എന്നിവർക്ക് വേണ്ടി വീട് നിർമ്മിക്കുന്നതിനായി ഇഷ്ടദാനമായി നൽകിയിരിക്കുന്നു.
നിങ്ങളുടെ ഭർത്താവായിരുന്ന, പ്രശസ്ത കലാകാരനായിരുന്ന അന്തരിച്ച. കൊല്ലം സുധിയുടെ ദുരന്തമരണം കാരണം നിങ്ങളുടെ കുടുംബം ദുരിതത്തിലായിരുന്നു, സ്വന്തമായി വീടില്ലാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ ആത്മാർത്ഥ സുഹൃത്തും ദാനധർമ്മപ്രിയനുമായ എന്റെ ക്ലയന്റ്, മേൽപ്പറഞ്ഞ സ്വത്ത് സ്വമേധയാ ദാനമായി നൽകുകയായിരുന്നു.
എന്നാൽ നിങ്ങളും നിങ്ങളുടെ മൂത്തമകനും നിങ്ങളുടെ സുഹൃത്തുക്കളും ചേർന്ന് എന്റെ ക്ലയന്റിനെതിരെ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ വീഡിയോകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
ഇത് സമൂഹത്തിലെ വിവേകമുള്ളവരുടെ ഇടയിൽ എന്റെ ക്ലയന്റിന്റെ പ്രതിച്ഛായയ്ക്ക് കനത്ത നാശമുണ്ടാക്കുന്നതാണ്. കൂടാതെ എന്റെ ക്ലയന്റിന്റെ സ്വത്തിന്റെ സ്ഥാനവും സൗകര്യങ്ങളും സംബന്ധിച്ച് തെറ്റായ വാദങ്ങൾ പ്രചരിപ്പിച്ച് അതിന്റെ മൂല്യം കുറയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ അനാവശ്യവും നിയമവിരുദ്ധവുമാണ്.
നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും അടുത്തവരും ചേർന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന അപകീർത്തികരമായ വീഡിയോകൾ എന്റെ ക്ലയന്റിനെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്. ഇത് പൊതുജനങ്ങളുടെ ഇടയിൽ എന്റെ ക്ലയന്റിന്റെ പ്രതിച്ഛായയെ വളരെയധികം കളങ്കപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കപ്പെട്ട് ആയിരക്കണക്കിന് ആളുകൾ കണ്ടിട്ടുണ്ട്. നിങ്ങളുടെ ഈ പ്രവർത്തികൾ മുഴുവനും അപകീർത്തിപരമായ (defamation) കുറ്റമാണ്. ഇത് സിവിൽ തെറ്റും ക്രിമിനൽ കുറ്റവുമാണ്.
അതിനാൽ, ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് ഇനി മുതൽ എന്റെ ക്ലയന്റിനെതിരെ യാതൊരു അപകീർത്തികരമോ നിന്ദാത്മകമോ ആയ വീഡിയോകളോ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കരുത് എന്നും, ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ അത്തരം വീഡിയോകളും സോഷ്യൽ മീഡിയയിൽ നിന്ന് 7 ദിവസത്തിനകം നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
ഇത് അനുസരിക്കാതിരുന്നാൽ, നിങ്ങൾക്കെതിരെ ഉചിതമായ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതിനൊപ്പം, ഉചിതമായ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള സിവിൽ കേസുകളും ആരംഭിക്കുമെന്ന് അറിയിക്കുന്നു. കൂടാതെ, ഗിഫ്റ്റ് ഡീഡ് (സമ്മാന രേഖ) റദ്ദാക്കുന്നതിനുള്ള എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കും. അതിനുള്ള എല്ലാ ചെലവുകളും നിങ്ങൾ വഹിക്കേണ്ടി വരുമെന്നും അതിന്റെ എല്ലാ പ്രത്യാഘാതങ്ങൾക്കും നിങ്ങൾ തന്നെ ഉത്തരവാദിയാണെന്നും അറിയിക്കുന്നു.












Click it and Unblock the Notifications