എനിക്ക് ചുറ്റും ശത്രുക്കളുണ്ട്; റീച്ച് കിട്ടാന്‍ രേണു സുധിയെ ചീത്ത വിളിച്ചാല്‍ മതി; അവരുടെ ലക്ഷ്യം ഇതാണ്
സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തിക്കൊപ്പം വിവാദങ്ങളും രേണു സുധിയെ തുടര്‍ച്ചയായി വേട്ടയാടുകയാണ്. നിരവധി യൂട്യൂബ് ചാനലുകളാണ് രേണുവിന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ദിവസവും പുതിയ വീഡിയോ ഇടുന്നത്. പലപ്പോഴും രേണുവിന്റെ അതിരു വിട്ട സംസാരമാണ് പുലിവാലു പിടിക്കുന്നത്. കൊല്ലം സുധിയുടെ മരണശേഷം വീട് വയ്ക്കാന്‍ ഭൂമി വിട്ടു നല്‍കിയ ബിഷപ് നോബിള്‍ ഫിലിപ്പിനെയും അവിടെ വീട് നിര്‍മ്മിച്ചു നല്‍കിയ കെഎച്ച്ഡിഇസി ഫിറോസിനെയും തള്ളിപ്പറഞ്ഞതാണ് രേണുവിന് വലിയ വിനയായി മാറിയത്. ഇതോടെ വലിയ സൈബര്‍ ആക്രമണമാണ് രേണു നേരിടേണ്ടി വന്നത്. രേണുവിന്റെ ഓരോ വാക്കുകളും യുട്യൂബേഴ്സ് എടുത്ത് വിമര്‍ശിക്കാനും തുടങ്ങി.
സഹായിച്ചവരെ തള്ളിപ്പറഞ്ഞ രേണു നന്ദിയില്ലാത്തവളാണെന്നും അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തി, മരിച്ചുപോയ ഭര്‍ത്താവിനെ വിറ്റു കാശാക്കുന്നവള്‍ എന്നത് ഉള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളാണ് രേണു കേള്‍ക്കേണ്ടി വന്നത്. പലപ്പോഴും രേണു പറയാത്ത കാര്യം പോലും രേണുവിന്റെ വാക്കുകളായി പ്രചരിക്കാന്‍ തുടങ്ങി. രേണുവിന്റെ ഭാഗത്തു നിന്നുള്ള പരാമര്‍ശങ്ങള്‍ കടുത്തതോടെ ബിഷപ്പ് രേണുവിനും സുധിയുടെ മൂത്തമകന്‍ കിച്ചുവിനും എതിരെ വക്കീല്‍ നോട്ടീസും അയച്ചു. ഇതിനു ശേഷം ബിഷപ്പിനെതിരെ രേണു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ല.

അതിനിടെ വിദേശത്തു നിന്ന് ഉള്‍പ്പെടെ നിരവധി ഉദ്ഘാടന ചടങ്ങുകളും ഫോട്ടോ ഷൂട്ടുകളും രേണുവിനെ തേടിയെത്തുന്നുണ്ട്. ഒരു സെലിബ്രിറ്റിയേക്കാള്‍ കൂടുതല്‍ ഉദ്ഘാടന ചടങ്ങുകളും മീഡിയ അറ്റന്‍ഷനും രേണുവിന് ലഭിക്കുന്നുണ്ട്. ഇതിലുള്ള അസൂയ കൊണ്ടും സോഷ്യല്‍ മീഡിയ റീച്ച് വര്‍ദ്ധിപ്പിക്കാനുമാണ് രേണുവിനെ വിമര്‍ശിക്കുന്നത് എന്നാണ് രേണുവിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതൊക്കെയാണെങ്കിലും എല്ലാ വിമര്‍ശനങ്ങളും അതിജീവിച്ച് ഉദ്ഘാടന ചടങ്ങുകളിലും ഫോട്ടോ ഷൂട്ടിലും ആല്‍ബങ്ങളിലുമായി നിറഞ്ഞുനില്‍ക്കുകയാണ് രേണു സുധി.
തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രേണു സുധി. അവരുടെ റീച്ച് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് തന്നെ വേട്ടയാടുന്നതെന്നും രേണു വ്യക്തമാക്കി. രേണുവിന്റെ വാക്കുകള്‍: സോഷ്യല്‍ മീഡിയ തന്നെയാണ് നമ്മളെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും. ഞാന്‍ തളരാതെ നോക്കുന്നത് കൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്. തളര്‍ത്താന്‍ ഒരുപാട് പേരുണ്ട്. ഞാനറിയാത്ത ഒരുപാട് ശത്രുക്കള്‍ എനിക്ക് ചുറ്റുമുണ്ട്. അത് ഒരുപക്ഷേ ശത്രുത ആയിരിക്കില്ല, റീച്ചിനു വേണ്ടി ആയിരിക്കും.
ഇപ്പോള്‍ ഒരു പറച്ചിലുണ്ട്, പുതുതായി ഒരാള്‍ക്ക് റീച്ച് കിട്ടാന്‍ രേണു സുധിയെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചാല്‍ മതി. രേണു സുധിയെ തെറി വിളിച്ച് രണ്ടു മൂന്ന് വ്‌ളോഗ് ചെയ്താല്‍ റീച്ച് കിട്ടും. തളരാതിരുന്നാല്‍ നമ്മള്‍ വളര്‍ന്നു കൊണ്ടിരിക്കും. ഇതൊക്കെ കേട്ട് തളര്‍ന്നു കഴിഞ്ഞാല്‍ അവിടെ കിടക്കത്തേയുള്ളൂ. തളര്‍ത്താനും വളര്‍ത്താനും സോഷ്യല്‍ മീഡിയയ്ക്ക് കഴിയും - രേണു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications