അന്ന് പൊലീസ് സ്‌റ്റേഷനു മുന്നില്‍ പൊട്ടിക്കരഞ്ഞു; ഇന്ന് ഇതേ സ്ഥലത്ത് ഉദ്ഘാടക; പൊലീസുകാരോടുള്ള മധുര പ്രതികാരം
ബിഗ് ബോസ് സീസണ്‍ 7 മത്സരാര്‍ത്ഥി ആയതോടെ രേണു സുധിയുടെ കരിയര്‍ ഗ്രാഫ് വളരെയധികം ഉയര്‍ന്നിരുന്നു. കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലില്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സുകള്‍ ചെയ്യാന്‍ തുടങ്ങിയ രേണു ഇന്ന് പൊതു സമൂഹത്തില്‍ ഒരു സെലിബ്രിറ്റി ഇമേജുള്ള താരമായി മാറി. മറ്റു ബിഗ് ബോസ് മത്സരാര്‍ത്ഥികളേക്കാള്‍ അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണ് രേണു നേടിയത്. ഒരുപക്ഷേ ബിഗ്‌ബോസ് വിന്നറായ അനുമോളേക്കാളും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടുന്നത് രേണു സുധിക്കാണ്.
രേണുവിന്റെ ദൈനംദിന ജീവിതം പോലും സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റായി മാറിക്കഴിഞ്ഞു. ബിഗ് ബോസില്‍ നിന്നിറങ്ങിയ ശേഷം മൂന്നു തവണയാണ് രേണു സുധി ഉദ്ഘാടന ചടങ്ങുകള്‍ക്കായി വിദേശത്തു പോയത്. ഇവിടെയെല്ലാം നിരവധി പേരാണ് രേണുവിനെ കാണാനും സമ്മാനങ്ങള്‍ കൈമാറാനുമായി എത്തിയത്. ഒറ്റയ്ക്ക് കുടുംബത്തെ നോക്കുന്ന സ്ത്രീ എന്ന നിലയില്‍ പഴയതിനേക്കാള്‍ സ്വീകാര്യത രേണുവിന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
നേരത്തെ രേണുവിനെ ബോഡി ഷെയിമിങ് നടത്തിയവരും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചവരും ഇന്ന് രേണുവിന്റെ വളര്‍ച്ച കണ്ട് അമ്പരക്കുകയാണ്. കഴിഞ്ഞദിവസം 15 ലക്ഷം രൂപയുടെ സ്വിഫ്റ്റ് കാറും രേണു സ്വന്തമാക്കിയിരുന്നു. സ്വന്തമായി അധ്വാനിച്ച് തുക കൊണ്ടാണ് രേണു ഈ കാര്‍ വാങ്ങിയത്. ഇനി സ്വന്തം പേരില്‍ ഒരു വീട് നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് രേണു വ്യക്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം രേണു സുധി ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാന്‍ ചങ്ങനാശേരിയില്‍ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ അതുല്‍ എന്ന വ്‌ളോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ രേണു ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അന്ന് പരാതി നല്‍കിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചു എന്ന് പറഞ്ഞ് രേണു കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് കരഞ്ഞു കൊണ്ട് രേണു പറയുന്ന വീഡിയോ അന്ന് വൈറല്‍ ആവുകയും ചെയ്തു.
ഇപ്പോള്‍ ഈ പൊലീസ് സ്റ്റേഷനും സമീപമാണ് ഉദ്ഘാടന ചടങ്ങിനായി രേണു എത്തിയത്. അന്ന് കരഞ്ഞുകൊണ്ട് നിന്ന അതേ സ്ഥലത്ത് ഇന്ന് ഉദ്ഘാടകയായി ഇവിടെ എത്തിയത് ഒരു മധുര പ്രതികാരമാണെന്ന് രേണു പറയുന്നു. രേണുവിന്റെ വാക്കുകള്‍:
ഇന്നത്തെ ഈ ഉദ്ഘാടനം ഒരു മധുര പ്രതികാരം കൂടിയാണ്. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്റ്റേഷനു മുന്നിലാണ് ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് നിന്നത്. അന്ന് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും എനിക്കൊപ്പം ഉണ്ടായിരുന്നു. അന്ന് പൊട്ടിക്കരഞ്ഞ സ്ഥലത്തിന്റെ ഓപ്പോസിറ്റ് തന്നെ ഇങ്ങനെയൊരു ചടങ്ങിന് വിളിക്കുക എന്നത് ഒരു മധുര പ്രതികാരം തന്നെയാണ്. ആ ഉദ്യോഗസ്ഥന്മാര്‍ ഇപ്പോള്‍ അവിടെ ഇല്ല. പുതിയ ഉദ്യോഗസ്ഥര്‍ അവിടെയുണ്ട്. ഞാന്‍ അവരെയല്ല പറയുന്നത്. അവരില്‍ നല്ല ഉദ്യോഗസ്ഥരും ഉണ്ട്. എന്നാല്‍ അന്ന് അങ്ങനെ അല്ലായിരുന്നു - ഇതായിരുന്നു രേണുവിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍.












Click it and Unblock the Notifications