'എംജി ശ്രീകുമാർ 5 ലക്ഷത്തിന് പരിപാടി ഉറപ്പിച്ചു,ആളെ കണ്ടപ്പോൾ 6 ലക്ഷം വേണമെന്ന്,പാടാതെ ഇറങ്ങിപ്പോയി';ശാന്തിവിള
എംജി ശ്രീകുമാറിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. തിരുവനന്തപുരത്ത് ഒരു പരിപാടിക്കിടെ കൂടുതൽ തുക പ്രതിഫലം ആവശ്യപ്പെടുകയും സംഘാടകർ അതിന് തയ്യാറാകാതിരുന്നതോടെ അഡ്വാൻസ് വാങ്ങിയ തുക പോലും മടക്കി നൽകാതെ എംജി ഇറങ്ങിപ്പോയെന്നും ശാന്തിവിള പറഞ്ഞു. ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെ
'ഭാഗ്യം കൊണ്ട് മാത്രം വലിയ ഗായകനായ ആളാണ് എംജി ശ്രീകുമാർ. ഒരു സംഗീത കുടുംബത്തിൽ ജനിച്ചെങ്കിലും എംജി രാധാകൃഷ്ണൻ ചേട്ടനെ പോലെയോ ഓമനക്കുട്ടി അമ്മയെ പോലെയോ ഒന്നും സംഗീതത്തിൽ അവഗാഹം ഉണ്ടാക്കിയ ഒരാളൊന്നുമല്ല അദ്ദേഹം. കൊച്ചു പ്രായത്തിൽ തന്നെ ബാങ്കിൽ ജോലിയൊക്കെ കിട്ടിപ്പോയ ആളല്ലേ. പക്ഷേ മോഹൻലാൽ എന്നൊരു സൂപ്പർ താരം ഉണ്ടാവുകയും അദ്ദേഹത്തെ വെച്ച് നിരന്തരമായി സൂപ്പർഹിറ്റ് സിനിമകൾ പ്രിയദർശൻ എന്നൊരു ഫിലിംമേക്കർ ജന്മം കൊടുക്കുകയും ചെയ്തതിനാലാണ് ഈ ഗായകൻ ശ്രദ്ധേയനായത് എന്നാണ് എന്റെ വിശ്വാസം.

പിന്നെ പിടിച്ചു നിൽക്കാനായി കഠിനമായ ഹോംവർക്കുകൾ ചെയ്ത് ഓരോ പടവുകൾ ചവിട്ടി കയറി ഗായകനായി അദ്ദേഹം വളർന്നു. കാരണം യേശുദാസിന്റെയും ജയചന്ദ്രന്റെയും അപ്രമാദിത്വം നിലനിൽക്കുന്ന നാട്ടിൽ എനിക്കൊരു ഐഡന്റിറ്റി ഉണ്ടാക്കണമെങ്കിൽ ഞാൻ നന്നായി ഹോംവർക്ക് ചെയ്യണം, നന്നായി കഠിനപ്രയത്നം നടത്തണം എന്ന് തോന്നുകയും പടിപടിയായി ദേശീയ അവാർഡ് വരെ വാങ്ങുന്ന നിലയിലേക്ക് ശ്രീകുമാർ വളർന്നു. ആ ശ്രമം കണ്ടു പഠിക്കണം പുതിയ തലമുറയിലെ ഗായകർ എന്ന് ഞാൻ പറയും.
രണ്ട് തലമുറക്കല്ല, അതിനേക്കാൾ കൂടുതൽ സാമ്പത്തികമായി അദ്ദേഹം ഉണ്ടാക്കി. മിക്കവാറും ദിവസങ്ങളിൽ വിദേശത്ത് ഗാനമേള. ചാനലായ ചാനലിൽ എല്ലാം മാർക്കിടൽ, എല്ലാം വലിയ തുക വാങ്ങിയിട്ടാണ്. സിനിമ പാട്ട് കുറഞ്ഞപ്പോൾ അദ്ദേഹം അതിലും നല്ല കാശ് ഉണ്ടാക്കി. അതൊക്കെ നടക്കട്ടെ എന്ന പക്ഷക്കാരനാണ് ഞാൻ. അതിനിടയിൽ ആർത്തി മൂത്ത് ചിലറ നെറികേടിന്റെ പണികൾ കൂടി ചെയ്യാമോ എന്നാണ് എനിക്ക് എംജി ശ്രീകുമാറിനോട് ചോദിക്കാനുള്ളത്.
ഇക്കഴിഞ്ഞ ക്രിസ്മസിന് തിരുവനന്തപുരം എൽ.എം.എസ്. കോമ്പൗണ്ടിൽ ക്രിസ്മസ് ആഘോഷം വെച്ചു അച്ഛന്മാരെല്ലാം കൂടി. അതിനായി അവർ ചെറിയ തുകയ്ക്കുള്ള ടിക്കറ്റ് അടിച്ച് അവരുടെ സന്ദർശകരായ, അവരുടെ വിശ്വാസികളായ ആളുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനായി കൂപ്പണുകളും കൊടുത്തു. ഒരു ദിവസം എംജി ശ്രീകുമാറിന്റെ ഗാനമേളയായിരുന്നു. ഗാനമേളയിൽ ഞാൻ പാടണമെങ്കിൽ എനിക്ക് അഞ്ച് ലക്ഷം രൂപ തരണമെന്ന് ഇദ്ദേഹം പറയുകയും ഒരു തർക്കവും ഇല്ലാതെ അവർ അഞ്ച് ലക്ഷം രൂപ പ്രതിഫലം തരാമെന്ന് ഏൽക്കുകയും ഒരു ലക്ഷം രൂപ അഡ്വാൻസും കൊടുക്കുകയും ചെയ്തു.
പ്രോഗ്രാം ദിവസം ശ്രീകുമാർ വന്നപ്പോൾ മോശമല്ലാത്ത ആൾക്കൂട്ടമുണ്ട് ഗാനമേള കേൾക്കാൻ. എന്നാൽ എനിക്ക് ഒരു ലക്ഷം കൂടി വേണം എന്നായി ഗായകൻ. അങ്ങനെ പറയാമോ? ഈ പ്രോഗ്രാം ആ എൽ.എം.എസ്.-ുമായി ബന്ധപ്പെട്ട ഒരു വിശ്വാസിയാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. സംഘാടകർ സ്പോൺസറെ വിളിച്ചു. "ഞാൻ അഞ്ച് ലക്ഷം തന്നു, ഇനി പത്ത് പൈസ ഞാൻ തരില്ല" എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. പക്ഷേ ശ്രീകുമാറിന് അത് പോരാ, എനിക്ക് ആറ് കിട്ടും എന്നായി തർക്കമായി. ശ്രീകുമാർ പാടാതെ അഡ്വാൻസ് വാങ്ങിച്ച് പൈസ മടക്കി കൊടുക്കാതെ എൽ.എം.എസ്.-ൽ നിന്ന് പോയി. സംഘാടകനായ ഒരു പാവം അച്ഛൻ എന്നെ വിളിച്ചു. അദ്ദേഹം വളരെ വിഷമത്തോടുകൂടി എന്നോട് സംസാരിച്ചു. ഒരു ഗായകൻ ഇങ്ങനെ ചെയ്യാമോ സാറേ എന്നൊക്കെ പറഞ്ഞു.
എന്നെപ്പോലെ ഒരാൾ ആ കമ്മിറ്റിയിൽ ഉണ്ടെങ്കിൽ ഉറപ്പായിട്ടും കാർ തടഞ്ഞിട്ട് പാടിയിട്ട് പോടാ എന്ന് പറയും. ഗേറ്റ് പൂട്ടി ഇടില്ലേ. പക്ഷേ പാവം ഈ അച്ഛന്മാർ അത് ചെയ്തില്ല. അവർ എന്നെ അടക്കം പലരെയും വിളിച്ചു പറഞ്ഞുകാണും. അവരാരും എംജി ശ്രീകുമാറെ പിണക്കേണ്ട എന്ന് പറഞ്ഞിരിക്കാം. പക്ഷേ ഞാൻ പറയും, ശ്രീകുമാറേ കാണിച്ചത് ശുദ്ധ ചെറ്റത്തരം ആയെന്ന്. ഇനി അഡ്വാൻസ് വാങ്ങിച്ച ഒരു ലക്ഷമെങ്കിലും മടക്കി കൊടുക്കൂ കേട്ടോ. ഈ പള്ളിയിൽ ചെയ്തത് ഏതെങ്കിലും ഒരു അമ്പലത്തിൽ ചെയ്യുമോ? ഇടിച്ചു പഞ്ചറാക്കില്ലേ, നിങ്ങളെ സൂപ്പാക്കിയേനെ'












Click it and Unblock the Notifications