മമ്മൂട്ടി കുറച്ച് പണത്തിന് ഇത്രയും അധഃപതിക്കരുതായിരുന്നു,സ്വന്തം വില കളയരുത്;വിമർശിച്ച് ശാന്തിവിള ദിനേശ്
നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. മമ്മൂട്ടിയുടെ വീട്ട് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിലാണ് വിമർശനം. തൻറെ യുട്യൂബ് ചാനലിലൂടെ ശാന്തിവിള പറഞ്ഞ വാക്കുകൾ ഇങ്ങനെ-
'നാണംകെട്ട ഒരു പരസ്യം കണ്ടതിനെപ്പറ്റിയാണ് അടുത്ത് പറയാനുള്ളത്. ചെമ്പിലെ ഒരു ചെറിയ വീട്ടിൽ മമ്മൂട്ടി ജനിച്ചു വളർന്നു-അത് എല്ലാവർക്കും അറിയാമല്ലോ. മദ്രാസിൽ അദ്ദേഹം ഒരു വീട് വെച്ചിരുന്നു; ഒന്നൊന്നര വീടായിരുന്നു എന്ന് പറയാം. ഞാൻ അവിടെ പോയിട്ടുണ്ട്. നല്ല വീട് പണിത്, പിന്നെ അതിന്റെ ചുവരുകളിൽ നല്ല കാശ് ചെലവിട്ട് പായലൊക്കെ പിടിപ്പിച്ചിട്ടാണ് മമ്മുക്ക മദ്രാസിൽ താമസിച്ചത്. പിന്നെ കൊച്ചിയിലെ പനമ്പള്ളി നഗറിൽ ഒരു വീട് വെച്ചു. അവിടെ കുറേക്കാലം താമസിച്ചു. ഇപ്പോൾ കടവന്ത്രയിൽ കൊട്ടാരം പോലുള്ള ഒരു രമ്യ ഹർമ്യം പണിത് അദ്ദേഹം താമസിക്കുന്നു. മകൻ ദുൽഖറും കൊച്ചിയിൽ വേറെ വീട് വെച്ച് താമസിക്കുന്നു.

നടുക്കടലിൽ പോയാലും നായ നക്കിയോ കുടിക്കൂ എന്ന് പറഞ്ഞ കണക്കിന് നാണം തോന്നിയ ഒരു പരസ്യം ഞാൻ ഇന്നലെ കണ്ടു. മമ്മുക്കയുടെ പനമ്പള്ളി നഗരത്തിലെ വീട്ടിൽ താമസിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ എന്നാണ് പരസ്യം. ഇതാ ഒരു സുവർണ അവസരം, 25 കോടി അടിച്ചാലും നിങ്ങൾക്ക് ഈ ഭാഗ്യം കിട്ടില്ല എന്ന തരത്തിലാണ് പറയുന്നത്. ജനുവരി 24, 25 തീയതികളിൽ ലുലു മാളിൽ നടക്കുന്ന മനോരമ ഫോർച്യൂൺ ട്രാവൽസ് ആൻഡ് ടൂറിസം എക്സ്പോയ്ക്കായി രജിസ്റ്റർ ചെയ്യൂ; അതിൽ രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാം.
വർഷങ്ങളോളം മമ്മുക്ക താമസിച്ച വീട്ടിൽ താമസിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. മമ്മുക്കയുടെ അവാർഡ് കളക്ഷനുകൾ, അദ്ദേഹം സിനിമ കണ്ടുകൊണ്ടിരുന്ന ഹോം തിയേറ്റർ, ദുൽഖറിന്റെ സ്വീറ്റ് റൂം, മറ്റ് അനേകം ആകർഷണങ്ങൾ ഉള്ള ഈ വീട്ടിൽ താമസിക്കാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ എന്നാണ് പരസ്യം. മനോരമ വയോഗർ എന്ന് പറഞ്ഞ സൈറ്റിലാണ് പരസ്യം നൽകിയിരിക്കുന്നത്.
മനോരമയ്ക്ക് ഇങ്ങനെ ആളുകളെ ആകർഷിക്കാൻ നാണമില്ലെങ്കിൽ അവർ ഇത്തരത്തിലുള്ള പരസ്യങ്ങൾ കൊടുത്തോട്ടെ. കുറച്ച് കാശിന് വേണ്ടി നമ്മുടെ പ്രിയപ്പെട്ട നടൻ ഇങ്ങനെ അധപ്പതിക്കാമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
എന്തായാലും, ഈ സംഭവം എവിടെവരെ പോകും എന്ന് അറിയാനായി ഞാൻ മനോരമയുടെ വയോഗറിൽ കയറി ഒന്ന് സെർച്ച് ചെയ്തു. അപ്പോൾ ആദ്യം "രജിസ്റ്റർ ചെയ്യൂ" എന്നാണ് വന്നത്-"സ്വപ്നതുല്യമായ അവസരം സ്വന്തമാക്കൂ" എന്ന് നമ്മളെ മാടി വിളിക്കുന്നു. വിവരങ്ങൾ ഫിൽ ചെയ്ത് ഒരു ഘട്ടം എത്തിയപ്പോൾ മുന്നോട്ട് പോകുന്നില്ല. രണ്ട് ദിവസം താമസിക്കാനോ, രണ്ട് ആഴ്ച താമസിക്കാനോ, അല്ലെങ്കിൽ ജീവിതകാലം മുഴുവൻ താമസിക്കാനോ എത്ര രൂപയാണ് എന്നൊക്കെ കണ്ടെത്താമെന്ന് വിചാരിച്ചാണ് ഞാൻ മുന്നോട്ട് ശ്രമിച്ചത്.
പക്ഷേ, പോകുന്നില്ല. എന്തിനാണ് ഇങ്ങനെ മമ്മൂട്ടിയെ പോലൊരു നടൻ സ്വന്തം വില കളയുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അദ്ദേഹത്തിന് റേഷൻ വാങ്ങിക്കാനുള്ള വക വേറെ കിട്ടുന്നുണ്ടല്ലോ. ഈ കിടന്നിരുന്ന കിടപ്പുമുറി അടക്കം കണ്ടവർക്ക് കിടക്കാൻ കൊടുത്ത് ആ പൈസ കൊണ്ട് ജീവിക്കേണ്ട ഗതികേട് അദ്ദേഹത്തിനോ, അദ്ദേഹത്തിന്റെ മകനോ മകൾക്കോ ഇല്ല. താമസിച്ചിരുന്ന വീട് പത്മനാഭപുരം കൊട്ടാരത്തെക്കാൾ മഹത്വപ്പെടുത്തി ദിവസവാടകയ്ക്ക് കൊടുക്കുന്ന പരിപാടി നാണംകെട്ടതാണ്. ഈ പത്മശ്രീകാരൻ, നാഷണൽ അവാർഡ് അടക്കം ലോകത്ത് കിട്ടാവുന്ന എല്ലാ അവാർഡുകളും നേടിയ മമ്മുക്ക ഒരിക്കലും ഇത്രയും അധപ്പതിക്കരുതായിരുന്നു'












Click it and Unblock the Notifications