കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശങ്കര്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമകളിലെ നായകനായി തിളങ്ങിയ ശങ്കര്‍ ഇപ്പോഴും സാംസ്‌കാരിക വേദികളില്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ശങ്കര്‍ നേരിട്ടത്. ഒരു പുരസ്‌കാര ദാനച്ചടങ്ങിലെ ശങ്കറിന്റെ പ്രവര്‍ത്തിയാണ് വലിയ വിമര്‍ശനത്തിന് ഇടയാക്കിയത്.
കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ഒരു അവാര്‍ഡ് ദാന പരിപാടിയാണ് വലിയ ചര്‍ച്ചയായത്. ദേശീയ കലാസംസ്‌കൃതി അനശ്വര കലാകാരന്‍ കലാഭവന്‍ മണി അനുസ്മരണ ചടങ്ങിലാണ് സംഭവം ഉണ്ടായത്. പുരസ്‌കാരം നല്‍കാനാണ് ശങ്കര്‍ ഈ ചടങ്ങില്‍ എത്തിയത്. മിമിക്രി ആര്‍ട്ടിസ്റ്റും ബിഗ് ബോസ് താരവുമായ കലാഭവന്‍ സരിഗയാണ് അവാര്‍ഡിന് അര്‍ഹയായത്. നാടന്‍ പാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനാണ് സരിഗയ്ക്ക് കലാഭവന്‍ മണിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചത്.
സംവിധായകന്‍ വിനയനാണ് സരിഗയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. അതിനു ശേഷം നടന്‍ ശങ്കറാണ് പ്രശസ്തിപത്രം കൈമാറിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ സരിഗ ശങ്കറിന് നേരെ ഹസ്തദാനത്തിനായി കൈനീട്ടി. എന്നാല്‍ കൈനീട്ടാന്‍ ശങ്കര്‍ തയ്യാറായില്ല. വീണ്ടും സരിഗ ഹസ്തദാനത്തിനായി ശ്രമിച്ചെങ്കിലും ശങ്കര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് ശങ്കറിന്റെ കാലില്‍ തൊട്ടുവന്ദിച്ച് സരിഗ വേദി വിടുകയായിരുന്നു.

ശങ്കര്‍ കൈനീട്ടാന്‍ വിസമ്മതിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത് വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. മികച്ച കലാകാരിയായ സരിഗയെ അപമാനിക്കുന്നതിന് തുല്യമാണ് ശങ്കറിന്റെ പ്രവര്‍ത്തി എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. നിരവധി പേരാണ് ശങ്കറിനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകള്‍ കുറിച്ചത്. തുടര്‍ച്ചയായി ഉയരുന്ന മീടൂ ആരോപണങ്ങള്‍ കാരണമാണ് ശങ്കര്‍ കൈനീട്ടാന്‍ മടിച്ചതെന്നായിരുന്നു ഒരു വിഭാഗം ന്യായീകരിച്ചത്. കൈ കൊടുക്കണോ വേണ്ടയോ എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും പലരും ചൂണ്ടിക്കാട്ടി.
ഈ സംഭവം നടന്ന് രണ്ടു ദിവസത്തെ മൗനത്തിനു ശേഷം പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ശങ്കര്‍. വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് ശങ്കര്‍ പ്രതികരണവുമായി എത്തിയത്. നിര്‍ഭാഗ്യം കൊണ്ടാണ് അങ്ങനെയൊരു സംഭവം ഉണ്ടായതെന്നും സരിഗയെ വിളിച്ചു മാപ്പ് ചോദിച്ചതായും ശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോയിലുടെ വ്യക്തമാക്കി.
ശങ്കറിന്റെ വാക്കുകള്‍: രണ്ടു ദിവസം മുമ്പ് ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ഫങ്ഷനില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതില്‍ എനിക്ക് അവാര്‍ഡ് ഉണ്ടായിരുന്നു. ഒരുപാട് കലാകാരന്മാര്‍ അവിടെ വന്നിരുന്നു. കലാഭവന്‍ സരിഗയ്ക്കും അവാര്‍ഡ് ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അവര്‍ക്ക് കൈ കൊടുത്തില്ല എന്നു പറഞ്ഞ് ഒരു വീഡിയോ വളരെയധികം പ്രചരിച്ചു. അത് ഒരു തെറ്റിദ്ധാരണയുടെ പേരില്‍ സംഭവിച്ചതാണ്. വിനയന്‍ സാറാണ് അവാര്‍ഡ് കൊടുത്തത്. വിനയന്‍ സാറിന് കൈകൊടുത്ത ശേഷം സരിഗ കാല്‍തൊട്ട് വന്ദിച്ചു. അവര്‍ എന്റെ കാല്‍ വന്ദിക്കാന്‍ പോകുന്നതു പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അതാണ് ഞാന്‍ ഉദ്ദേശിച്ചത്.
ഞാനീ വിഷയത്തില്‍ കൂടുതല്‍ എക്‌സ്പ്ലനേഷന്‍ ഒന്നും നല്‍കുന്നില്ല. പത്തു നാല്‍പത്തഞ്ചു വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഇതുവരെ ഞാന്‍ ആരെയും ഇന്‍സള്‍ട്ട് ചെയ്തിട്ടില്ല. എല്ലാവരുമായും സഹകരിച്ചു പോകുന്ന ഒരാളാണ് ഞാന്‍. ഇതൊരു നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇന്നലെ സരിഗയെ വിളിച്ചിരുന്നു. കുറച്ചുനേരം സംസാരിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. സോറി പറഞ്ഞു. താങ്ക്യൂ - ശങ്കറിന്റെ വാക്കുകള്‍.


Click it and Unblock the Notifications