ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്‌മാന്‍
ഇന്ത്യന്‍ സംഗീത ലോകത്ത് പുതുതലമുറ ഗായകരില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ശ്രേയ ഘോഷാലാണ്. ഭാഷകള്‍ക്കതീതമായി സംഗീത പ്രേമികളുടെ മനസില്‍ ഇടംപിടിക്കാന്‍ ശ്രേയ ഘോഷാലിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയ്ക്കുള്ള പ്രതിഫലം സംബന്ധിച്ച വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
തെന്നിന്ത്യന്‍ സിനിമകളിലടക്കം പതിനായിരക്കണക്കിന് ആരാധകരുള്ള ശ്രേയയുടെ ഒരു സംഗീത ഷോയുടെ പ്രതിഫലം സംബന്ധിച്ച ഇന്‍വോയ്സ് പുറത്തുവന്നതോടെയാണ് ഈ തുക വെളിപ്പെട്ടത്. ഹൈദരാബാദിലെ ഹൈടെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന തെലങ്കാന ഗദ്ദര്‍ ഫിലിം അവാര്‍ഡ്സില്‍ പങ്കെടുക്കുന്നതിനായി ശ്രേയ വാങ്ങിയ തുക കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഈ ചടങ്ങില്‍ ശ്രേയ ആലപിച്ച ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു.
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പരിപാടിക്കായി ശ്രേയ വാങ്ങിയത് 1.65 കോടി രൂപയാണ്. ഈ അവാര്‍ഡ് നിശയില്‍ പങ്കെടുത്ത മറ്റ് പ്രമുഖ താരങ്ങളെക്കാള്‍ വളരെ കൂടുതലാണിത്. പ്രമുഖ നടി നിധി അഗര്‍വാളിന് 20 ലക്ഷം രൂപയും സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദിന് 60 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് വിവരം. പരിപാടിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ കലാകാരി ശ്രേയയാണ്. ഈ 1.65 കോടി രൂപ എന്നത് ഗായികയുടെ മാത്രം പ്രതിഫലമാണ്. പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നവര്‍ക്കും കൊറിയോഗ്രാഫര്‍ക്കും സ്റ്റേജ് ഒരുക്കുന്നതിനുമുള്ള ചെലവുകള്‍ ഇതിന് പുറമെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകരുടെ പട്ടികയില്‍ ശ്രേയ ഘോഷാല്‍ മുന്‍നിരയിലാണെന്ന് ഈ കണക്കുകള്‍ അടിവരയിടുന്നു. എആര്‍ റഹ്‌മാന്‍ ഒരു കണ്‍സേര്‍ട്ടിനായി മൂന്ന് കോടി രൂപയിലധികം വാങ്ങാറുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അര്‍ജിത് സിംഗ്, സോനു നിഗം എന്നിവരും ഉയര്‍ന്ന തുക ഈടാക്കുന്ന ഗായകരാണ്. എന്നാല്‍ ശ്രേയയുടെ പ്രതിഫലം പുറത്തുവന്നതോടെ ആരാധകര്‍ക്കിടയില്‍ രസകരമായ ഒരു ചര്‍ച്ചയാണ് നടക്കുന്നത്. ടാലന്റ് വച്ച് നോക്കുമ്പോള്‍ ശ്രേയയ്ക്ക് ലഭിക്കുന്ന പ്രതിഫലം കുറഞ്ഞുപോയി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗായികമാരില്‍ ഒരാളായ ശ്രേയയ്ക്ക് ഇതിലും വലിയ തുക നല്‍കണമെന്നാണ് സംഗീത പ്രേമികള്‍ വാദിക്കുന്നത്. സുനിധി ചൗഹാനെപ്പോലെയുള്ള പ്രമുഖ ഗായികമാര്‍ കോര്‍പ്പറേറ്റ് പരിപാടികള്‍ക്ക് ഇതിനോട് അടുത്ത തുക വാങ്ങാറുണ്ടെന്നും അതുകൊണ്ട് തന്നെ ശ്രേയയുടെ പ്രതിഫലം അമിതമല്ലെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. ഏതായാലും തന്റെ ശബ്ദമാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത മേഖലയെ പതിറ്റാണ്ടുകളായി കീഴടക്കി കൊണ്ടിരിക്കുന്ന ശ്രേയ ഘോഷാലിന്റെ പ്രതിഫലം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.












Click it and Unblock the Notifications