ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്; ഇതാണ് യഥാര്‍ത്ഥ വസ്തുത; പോസ്റ്റുമായി ഷുക്കൂര്‍ വക്കീല്‍
തന്റെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി അഭിഭാഷകനും നടനുമായ സി. ഷുക്കൂര്‍ (ഷുക്കൂര്‍ വക്കീല്‍). കഴിഞ്ഞ ജനുവരി 26-നാണ് ഷുക്കൂറിന് സ്‌ട്രോക് ബാധിച്ചതായും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരനായ മുനീര്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ പെട്ടെന്ന് വൈറലാകുകയും ചെയ്തു. നിരവധി പേര്‍ അദ്ദേഹത്തിന് സുഖം പ്രാപിക്കാന്‍ ആശംസ നേരുകയും അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് പ്രചരിച്ച അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തിയാണ് തന്റെ ആരോഗ്യനിലയെക്കുറിച്ച് ഷുക്കൂര്‍ വക്കീല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
കഴിഞ്ഞ ജനുവരി 26-നാണ് തനിക്ക് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നും തുടര്‍ന്ന് കാസര്‍ഗോഡ് മിംസ് ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ തേടിയെന്നും ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. നിലവില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം 30 ദിവസത്തെ പൂര്‍ണ വിശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യപരമായ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധയെന്നും ഷുക്കൂര്‍ വക്കീല്‍ അറിയിച്ചു.
അടുത്ത കാലത്ത് തന്റെ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ സമ്പൂര്‍ണാവകാശം ഉറപ്പാക്കുന്നതിനായി, സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം തന്റെ ഭാര്യ ഷീനയെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇത് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തു.

ഷുക്കൂര്‍ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
എല്ലാവര്‍ക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ ചുരുക്കമായി അറിയിക്കുന്നു.
2026 ജനുവരി 26 മുതല്‍ എനിക്ക് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. കാസര്‍ഗോഡ് മിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയും, അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.
ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവന്‍ ശ്രദ്ധയും. എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.












Click it and Unblock the Notifications