ഷൂക്കൂര്‍ വക്കീല്‍ സുഖം പ്രാപിച്ചുവരികയാണ്; എല്ലാവരും പ്രാര്‍ത്ഥിക്കണം; വീഡിയോയുമായി സഹോദരന്‍
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമാണ് ഷുക്കൂര്‍ വക്കീല്‍. കാസര്‍ഗോഡ് സ്വദേശിയായ ഇദ്ദേഹം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സാമൂഹിക വിഷയങ്ങളിലുള്ള ഇദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ആദ്യ ചിത്രത്തിലെ അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയം ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. കാസര്‍ഗോഡ് ജില്ല ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം തന്റെ ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചത് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച് ഒരു സുപ്രധാന വിവരമാണ് സഹോദരനായ മുനീര്‍ പങ്കുവെക്കുന്നത്. സ്‌ട്രോക് ബാധിച്ചതിനെത്തുടര്‍ന്ന് ഷുക്കൂര്‍ വക്കീല്‍ കാസര്‍ഗോഡ് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സഹോദരന്‍ മുനീര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നും ശരീരത്തിന്റെ ഇടതു ഭാഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും തുടരുകയാണെന്നും മുനീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. സഹോദരന്റെ വാക്കുകളിലേക്ക്:

എന്റെ ജേഷ്ഠന്‍, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്ന ഷുക്കൂര്‍ വക്കീല്‍ കഴിഞ്ഞ ജനുവരി 26ന് പെട്ടെന്നുണ്ടായ ഒരു സ്‌ട്രോക്ക് മൂലം കാസര്‍ഗോഡുള്ള ആസ്റ്റര്‍ മിംസ് ആശുപത്രിയിലാണ്. പടച്ചവന്റെ അനുഗ്രഹം കൊണ്ട് വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ചികിത്സ ലഭ്യമായതുകൊണ്ട് ജീവന്‍ തിരിച്ചു കിട്ടി. ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. സംസാരിക്കുന്നുണ്ട്, ഭക്ഷണം കഴിക്കുന്നുണ്ട്, എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ ഇടതൂ ഭാഗത്ത് ചെറിയ ബുദ്ധിമുട്ടുണ്ട്.
എനിക്ക് പറയാനുള്ളത്, നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എന്റെ ജേഷ്ഠനു വേണ്ടി ഉണ്ടാകണം, അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിച്ച്, പൂര്‍വസ്ഥിതിയിലേക്ക് വരാന്‍ വേണ്ടി നിങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം. ഒരുപക്ഷേ നിങ്ങള്‍ക്ക് പല രീതിയിലും അദ്ദേഹത്തിന്റെ എഴുത്തു കൊണ്ടോ വാക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാകാം, ഇല്ലായിരിക്കാം. അങ്ങനെ ആര്‍ക്കെങ്കിലും മനസില്‍ ഒരു വിഷമം തോന്നുന്നുണ്ടെങ്കില്‍ അത് പൊറുത്തു കൊടുക്കണം എന്നു കൂടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അത് പൊറുത്തു കൊടുത്ത് അദ്ദേഹം പൂര്‍ണ ആരോഗ്യ സ്ഥിതിയില്‍ എത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം.
നിരവധി പേരാണ് ഷുക്കൂര്‍ വക്കീലിന്റെ ആരോഗ്യത്തിനായി ആശംസകളും പ്രാര്‍ത്ഥനകളും മുനീറിന്റെ പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സില്‍ അറിയിക്കുന്നത്. നിമിഷങ്ങള്‍ക്കകം വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.












Click it and Unblock the Notifications