'ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ, രണ്ടു കൈകാലുകൾ ബന്ധിച്ചു, ഓർമ്മകൾ മാഞ്ഞു', തുറന്ന് പറഞ്ഞ് രഞ്ജു
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡർ വ്യക്തിയായ ജാസിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം ആണ് നടക്കുന്നത്. അടുത്തിടെ തന്റെ ശസ്ത്രക്രിയ കഴിഞ്ഞതായി വ്യക്തമാക്കി ജാസി രംഗത്ത് വന്നിരുന്നു. അവനിൽ നിന്ന് അവളിലേക്, എന്റെ സർജറി കഴിഞ്ഞു എന്നാണ് ജാസി ആശുപത്രി കിടക്കയിൽ കിടക്കുന്ന വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.
എന്നാൽ ജാസിയുടേത് ലിംഗമാറ്റ ശസ്ത്രക്രിയ അല്ല നടന്നത് എന്നതടക്കമുളള ആരോപണങ്ങൾ ഉന്നയിച്ചാൽ സോഷ്യൽ മീഡിയയിലെ ആക്രമണം. അതിനിടെ തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ.
രഞ്ജു രഞ്ജിമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ആദ്യമേ തന്നെ കേരളത്തിലെ ഓരോ ജനങ്ങളോടും കൈകൂപ്പുന്നു. ഒരു ട്രാൻസ് വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങൾ അറിയാതെ ആഘോക്ഷിക്കല്ലേ. ഒരു സർജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതും ആണെന്ന് എത്ര പേർക്ക് അറിയാം. നിങ്ങൾക്കു പറയാം *** മുറിച്ചു, മുറിച്ചു എന്നൊക്കെ,, എന്നാൽ ജീവനെ വിട്ടുകൊടുത്തു ആഗ്രഹിച്ച ശരീരം സ്വീകരിക്കാൻ മരണത്തെ പോലും പേടിക്കാതെ വിട്ടു കൊടുക്കുന്നു.

ദയവു ചെയ്തു ചിലർ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ള ട്രാൻസ് വിഭാഗത്തിലേക്കു അടിച്ചേൽപ്പിക്കരുത്. അപേക്ഷയാണ്. രണ്ടു കൈകാലുകൾ ബന്ധിച്ചു, ഓർമ്മകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ. ആ ദിവസം, പെണ്ണാകുക, എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക, ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം.
നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല. ലോകം എത്ര പുരോഗമിച്ചാലും. ഇനിയും ഇനിയും ഇവിടെ ഉത്ഭവിച്ചുകൊണ്ടേ ഇരിക്കും. നിങ്ങള്ക്ക് തടയാൻ ആവില്ല, സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ. ഇവിടെ ആരും ആർക്കും എതിരല്ല, ചേർത്ത് പിടിക്കുക, ചേർന്നു നിൽക്കുക''.












Click it and Unblock the Notifications