ഇതാണ് ഞങ്ങളുടെ യഥാര്‍ത്ഥ പ്രായം; മകളെ പോലും വെറുതെ വിട്ടിട്ടില്ല: ഇനി ശക്തമായി പ്രതികരിക്കും
ടെലിവിഷന്‍ താരവും വോയിസ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലും മിനിസ്‌ക്രീന്‍ താരമായ ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹം സൈബര്‍ ഇടത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വിവാഹ വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ ഇവര്‍ക്ക് നേരെ സൈബര്‍ ആക്രമണവും ആരംഭിച്ചു. ക്രിസും ദിവ്യയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു വിവാദത്തിന്റെ അടിസ്ഥാനം. വിവാഹ ശേഷം ഇരുവരും അഭിമുഖങ്ങളില്‍ തങ്ങളുടെ പ്രായം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സൈബര്‍ ആക്രമണത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല.
പലപ്പോഴും കടുത്ത ഭാഷയിലാണ് ഇരുവര്‍ക്കും സൈബര്‍ അധിക്ഷേപങ്ങള്‍ നല്‍കേണ്ടി വന്നിട്ടുള്ളത്. ദിവ്യ ഇത് പറഞ്ഞു പല അഭിമുഖങ്ങളിലും പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മെയിന്‍സ്ട്രീംവണ്‍ലൈറ്റ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ തങ്ങളുടെ യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസും ദിവ്യയും. താന്‍ 1975 ഒക്ടോബര്‍ നാലിനാണ് ജനിച്ചതെന്നും ദിവ്യ 1984-ലാണ് ജനിച്ചതെന്നും ക്രിസ് പറഞ്ഞു. എന്നാല്‍ പുറത്ത് പ്രചരിക്കുന്നത് ക്രിസിന് 60 വയസും തനിക്ക് 43 വയസുമാണെന്ന് ദിവ്യ പറഞ്ഞു. ഒന്‍പതു വയസിന്റെ പ്രായവ്യത്യാസം മാത്രമാണ് ഇരുവരും ഇടയിലുള്ളത്.

തങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ ആക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ക്രിസ് പറഞ്ഞു. പലപ്പോഴും ആളുകള്‍ എന്തിനാണ് ഇങ്ങനെ മോശമായി കമന്റുകള്‍ കുറിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. മകളെ പോലും അനാവശ്യമായി പരാമര്‍ശിക്കുന്നു. ഇതിലൂടെ എന്താണ് അവര്‍ നേടാന്‍ ശ്രമിക്കുന്നത്. ചീപ്പ് ആയിട്ടുള്ള പോപ്പുലാരിറ്റിക്കു വേണ്ടിയാണോ അവര്‍ ഇങ്ങനെ മറ്റുള്ളവരെ നോവിച്ച്, ചീത്ത വിളിക്കുന്നത്. ഇത്തരം പബ്ലിസിറ്റിക്കൊന്നും അധികം ആയുസ് ഉണ്ടാകില്ല. ഈ കമന്റുകള്‍ കൊണ്ട് ദിവ്യയും ഞാനും മാറുന്നില്ലെന്നും ക്രിസ് പറഞ്ഞു.
കമന്റുകള്‍ എന്റെ ഭാര്യയ്ക്കും മകള്‍ക്കും മകനും വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ ശക്തമായി പ്രതികരിക്കും. ഇത്തരം ചോദ്യങ്ങള്‍ നേരിടാന്‍ തനിക്ക് ധൈര്യമുണ്ടെന്നും ക്രിസ് പറഞ്ഞു.
അതേസമയം, ഈ കമന്റുകള്‍ വായിച്ച് തനിക്ക് ഏറെ സങ്കടം വന്നിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞു. കല്യാണം കഴിക്കുന്നതിനു മുന്‍പ് ഞാന്‍ പറഞ്ഞത് ഇങ്ങനെയൊക്കെ കമന്റുകള്‍ ഉണ്ടാകും, അതൊന്നും മൈന്‍ഡ് ചെയ്യരുത് എന്നാണ്. എന്നാല്‍ കമന്റുകള്‍ ഏറ്റവും ആദ്യം മൈന്‍ഡ് ചെയ്തത് ഞാനാണെന്നും സൈബര്‍ ആക്രമണങ്ങളില്‍ ഒത്തിരി വിഷമിച്ചിട്ടുണ്ടെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications