വിവാഹവാഗ്ദാനം നൽകി 9.35 കോടി തട്ടിയെടുത്തു; നടിക്കെതിരെ പരാതി
തെലുങ്ക് ബിഗ് ബോസ് താരം കൂടിയായ പ്രശസ്ത നടി അഷു റെഡ്ഡിക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണം. ലണ്ടൻ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ വിവാഹവാഗ്ദാനം നൽകി പറ്റിച്ച് 9.35 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. ഹൈദരാബാദ് സിറ്റി സെൻട്രൽ ക്രൈം സ്റ്റേഷൻ (CCS) പോലീസ് നടിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലണ്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിന്റെ പിതാവാണ് പരാതിക്കാരൻ. പരാതി പ്രകാരം, 2018-ലാണ് അഷു റെഡ്ഡിയും യുവാവും പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. അക്കാലത്ത് ധർമേന്ദ്ര വിവാഹമോചന നടപടികളിലൂടെ കടന്നുപോവുകയായിരുന്നുവെങ്കിലും, അത് തങ്ങളുടെ ബന്ധത്തിന് തടസ്സമാകില്ലെന്ന് അഷു റെഡ്ഡി ഉറപ്പുനൽകിയിരുന്നു.

സിനിമാ മോഹങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പറഞ്ഞ് നടി പലപ്പോഴായി ധർമേന്ദ്രയിൽ നിന്ന് വൻ തുകകൾ കൈപ്പറ്റിയിരുന്നു. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ ഏകദേശം 9.35 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസ് കണക്കാക്കുന്നത്. ഇതിൽ പണത്തിന് പുറമെ അഞ്ച് കിലോ സ്വർണം, ലക്ഷ്വറി കാറുകൾ, ഫ്ലാറ്റുകൾ എന്നിവയും ഉൾപ്പെടുന്നു. ഇതെല്ലാം അഷു റെഡ്ഡിയുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഷു റെഡ്ഡി ഒറ്റയ്ക്കല്ല ഈ തട്ടിപ്പ് നടത്തിയതെന്നും കുടുംബാംഗങ്ങൾക്ക് ഇതിൽ വ്യക്തമായ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നു. നടിയുടെ പിതാവ് വെങ്കിട കൃഷ്ണ കൊയ്യം, മാതാവ് യശോദ റെഡ്ഡി, സഹോദരി ദിവ്യ റെഡ്ഡി എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നടിയുടെ സഹോദരി മാത്രം 50 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയപ്പോൾ അഷു റെഡ്ഡി പിൻമാറുകയും പിന്നീട് ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നുമാണ് ധർമേന്ദ്ര പറയുന്നത്. ഇതിനിടെ നടി ഹേമയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നതായും എന്നാൽ അത് പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ധർമേന്ദ്രയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാനായിരുന്നു നടിയുടെയും കുടുംബത്തിന്റെയും പദ്ധതിയെന്ന് പരാതിയിൽ ആരോപിക്കുന്നു. മറ്റൊരു യുവാവുമായി അഷു റെഡ്ഡിക്ക് ബന്ധമുള്ളതായും അന്വേഷണത്തിൽ സൂചനയുണ്ട്.












Click it and Unblock the Notifications