'ടൊവിനോ ഇതൊന്നും ഒറ്റ ദിവസം കൊണ്ട് നേടിയതല്ല, എഞ്ചിനീയർ ജോലി രാജി വെച്ചു, അപ്പൻ കണ്ടീഷൻ വെച്ചു'
മലയാളത്തിലെ യുവതാരങ്ങളിൽ മുന്നിലാണ് ടൊവിനോ തോമസ്. പല മുൻനിര നായകർക്കും സിനിമയിൽ കുടുംബ പാരമ്പര്യവും ഗോഡ് ഫാദർമാരും ഒക്കെ ഉണ്ടായിരിക്കെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവരുടെ കൂട്ടത്തിലാണ് ടൊവിനോ തോമസിന്റെ സ്ഥാനം.
ജൂനിയർ ആർട്ടിസ്റ്റിൽ നിന്നാണ് ടൊവിനോ ഇന്ന് കാണുന്ന താരപദവി നേടിയെടുത്തത്. സൂപ്പർതാരമെന്നതിനപ്പുറമാണ് ടൊവിനോ തോമസ് എന്ന വ്യക്തിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്ന ടൊവിനോ ഇന്ന് കാണുന്ന സൂപ്പർഹീറോ ആയത് എങ്ങനെയെന്നും ആലപ്പി അഷ്റഫ് വിശദീകരിക്കുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: '' ടൊവിനോ എന്ന നടന്‍ പെട്ടെന്ന് ഒരു ദിവസം കൊണ്ട് നേടിയെടുത്തതല്ല ഈ സൂപ്പര്‍ ഹീറോ പരിവേഷം. സിനിമയില്‍ ഗോഡ് ഫാദറോ കുടുംബ പാരമ്പര്യമോ ഇല്ലാതെ എത്തി കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ നടനാണ്. ഒരു സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആയിരുന്ന ടൊവിനോ സിനിമയോടുളള അടങ്ങാത്ത അഭിനിവേശം കാരണം ആ തൊഴില്‍ ഉപേക്ഷിച്ച് സിനിമയിലേക്ക് കടന്നു.

അപ്പനോട് അനുവാദം ചോദിച്ചപ്പോള്‍ എതിര്‍ത്തു. നിര്‍ബന്ധിച്ചപ്പോള്‍ അപ്പന്‍ ഒരു കണ്ടീഷന്‍ വെച്ചു, ഒരു വര്‍ഷം ശ്രമിച്ചോളൂ എന്ന്. അതിലൊന്നും ആകാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരികെ ജോലിക്ക് കയറണം. അങ്ങനെ ജോലി രാജി വെച്ച് അഭിനയിക്കാന്‍ എത്തിയപ്പോള്‍ വാക്ക് പറഞ്ഞ റോളും പോയി ജോലിയും പോയി. പക്ഷേ തളര്‍ന്നില്ല. പൊരുതാനുറച്ച ടൊവിനോ ഷോര്‍ട്ട് ഫിലിമുകളൊക്കെ ചെയ്ത് ഓഡീഷനുകളില്‍ നിരന്തരം പങ്കെടുത്തു.
ഏത് ചെറിയ വേഷത്തിലും, ജാഥയ്ക്ക് കൊടി പിടിക്കാനും ആള്‍ക്കൂട്ടത്തില്‍ ഒരാളായുമൊക്കെ സിനിമയില്‍ ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു. കുറേ പരിഹാസങ്ങള്‍, അവഹേളനങ്ങള്‍, മനസ്സ് മടുപ്പിക്കുന്ന കമന്റുകള്‍ ഇവയൊക്കെ അനുഭവിക്കേണ്ടി വന്നു. ഇതിന്റെയൊക്കെ ഒടുവിലാണ് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ഒരു ചെറിയ കഥാപാത്രമായി എത്തുന്നത്. പിന്നീട് തീവ്രം എന്ന ചിത്രത്തില്‍ രൂപേഷ് പീതാംബരന്റെ അസിസ്റ്റന്റായി ജോലി ചെയ്തു.
ആ ചിത്രത്തില്‍ വെച്ചാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയില്‍ പ്രധാന വില്ലനായി ക്ഷണിക്കപ്പെടുന്നത്. ചിത്രത്തിലെ അഖിലേഷ് വര്‍മ്മ ശ്രദ്ധിക്കപ്പെട്ടു. പിന്നീടും ചില വില്ലന്‍ വേഷങ്ങള്‍ ചെയ്തു. അതിന് ശേഷമാണ് എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രം വരുന്നത്. പിന്നീട് ടൊവിനോ എന്ന നടന്റെ ഒരു ജൈത്രയാത്ര തന്നെ ആയിരുന്നു.
മിന്നല്‍ മുരളിയിലെ മിന്നും പ്രകടനം ടൊവിനോയെ ഒരു സൂപ്പര്‍ ഹീറോ പദവിയില്‍ എത്തിച്ചു. ഗപ്പി, മായാനദി, തല്ലുമാല, ഗോദ, നരിവേട്ട, 2018 തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷപ്പകര്‍ച്ച നടത്തി. ടൊവിനോ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മനസ്സറിയാത്ത പല കാര്യങ്ങളിലും അദ്ദേഹം ആരോപണവിധേയനായിട്ടുണ്ട്.
പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ടൊവിനോയെ ചിലര്‍ പരിഹസിച്ചത് സിനിമയുടെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് എന്നാണ്. അതിനെക്കുറിച്ച് ടൊവിനോ പറയുന്നത്, മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന നാടല്ലേ ഇത് എന്നാണ്. കേരള സര്‍ക്കാര്‍ ടൊവിനോയെ സാമൂഹ്യ സുരക്ഷാ സേനയുടെ അംബാസിഡര്‍ ആയി നിയമിച്ചു. പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവരെ സഹായിക്കാനുളള സന്നദ്ധ സേനയാണത്.
വയനാട് ദുരന്തത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് കിട്ടിയ 12 ലക്ഷം രൂപ തന്റെ സിനിമയില്‍ ജോലി ചെയ്തിരുന്ന നിര്‍ദ്ധനനായ ഒരു തൊഴിലാളിക്ക് വീട് വെയ്ക്കാനായി നല്‍കി. താന്‍ പഠിച്ച സ്‌കൂളിന് പുതിയ കവാടം പണിയിച്ച് നല്‍കി. ധാരാളം പാവങ്ങളെ സഹായിക്കുന്നതായും അറിഞ്ഞു. എന്നിട്ടും അദ്ദേഹത്തെ കല്ലെറിയാന്‍ ശ്രമിക്കുന്നവരുണ്ട്. ടൊവിനോ മലയാള സിനിമയ്ക്ക് വലിയ മുതല്‍ക്കൂട്ട് തന്നെയാണ്''.












Click it and Unblock the Notifications