പൊട്ടിയ ആ സിനിമയ്ക്ക് തരാനുളള പ്രതിഫലത്തുക വേണ്ട, അടുത്ത ചിത്രത്തിന് ഡേറ്റിതാ.. ടൊവിനോയെ പുകഴ്ത്തി സംവിധായകൻ
സിനിമയിലെ മുൻ നിര നായകരുടെ കോടിക്കണക്കിന് വരുന്ന പ്രതിഫലത്തുകകൾ നിർമ്മാതാക്കളെ കുത്തുപാളയെടുപ്പിക്കുകയാണെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിക്കുന്നത്. ഒരു സിനിമ വിജയിച്ചവർ പോലും വൻ തുകകളാണ് പ്രതിഫലം ചോദിക്കുന്നതെന്ന് ഇവർ പറയുന്നു. സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും താരങ്ങൾ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്.
ഇതിന്റെയൊക്കെ ഇടയിലാണ് നടൻ ടൊവിനോ തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിലാണ് ആലപ്പി അഷ്റഫിന്റെ പ്രതികരണം.
'' സ്വഭാവ സവിശേഷത കൊണ്ടും നന്മ കൊണ്ടും മലയാള സിനിമയില്‍ പ്രേം നസീറിന് തുല്യനായ നടനാണ് ടൊവിനോ തോമസ്. ഈ നടന്റെ നന്മകളെ കുറിച്ച് പലര്‍ക്കും അറിയില്ല. ടൊവിനോയെ നേരിട്ട് പരിചയമില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ വര്‍ക്ക് ചെയ്തവരില്‍ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട്.

സെറ്റില്‍ എത്തിയാല്‍ ആ സിനിമ തന്റെ സിനിമ പോലെ കണ്ട്, ഒരു തരത്തിലും സംവിധായകനെയോ നിര്‍മ്മാതാവിനെയോ ബുദ്ധിമുട്ടിക്കാതെ പെരുമാറുമെന്നും നിര്‍മ്മാതാവിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായാല്‍ തന്നാലാകും വിധം സഹായിക്കുകയും പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന നടനാണ് ടൊവിനോ എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.
നിര്‍മ്മാതാവ് രാജു മാലിയത്തിനോട് ടൊവിനോയെ കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് ടൊവിനോയെ കുറിച്ച് സംസാരിക്കാന്‍ നൂറുനാവാണ്. ഐഡന്റിറ്റി എന്ന സിനിമയുടെ പ്രമോഷന് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത് ടൊവിനോ ആണോ എന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചു. കേട്ടതൊന്നും സത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി ആയിരുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സിജെ റോയിയുടെ വക ആയിരുന്നു ആ ഹെലികോപ്റ്റര്‍.
ഈ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ തന്നെ സഹായിച്ചത് ടൊവിനോ ആയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ആ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി റോയ് സിജെയെ കൂട്ടിയിണക്കി തന്നത് ടൊവിനോ ആയിരുന്നു. ഈ പടം പരാജയപ്പെട്ടപ്പോഴാണ് ടൊവിനോയെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചത്. പ്രതിഫലത്തില്‍ നിന്ന് വളരെ ചെറിയൊരു തുക അഡ്വാന്‍സ് ആയി വാങ്ങിയാണ് സിനിമ തീര്‍ത്ത് തന്നത്.
സിനിമ പരാജയപ്പെട്ടപ്പോള്‍ കൊടുക്കാന്‍ ബാക്കിയുളള ഭീമമായ പ്രതിഫലത്തുക തരേണ്ട എന്ന് മാത്രമല്ല, അടുത്ത ചിത്രത്തിനുളള ഡേറ്റ് നല്‍കി സഹായിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തുവെന്ന് രാജു മാലിയത്ത് പറഞ്ഞു. ഇക്കാര്യം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ചര്‍ച്ചയായപ്പോള്‍ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു, നസീര്‍ സാറിന് ശേഷം കേള്‍ക്കുന്ന ആദ്യത്തെ ആശ്വാസ വചനം എന്ന്.
നല്ല കാലത്ത് സംവിധായകരേയും നിർമാതാക്കളേയും കൂടെ കൂട്ടിയിട്ട് അവർക്കൊരു വീഴ്ച സംഭവിക്കുമ്പോൾ ഫോൺ പോലും എടുക്കാതിരിക്കുന്ന നടന്മാരുളള മലയാളം സിനിമയിൽ ടൊവിനോയെ പോലെ സ്വഭാവഗുണവും സന്മനസ്സും ഉളള നടന്മാരുണ്ടാകേണ്ടത് സിനിമാ മേഖലയ്ക്കും അതിൽ പ്രവർത്തിക്കുന്നവർക്കും ആവശ്യമാണ്''.












Click it and Unblock the Notifications