ടോക്‌സിക് പ്രതിഫലം; യാഷിന് മാത്രം 50 കോടി; നയന്‍താരയ്ക്ക് കിയാരയേക്കാള്‍ കുറവ്: അമ്പരിക്കുന്ന കണക്കുകള്‍
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'ടോക്‌സിക്' ആണ് ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം വിവാദവുമായി കഴിഞ്ഞു. കേരളത്തില്‍ ടോക്‌സിക് ചര്‍ച്ചയാകുന്നത് ഗീതു മോഹന്‍ദാസിന്റെ മുന്‍ നിലപാടുകളുടെ പേരിലാണ്. മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെടുത്തി വലിയ വിമര്‍ശനങ്ങളാണ് ഗീതുവും ടോക്‌സിക് സിനിമയും നേരിടുന്നത്. അതേസമയം, തമിഴിലും തെലുങ്കിലുമൊക്കെ ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ടീസറിന് ആവേശപൂര്‍ണമായ പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ ഒരു ഭാഗത്ത് വലിയ വിവാദം സൃഷ്ടിക്കുമ്പോള്‍ മറുഭാഗത്ത് ഈ ചിത്രത്തില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ വലിപ്പവും പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതാണ്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷ് ആണ് ചിത്രത്തിലെ നായകന്‍. 'റായ' എന്ന കഥാപാത്രത്തെയാണ് യാഷ് അവതരിപ്പിക്കുന്നത്. യാഷിനെ കൂടാതെ, കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, തുടങ്ങിയ വമ്പന്‍ താരനിരയും പ്രധാന വേഷങ്ങളിലുണ്ട്. മലയാളത്തില്‍ നിന്ന് ടൊവിനോ തോമസും സുദേവ് നായരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ അടുത്ത കാലത്തെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിലെ നായകനായ യാഷ് 50 കോടിയോളം രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനയത്തിന് പുറമെ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കാളിയായതിനാലാണ് ഇത്രയും വലിയ തുക യാഷിന് ലഭിക്കുന്നത്. യാഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. ചിത്രത്തില്‍ നാദിയ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിയാരയുടെ പ്രതിഫലം തെന്നിന്ത്യന്‍ നടിമാര്‍ നിലവില്‍ വാങ്ങുന്നതിനേക്കാള്‍ വളരെയധികം ഉയര്‍ന്നതാണ്. ഏകദേശം 15 കോടി രൂപയാണ് കിയാരയ്ക്ക് ഈ ചിത്രത്തില്‍ നിന്നു ലഭിക്കുന്നത്. ഈ ചിത്രത്തിലൂടെ പ്രതിഫലം ഗണ്യമായി വര്‍ധിപ്പിക്കാനും കിയാരയ്ക്കു കഴിഞ്ഞു.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിക്കപ്പെടുന്ന നയന്‍താരയും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഗംഗ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏകദേശം 12 കോടി മുതല്‍ 18 കോടി രൂപ വരെയാണ് നയന്‍താരയുടെ പ്രതിഫലം എന്ന് പറയപ്പെടുന്നു. ബോളിവുഡ് താരങ്ങളായ ഹുമ ഖുറേഷിക്കും താര സുതാരിയയ്ക്കും ഏകദേശം രണ്ടു കോടി മുതല്‍ മൂന്ന് കോടി രൂപ വരെയാണ് പ്രതിഫലം ലഭിച്ചിരിക്കുന്നത്.
കന്നഡ നടി രുക്മിണി വസന്തിന് ഏകദേശം മൂന്നു കോടി മുതല്‍ അഞ്ചു കോടി രൂപ വരെ പ്രതിഫലം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നവാസുദ്ദീന്‍ സിദ്ദിഖി (മൂന്നു കോടി), സംയുക്ത മേനോന്‍ (1 കോടി), ഷൈന്‍ ടോം ചാക്കോ (40 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ താരങ്ങളുടെ പ്രതിഫലമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 മാര്‍ച്ച് 19-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.












Click it and Unblock the Notifications