ജയറാമും ഞാനും ശ്രീനിവാസന്റെ മരണത്തിന് പോകാത്തതിന് കാരണമുണ്ട്; വല്ലാത്തൊരു സിറ്റുവേഷനായിരുന്നു
നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണം കേരളത്തിലെ സിനിമാ പ്രേമികളെയാകെ ഞെട്ടിച്ചിരുന്നു. പതിറ്റാണ്ടുകളോളം മലയാള സിനിമാ മേഖലയില്‍ നിറഞ്ഞുനിന്നിരുന്ന ശ്രീനിവാസനെ അവസാനമായി കാണാന്‍ വലിയ ഹൃദയ ഭാരത്തോടെയാണ് താരങ്ങള്‍ എല്ലാവരും വന്നത്. അതില്‍ ശ്രീനിവാസന്റെ സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഉള്‍പ്പെടെയുള്ള നടന്മാര്‍ ഉണ്ടായിരുന്നു. മലയാള സിനിമയില്‍ എഴുത്തിലൂടെ വിപ്ലവം സൃഷ്ടിച്ച ശ്രീനിവാസന് അര്‍ഹിക്കുന്ന യാത്രയയപ്പാണ് സംസ്ഥാന സര്‍ക്കാരും സിനിമാ ലോകവും ചേര്‍ന്ന് നല്‍കിയത്. തമിഴ് സിനിമ ലോകത്തുനിന്നും നടന് ആദരാഞ്ജലികള്‍ ഒഴുകിയെത്തി.
അതേസമയം ഈ സംസ്‌കാര ചടങ്ങിനിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ശ്രീനിവാസന്റെ ഉറ്റസുഹൃത്തായ ജയറാമിന്റെയും ശ്രീനിവാസനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുള്ള ഉര്‍വശിയുടെയും അസാന്നിധ്യമാണ്. ഇതില്‍ ജയറാമിന്റെ അസാന്നിധ്യമാണ് ഏറെ വിമര്‍ശിക്കപ്പെട്ടത്. അന്ന് വലിയ സൈബര്‍ ആക്രമണമാണ് ജയറാമിന്റെ കുടുംബം നേരിട്ടത്. തമിഴ്‌നാട്ടില്‍ നിന്ന് സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെ കാണാന്‍ എത്തിയിട്ടും ജയറാം മാത്രം വരാത്തതില്‍ ആരാധകര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ സൈബര്‍ ആക്രമണത്തിനും കാരണമായി.

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ പോലെ തന്നെ ഹിറ്റായിരുന്നു ശ്രീനിവാസനും ജയറാമും ഒന്നിച്ച് അഭിനയിച്ച സിനിമകളും. ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെ ജയറാമിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ന്യൂസ്18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താനും ജയറാമും ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങിന് പോകാത്തത് എന്ന് വിശദീകരിക്കുകയാണ് ഉര്‍വശി.
ഉര്‍വശിയുടെ വാക്കുകള്‍: ഞാനും ജയറാമും ശ്രീനിവാസന്റെ മരണത്തിന് പോകാത്തതിന് വ്യക്തമായ കാരണമുണ്ട്. ഞങ്ങള്‍ പാണ്ഡ്യരാജന്റെ പടത്തില്‍ പെട്ടുപോയി. വല്ലാത്തൊരു സിറ്റുവേഷന്‍ ആയിരുന്നു അത്. വിട്ടിട്ട് പോന്നാല്‍ ആ പടം പകുതിക്ക് വെച്ച് നിന്നു പോകും. പകുതിക്ക് നിന്നു പോയാല്‍ വലിയ നഷ്ടത്തിലേക്ക് ആ പ്രൊഡ്യൂസറെയും സംവിധായകനെയും തള്ളിവിടേണ്ടി വരും. അങ്ങനത്തെ ഒരു അവസ്ഥയിലായിപ്പോയി. ഇല്ലെങ്കില്‍ ആദ്യം ഓടിയെത്തുന്ന ആളായിരിക്കും ഞാന്‍. പിന്നെ അങ്ങനെ പ്രൂവ് ചെയ്യേണ്ട ആവശ്യം എനിക്കില്ല. അത് ശ്രീനിയേട്ടനും അറിയാം, ആ കുടുംബത്തിനും അറിയാം. ജയറാമിന് പോകാന്‍ പറ്റാത്തതിന്റെ കാരണം വ്യക്തമായി എനിക്ക് അറിയാം. ഞങ്ങള്‍ രണ്ടുപേരും ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ?
ധ്യാന്‍ ഒരുപാട് കളിയാക്കുന്ന ആള്‍ ആണെങ്കിലും മനസ് കുട്ടികളുടെതാണ്. ശ്രീനിയേട്ടന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ പൊട്ടിപ്പോയത് അവനാണ്. ഞാന്‍ കണ്ടതില്‍ വച്ച് ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീനിവാസന്‍. സിനിമയ്ക്ക് സൗന്ദര്യത്തിന്റെ ഒന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടനാണ് അദ്ദേഹം. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമ എടുക്കുക എന്നത് വലിയ സംഭവമാണ്. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത് - ഉര്‍വശിയുടെ വാക്കുകള്‍.












Click it and Unblock the Notifications