മകള്‍ സിനിമയില്‍ എത്തും എന്നുറപ്പിച്ചത് ആ നിമിഷത്തില്‍; ഞാന്‍ പോലും മറന്നുപോയ ഡയലോഗ്
ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജലക്ഷ്മി അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്ന ഉര്‍വശിയുടെ മകള്‍ തേജലക്ഷ്മിയുടെ സിനിമ പ്രവേശനത്തെ വലിയ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത ഉര്‍വശി പക്ഷേ, മകളുടെ സിനിമ പ്രവേശനത്തെ ഒരല്‍പം ആശങ്കയോടെയാണ് കാണുന്നതെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇതിനകം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന നിരവധി റീല്‍സുകളിലൂടെയും വീഡിയോകളിലൂടെയും കുഞ്ഞാറ്റ മലയാളികളുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്.
ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ എന്ന നിലയില്‍ കുഞ്ഞാറ്റയും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇപ്പോഴിതാ തന്റെ മകള്‍ സിനിമയിലെത്തും എന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് പറയുകയാണ് ഉര്‍വശി.

അടുത്ത കാലത്ത് ഒരു റീലിനു വേണ്ടി അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഉര്‍വശിയുടെ 'കടുക് വറ കടുക് വറ' എന്ന സംഭാഷണം കുഞ്ഞാറ്റ തിരഞ്ഞെടുത്തിരുന്നു. മികച്ച പ്രതികരണമാണ് തേജാലക്ഷ്മിയുടെ ഈ വീഡിയോയ്ക്കു ലഭിച്ചത്. ഇതോടെയാണ് മകള്‍ സിനിമയിലെത്തും എന്ന് ഉറപ്പിച്ചതെന്ന് ഉര്‍വശി പറയുന്നു. താന്‍ പോലും മറന്നുപോയ ഡയലോഗാണ് കുഞ്ഞാറ്റ ഓര്‍ത്തെടുത്ത് പറഞ്ഞത്.
ഉര്‍വശിയുടെ വാക്കുകള്‍: കുഞ്ഞാറ്റ സിനിമയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ കടുക് വറ എന്ന എന്റെ ഡയലോഗ്, എനിക്ക് പോലും ഓര്‍മ്മയില്ലാത്ത ആ ഡയലോഗ് കുഞ്ഞാറ്റ ഡബ്മാഷ് ചെയ്തു കണ്ടപ്പോള്‍ എനിക്ക് മനസിലായി, അവള്‍ കോമഡി നല്ലോണം ചെയ്യുമെന്ന്. അവള്‍ സിനിമയില്‍ തന്നെ വരും എന്ന് മനസിലായി. ഹസ്‌ബെന്‍ഡ് വീഡിയോ കണ്ട് ഉഗ്രന്‍ മോളെ എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കും. ഞാനീ വീഡിയോകള്‍ കണ്ടതായിപ്പോലും ഭാവിക്കില്ല. അവളെ കൂടുതല്‍ പ്രൊമോട്ട് ചെയ്യാതിരിക്കാന്‍. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി കല്‍പ്പന ചേച്ചിയെയും എന്നെയും ഇമിറ്റേറ്റ് ചെയ്യുക എന്നതാണ് പ്രധാന പരിപാടി.
എങ്ങോട്ടാണ് അവളുടെ ലക്ഷ്യം എന്ന് പറഞ്ഞാല്‍ കോമഡിയാണ് ലക്ഷ്യം. ഞാന്‍ കര്‍ശനമായിട്ട് പറഞ്ഞു, നീ പഠിച്ചിട്ട് നല്ല ശമ്പളം കിട്ടുന്ന ജോലി കണ്ടെത്തിയതിനു ശേഷം മാത്രം സിനിമയിലെത്തിയാല്‍ മതി. അവളുടെ ഫ്രണ്ട്‌സ് ഒക്കെ ചോദിച്ചു, 14 വയസുള്ളപ്പോള്‍ അമ്മയ്ക്ക് സിനിമയില്‍ വരാമെങ്കില്‍ ജോലി കിട്ടിയിട്ടും മകള്‍ വരുന്നതില്‍ അമ്മയ്ക്ക് കുശുമ്പാണോ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഞാന്‍ അവളോട് പറഞ്ഞത് എന്റെ ഭാഗത്തുനിന്ന് പിന്തുണയൊന്നും ഉണ്ടാകില്ല. ഞങ്ങളുടെ കുടുംബത്തില്‍ ആരും സഹായിച്ചിട്ട് സിനിമയില്‍ വന്നതല്ല. നല്ല സിനിമകള്‍ കിട്ടി, കഴിവു തെളിയിച്ചു. കലാകാരിയാകാന്‍ മുകളിലുള്ള ഒരാള്‍ തീരുമാനിക്കണം. അവള്‍ക്ക് നല്ല ഓഫറുകള്‍ വരുന്നുണ്ട്. ഇനി അവളുടെ വഴി അവള്‍ തെരഞ്ഞെടുക്കുന്നു. അതിനി വിരോധമൊന്നുമില്ല - ഉര്‍വശിയുടെ വാക്കുകള്‍.












Click it and Unblock the Notifications