ഇത് വേറെ ലെവല്‍ കല്യാണം; വിജയ്-രശ്മിക മന്ദാന വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി
ടോളിവുഡ് അടുത്ത കാലത്തൊന്നും കാണാത്ത വലിയ വിവാഹ മാമാങ്കത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തെലുങ്ക് സിനിമയിലെ ആരാധകരുടെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയുമാണ് വധൂവരന്മാര്‍. കല്യാണത്തെക്കുറിച്ച് താരങ്ങള്‍ ഔദ്യേഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ആഡംബരമായി തയാറാക്കിയ കല്യാണക്കുറി ചോര്‍ന്നാണ് ആരാധകര്‍ ഇക്കാര്യം അറിയാന്‍ കാരണം. ഉദയപൂരില്‍ വെച്ച് നടക്കുന്ന വിവാഹ ചടങ്ങുകള്‍ അതീവ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ഏറ്റവും അടുത്ത ബന്ധുക്കളാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്. വിവാഹവാര്‍ത്ത ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കല്യാണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളുടെ വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.
ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയപൂരില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. ഇതിനായി ഒരു അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സിയെ ദമ്പതികള്‍ നിയമിച്ചതായാണ് വിവരം. ഉദയപൂരിലെ അതീവ സുരക്ഷയുള്ള വിവാഹ വേദിയില്‍ രാജസ്ഥാന്‍ പൊലീസിനൊപ്പം ഈ വിദേശ ഏജന്‍സിയും ചേര്‍ന്ന് സുരക്ഷ ഒരുക്കും.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ കരാര്‍ ഒപ്പിട്ട ഏജന്‍സികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ആഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹ ക്ഷണക്കത്ത് പ്രകാരം ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും ഒന്നിക്കുന്നത്.
വിവാഹശേഷം മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ വെച്ച് സിനിമാ മേഖലയിലുള്ളവര്‍ക്കായി വലിയൊരു സ്വീകരണ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഈ ചടങ്ങിലും മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ദമ്പതികള്‍ മാധ്യമങ്ങളെ നേരിട്ട് കാണുമെന്നാണ് സൂചന. 'ഗീത ഗോവിന്ദം', 'ഡിയര്‍ കൊമ്രേഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ ഈ താരജോഡികളുടെ വിവാഹവാര്‍ത്ത സിനിമാ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.












Click it and Unblock the Notifications