30 കോടിയുടെ ജെറ്റ് മുതല്‍ ആഡംബര കാറുകള്‍ വരെ; വിജയ് ദേവരകൊണ്ടയും രശ്മികയും സ്വന്തമാക്കിയ ആസ്തി
ടോളിവുഡും മോളിവുഡും ബോളിവുഡുമൊക്കെ ഒരുപോലെ കാത്തിരിക്കുന്ന വാര്‍ത്തയാണ് തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. രണ്ടു പേര്‍ക്കും ഇന്ത്യയൊട്ടാകെ ആരാധകര്‍ ഉള്ളതിനാല്‍ ഫെബ്രുവരി 26-ന് നടക്കുന്ന വിവാഹത്തിന്റെ മുന്നൊരുക്കങ്ങളെ വലിയ ആകാംക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 26-ന് ഉദയ്പൂരില്‍ വെച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ഇക്കാര്യം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
തങ്ങളുടെ വിവാഹത്തിന് 'വിരോഷ്' എന്നാണ് ഈ താരജോഡികള്‍ പേരിട്ടിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഹൈദരാബാദിലെ ആഡംബര ഹോട്ടലില്‍ വെച്ച് വലിയൊരു റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളെ കാവലിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ താരദമ്പതികളുടെ ആസ്തിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മൂല്യമുള്ള, പ്രതിഫലം വാങ്ങുന്ന യുവ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഫോബ്‌സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രശ്മിക മന്ദാനയുടെ ആസ്തി ഏകദേശം 66 കോടി രൂപയാണ്. സിനിമകളില്‍ നിന്ന് മാത്രമല്ല, പ്രശസ്തമായ പല ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നിന്നും രശ്മികയ്ക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട്. പുഷ്പ പോലുള്ള വമ്പന്‍ ഹിറ്റ് സിനിമകള്‍ക്കായി 10 കോടി രൂപ വരെയാണ് താരം പ്രതിഫലം വാങ്ങിയത്. മുംബൈ, ഹൈദരാബാദ്, ഗോവ, ബെംഗളൂരു, കൂര്‍ഗ് തുടങ്ങിയ നഗരങ്ങളില്‍ രശ്മികയ്ക്ക് സ്വന്തമായി വീടുകളുണ്ട്. ബെംഗളൂരുവില്‍ എട്ടു കോടിയുടെ വീടാണുള്ളത്. റേഞ്ച് റോവര്‍, ഔഡി, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളും താരത്തിന്റെ ഗാരേജിലുണ്ട്.
അതേസമയം, വിജയ് ദേവരകൊണ്ടയുടെ ആസ്തി ഏകദേശം 66 മുതല്‍ 70 കോടി രൂപ വരെയാണെന്ന് കണക്കാക്കപ്പെടുന്നു. ഒരു സിനിമയ്ക്ക് 12 മുതല്‍ 15 കോടി രൂപ വരെയാണ് വിജയ് പ്രതിഫലമായി വാങ്ങുന്നത്. സിനിമയ്ക്ക് പുറമെ 'റൗഡി' എന്ന സ്വന്തം വസ്ത്ര വ്യാപാര സ്ഥാപനത്തിലൂടെയും ഈ ടോളിവുഡ് നടന്‍ വലിയ ലാഭം നേടുന്നുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 15 കോടി രൂപ വിലമതിക്കുന്ന വീടും 30 കോടി രൂപയുടെ സ്വകാര്യ വിമാനവും വിജയ്ക്കുണ്ട്. ചിരഞ്ജീവി, മഹേഷ് ബാബു, അല്ലു അര്‍ജുന്‍ എന്നിവരാണ് ഇവിടെ അയല്‍ക്കാരായി താമസിക്കുന്നത്. ഇതുകൂടാതെ ബിഎംഡബ്ല്യു 5 സീരീസ്, ഫോര്‍ഡ് മസ്താങ്, റേഞ്ച് റോവര്‍ പോലുള്ള ആഡംബര കാറുകളും താരത്തിന് സ്വന്തമായുണ്ട്.
ഇരുവരുടെയും ആകെ ആസ്തി പരിശോധിക്കുമ്പോള്‍ ഏകദേശം 132 മുതല്‍ 136 കോടി രൂപ വരെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയിലും ബിസിനസിലും ഒരുപോലെ തിളങ്ങുന്ന ഈ താരജോഡികള്‍ വിവാഹത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ കരുത്തരായ ദമ്പതികളായി മാറുകയാണ്.












Click it and Unblock the Notifications