'വിജയ്ക്ക് നടിയുമായി അവിഹിത ബന്ധം'; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത, ഹർജി ഫയൽ ചെയ്തു
അഭ്യൂഹങ്ങൾക്കൊടുവിൽ വിവാഹമോചന ഹർജി ഫയൽ ചെയ്ത് നടൻ വിജയിയുടെ ഭാര്യ സംഗീത. പ്രമുഖ നടിയുമായി വിജയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.ഏറെ നാളായി ഇരുവരും തമ്മിൽ അകന്ന് കഴിയുകയാണ്. ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണുവെന്നുള്ള വാർത്തകൾ നേരത്തേ തന്നെ ശക്തമായിരുന്നു. എന്നാൽ വിജയിയോ ഭാര്യയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതിനിടയിലാണ് ഇപ്പോൾ സംഗീത നിയമപരമായി നീങ്ങിയിരിക്കുന്നത്.
ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ചൊവ്വാഴ്ചയാണ് സംഗീത ഹർജി ഫയൽ ചെയ്തിരിക്കുന്നത്. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. നടനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021 ലാണ് നടനും നടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താൻ മനസിലാക്കുന്നതെന്നും തുടർന്നാണ് വിവാഹമോചനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു. വിജയ് ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും യാതൊരു പശ്ചാത്താപവുമില്ലാതെ ബന്ധം തുടർന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും ഹർജിയിൽ പറുന്നുണ്ട്. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിക്കുന്നില്ലെന്നും സംഗീത ആരോപിച്ചു.

1999 ലാണ് വിജയിയും സംഗീതയും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും ജെയ്സൻ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളും ഉണ്ട്. അതേസമയം വിജയിയും നടി തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾക്കിടെയാണ് വിജയിയുടെ ഭാര്യയുടെ നീക്കം.നടി കീർത്തി സുരേഷിൻ്റെ വിവാഹ ചടങ്ങിന് വിജയിയും തൃഷയും ഒരു പ്രൈവറ്റ് ജെറ്റിൽ ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുടെ തുടക്കം. പിന്നീട് ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തുവന്നു. തുടർന്ന് ഇരുവരും ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന തരത്തിലുള്ള വാർത്തകൾക്ക് കാരണമായി.
വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിന് മുൻപ് ചെയ്ത അവസാന സിനിമ ഗോട്ട് ആയിരുന്നു. അതിൽ ഒരു ഡാന്‍സ് രംഗത്തില്‍ തൃഷ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ നായികനായകൻമാരായി തിളങ്ങിയ വിജയിയും തൃഷയും അവസാനമായി അഭിനയിച്ച സിനിമ ലിയോ ആയിരുന്നു.
പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ്-തൃഷ ബന്ധം ബി.ജെ.പിയും ഡിഎംകെയും പ്രധാന ആയുധമാക്കിയിട്ടുണ്ട്. തൃഷയിൽ നിന്ന് മോചനം നേടിയാലേ രാഷ്ട്രീയത്തിൽ എന്തെങ്കിലുമാകാൻ വിജയ്ക്ക് സാധിക്കൂവെന്ന് അടുത്തിടെ ബിജെപി നേതാവ് പരിഹസിച്ചിരുന്നു. ഈ വാക്കുകൾ വലിയ വിവാദത്തിനാണ് അന്ന് വഴിവെച്ചത്. തൃഷ തന്നെ നേരിട്ട് ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. തുടർന്ന് ബിജെപി നേതാവ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം വിവാഹമോചനവുമായി മുന്നോട്ട് പോകാനുള്ള സംഗീതയുടെ നീക്കം വിജയിക്ക് കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയം ബിജെപ രാഷ്ട്രീയ ആയുധമാക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.












Click it and Unblock the Notifications