വിജയ് ദേവരകൊണ്ട രശ്മിക വിവാഹ സല്‍ക്കാരം രാജകീയം; താജ്കൃഷ്ണ ഹോട്ടലിന്റെ സവിശേഷതകള്‍ അമ്പരിപ്പിക്കും
തെന്നിന്ത്യയില്‍ ഏറ്റവും താരത്തിളക്കമുള്ള വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹക്ഷണക്കത്ത് പുറത്തുവന്നതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂര്‍ സിറ്റി പാലസില്‍ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് വിജയ് ദേവരകൊണ്ട എഴുതിയ രീതിയിലുള്ള വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് വളരെ വേഗം വൈറലാകുകയും ചെയ്തു. ഇതോടെ ഇരുവരുടെയും കല്യാണ വിശേഷങ്ങള്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കല്യാണം ഉറ്റവര്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങ് ആയിരിക്കുമെന്ന് കത്തില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാല്‍ എല്ലാവരും ഉറ്റുനോക്കുന്നത് വിവാഹ ശേഷമുള്ള വിരുന്നിലേക്കാണ്. ഈ വിരുന്നിലാണ് സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്നത്.
രണ്ടു പേരും ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മൂല്യമുള്ള താരങ്ങളായതിനാല്‍ ചടങ്ങിന് ഹിന്ദി, തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പങ്കെടുക്കും. മാര്‍ച്ച് നാലിന് ഹൈദരാബാദിലെ പ്രശസ്തമായ താജ് കൃഷ്ണ ഹോട്ടലില്‍ വെച്ചാണ് ഗംഭീരമായ വിവാഹ സല്‍ക്കാരം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ ക്ഷണക്കത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് എല്ലാവരുടെയും അനുഗ്രഹവും സാന്നിധ്യവും വേണമെന്ന് വിജയ് ദേവരകൊണ്ട അയച്ച ക്ഷണക്കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

അത്യാഡംബരത്തിന് പേരുസുകേട്ടതാണ് വിവാഹ സല്‍ക്കാര വേദിയാകുന്ന ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടല്‍. ഇവിടെ ഒരു ദിവസം താമസിക്കാന്‍ വലിയ തുക നല്‍കണം. ഹോട്ടല്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇവിടുത്തെ ഏറ്റവും കുറഞ്ഞ നിരക്കുള്ള മുറിക്ക് ഒരു രാത്രിക്ക് 17,650 രൂപയാണ് ചിലവ് വരുന്നത്. ഇടത്തരം മുറികള്‍ക്ക് 18,000 രൂപ മുതല്‍ 25,000 രൂപ വരെയും ഡീലക്‌സ് മുറികള്‍ക്ക് 53,000 രൂപ മുതല്‍ 88,000 രൂപയും ഒരു ലക്ഷം രൂപയ്ക്ക് മുകളിലും നല്‍കണം.
ഹോട്ടലിലെ ഏറ്റവും വിശാലവും ആഡംബരപൂര്‍ണ്ണവുമായ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് ഒരു രാത്രിക്ക് 1,14,453 രൂപയാണ് നിരക്ക്. ഇവിടുത്തെ ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ മനോഹരമായ കാഴ്ച കാണാം. മനോഹരമായ ഒരു ഡൈനിങ് സ്‌പേസും സ്വകാര്യ സ്വിമ്മിങ് പൂളും പഠനമുറിയും ആധുനികമായ അടുക്കളയും ഉള്‍പ്പെടെയുള്ള രാജകീയ സൗകര്യങ്ങള്‍ ഈ സ്യൂട്ടിലുണ്ട്. ആഡംബരപൂര്‍ണമാണ് ഇന്റീരിയറുകള്‍.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇരുവരെയും കണ്ടതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ഈ താരവിവാഹം ടോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്നതില്‍ സംശയമില്ല.












Click it and Unblock the Notifications