'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്
സംവിധായകൻ എം മോഹനൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. അമ്മയ്ക്ക് കൊച്ചുമകൻ കൂടിയായ വിനീത് ശ്രീനിവാസൻ ഫോണ്‍ വാങ്ങിക്കൊടുത്ത കഥയാണ് അദ്ദേഹം പങ്കുവെച്ചത്. അത് തനിക്ക് എങ്ങനെ 'പാരയായി' എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ മോഹനൻ പറയുന്നു. കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, (ഞങ്ങളോട് ആരോടും ഫോൺ വാങ്ങിച്ചു കൊടുക്കാൻ അമ്മ പറഞ്ഞിട്ടില്ല.. ) ആ ഫോൺ എനിക്ക് സാമാന്യം തരക്കേടില്ലാത്ത പാരയായി. -എന്ന് വെച്ചാൽ എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കും എന്നല്ല ഈ സംഭവത്തിൽ '' പാര '' എന്നതിന്റെ അർത്ഥം. അമ്മയുടെ ഫോൺ വിളി മസാവസാനമായിരിക്കും , നീ, എവിടെയാ എന്ന് ചോദിക്കും, തിരുവനന്തപുരം, എന്ന് പറഞ്ഞാലും കൊച്ചി എന്ന് പറഞ്ഞാലും, - നീ നാളെത്തന്നെ വരണം -എന്നായിരിക്കും അമ്മ പറയുന്നത്.

എന്താ ഇത്ര അർജന്റ് എന്ന്, ഈ വായിക്കുന്ന ചങ്ങായിമാർ ആലോചിക്കുന്നുണ്ടാവും. അമ്മയുടെ മൊബൈലിൽ മാസാവസാനമാവുമ്പോ ഒര് മെസ്സേജ് വന്നിട്ടുണ്ടാവും- ''ഈ മാസത്തെ റേഷൻ അരി, മുപ്പത്തി ഒന്നാം തിയ്യതി വരെ ലഭിക്കുന്നതാണ് '' ഇത് വാങ്ങാനാണ് ഞാൻ അർജന്റായി വീട്ടിൽ എത്തേണ്ടത്. അമ്മയുടെ പേരിലുള്ള റേഷൻ കാർഡിൽ ഞങ്ങൾ രണ്ടുപേരാണ്, ഉള്ളത്. വെള്ള കാർഡിന് രണ്ടാൾക്ക് നാല് കിലോ അരി കിട്ടും, തിരുവനന്തപുരത്തായാലും, എറണാകുളത്തായാലും അത് വാങ്ങി കൊടുക്കാൻ,
എല്ലാ മാസവും നാട്ടിലെത്തണം, അത് നിർബന്ധം.
സാധാരണക്കാരന്റെ ജീവിതത്തിൽ റേഷൻ കടയ്ക്കുള്ള സ്ഥാനം ജീവ വായു പോലെ വിലപ്പെട്ടതാണ്, അന്നും ഇന്നും.
1965-ലാണ്, കേരളത്തിൽ ഔദ്യോഗികമായി റേഷൻ സംവിധാനം നിലവിൽ വന്നത്. എങ്കിലും മലബാർ മേഖലയിൽ 1944-ലും, തിരുവിതാംകൂർ-കൊച്ചി മേഖലയിൽ 1943-ലും ചെറിയ തോതിൽ റേഷൻ പരിപാടി തുടങ്ങിയിരുന്നു.
പക്ഷെ 1964-ൽ കടുത്ത ഭക്ഷ്യക്ഷാമമുണ്ടായപ്പോൾ, സംസ്ഥാനത്തുടനീളം വിപുലമായ രീതിയിൽ റേഷൻ സംവിധാനം നടപ്പിലാക്കി. അമ്മ കർഷക തൊഴിലാളിയായിരുന്നു. അതിന്റ കരുത്തും വാശിയും, ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം അമ്മയ്ക്ക് കൊടുത്തിരുന്നു, ഏതെല്ലാം മുൾ മുനകളിൽ ചവിട്ടിയാണ്, എന്തെല്ലാം പോരാട്ടങ്ങൾ ജയിച്ചു വന്നവരാണ് അന്നത്തെ തൊഴിലാളി സമൂഹം..
റേഷൻ അരി വാങ്ങാൻ ഓർമ്മിപ്പിച്ചുകൊണ്ടുള്ള മാസാവസാനത്തെ ഫോൺ വിളി നിലച്ചിട്ട് ഇന്നലത്തേക്ക് മൂന്നു വർഷം കഴിഞ്ഞു.
പക്ഷെ ഇപ്പോഴും നാല് കിലോ അരി വാങ്ങാൻ ഞാൻ എല്ലാമാസവും നാട്ടിൽ എത്താറുണ്ട്. കാരണം ആ റേഷൻ അരിയിൽ, സാധാരണക്കാരന്റെ ജീവിതമുണ്ട്. ആ ജീവിതം, അമ്മയെ പോലുള്ള നിരവധി കർഷക തൊഴിലാളികൾ
നൽകിയ പാഠമാണ്'.












Click it and Unblock the Notifications