'വീട് വെച്ച് കൊടുക്കുമ്പോൾ രേണു വിവാഹം കഴിക്കരുത് എന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നോ'? ഫിറോസിനോട് ചോദ്യം
മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണ ശേഷമാണ് മക്കളായ റിതപ്പന്റെയും കിച്ചുവിന്റെയും പേരിൽ കെഎച്ച്ഡിഇസി വീട് വെച്ച് നൽകിയത്. അതിന് പിന്നാലെ ഈ വീടിനെ വിവാദങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ല. മഴക്കാലത്ത് വീടിന് ചോർച്ചയുണ്ടെന്ന രേണു സുധിയുടെ പരാമർശം കെഎച്ച്ഡിഇസിയുടെ ഫിറോസുമായി വലിയ വാക്പോരിലേക്കാണ് നീങ്ങിയത്.
ഏറ്റവും ഒടുവിലായി രേണു മറ്റൊരു വിവാഹം കഴിക്കുകയാണെങ്കിൽ വീട് തിരിച്ച് തരണം എന്നുളള ഫിറോസിന്റെ കമന്റാണ് വിവാദത്തിലായിരിക്കുന്നത്. മക്കളുടെ പേരിലുളള വീട് താൻ തിരിച്ച് തരണം എന്ന് പറയുന്നത് എങ്ങനെയാണെന്നും വിവാഹം കഴിക്കണോ എന്നുളളത് തന്റെ സ്വകാര്യമായ കാര്യമാണ് എന്നും പ്രതികരിച്ച് രേണു തന്നെ ഫിറോസിന് മറുപടിയുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
ഫിറോസിന് മറുപടിയായി ശ്രീലക്ഷ്മി അജേഷ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കുറിപ്പ് വായിക്കാം: '' ഫിറോസ് എന്ന ചേട്ടൻ സുധി കൊല്ലത്തിന്റെ മക്കൾക്ക് വീട് വച്ചു കൊടുക്കാൻ മുന്നോട്ട് വന്നപ്പോൾ മുതൽ അദ്ദേഹത്തേക്കുറിച്ച് ഞാൻ കേൾക്കുന്നത്.. എത്ര നല്ല മനുഷ്യൻ. എന്ന് തന്നെ തോന്നി.. അത് കഴിഞ്ഞു ആ വീടിനു ചോർച്ച ഉണ്ടെന്നു രേണു പറഞ്ഞപ്പോ രേണുവിനോട് നീരസം തോന്നി.. ഫിറോസ് ചേട്ടനോട് സിമ്പതിയും.. ഒരു വീട് വച്ചു കൊടുത്താൽ പിന്നെ ഒരിക്കലും ആ പേരും പറഞ്ഞു പിന്നെ ആ വീട്ടുകാരെ തേടി പോകാറില്ല എന്നും പുള്ളി പറഞ്ഞു.

ഇപ്പോൾ കണ്ട ഒരു കാര്യം.. കഴിഞ്ഞ ദിവസം മീഡിയയോട്, രേണു സുധി പറയുന്നു ചിലപ്പോ കല്യാണം കഴിച്ചേക്കാം എന്ന്..അതിനിടയിൽ ഫിറോസ് ചേട്ടന്റെ ഒരു കമന്റ്.. അങ്ങനെ പോവുക ആണെങ്കിൽ ആ വീട് തിരിച്ചു എഴുതി തരണേ വേറെ ആർക്കേലും കൊടുക്കാം എന്ന്.. പുള്ളിയോട് തോന്നിയ സകല ബഹുമാനവും പോയി.. രേണുവിനെ ഒത്തിരി വിമർശിച്ചിട്ടുണ്ട്.. പക്ഷെ അപ്പോഴും പറഞ്ഞത് ഒരു വിവാഹം കഴിക്കണം എന്ന് രേണുവിന് തോന്നിയാൽ കഴിക്കണം എന്നാണ്..
ഭർത്താവ് മരിച്ചു.. ഒരു കുഞ്ഞു കുട്ടിയുണ്ട്.. ജോലിയില്ല.. വിദ്യാഭ്യാസം ഇല്ല.. ആകെ ഉള്ളത് ഈ സോഷ്യൽ മീഡിയ റീച്ച് ആണ് അതെപ്പോ വേണേലും പോകാവുന്ന ഒന്നാണ്.. ആ നിലക്ക് ഒരു കൂട്ട് വേണം എന്ന് രേണുവിന് തോന്നിയാൽ അത് വേണം എന്ന് തന്നെയാണ്.. ആ വീട് വച്ചു കൊടുത്തത് സുധിയുടെ മക്കൾക്ക് ആണ്.. അതിൽ ഒരു കുട്ടി മൈനറും.. വീട് വച്ചു കൊടുക്കുന്ന സമയത്ത് രേണു വിവാഹം കഴിക്കരുത് എന്ന് അഗ്രിമെന്റ് ഉണ്ടായിരുന്നോ??
വീട് കൊടുത്തു അത് തിരിച്ചു കൊടുക്കണം എന്ന് പറയുന്നത് എന്താടിസ്ഥാനത്തിൽ ആണ്.. എന്തിനാണ് അവർക്കു പിന്നാലെ ഇദ്ദേഹം നടക്കുന്നത്.. അവരെന്തേലും ചെയ്യട്ടെ എന്നല്ലേ വെക്കേണ്ടത്.. ഒരു സഹായം സ്വീകരിച്ചു എന്ന ത് കൊണ്ട് അവരുടെ വ്യക്തി ജീവിതം എങ്ങനെ ആയിരിക്കണം എന്ന് രേണു വല്ലേ തീരുമാനിക്കേണ്ടത്... ഇപ്പോ തോന്നുന്നത് ആ വീട്ടിൽ രേണു താമസിക്കരുത് എന്നാണ്.. വീടൊന്നും വച്ചു കൊടുക്കുന്നില്ല എങ്കിലും നമ്മുടെ ഒക്കെ വരുമാനത്തിന്റെ ഒരു പങ്കു പഠിക്കാൻ ഇല്ലായ്മ ഉള്ള കുഞ്ഞുങ്ങൾക്ക് നമ്മളും കൊടുക്കാറുണ്ട്..
ആ കുട്ടികളെ പോലും അറിയിക്കാതെ ആണ് അത് ചെയ്യുന്നത്.. കാരണം അത് ചെയ്യേണ്ടത് ഭഗവാൻ നമ്മെ ഏൽപ്പിച്ച ഉത്തര വാദിത്വം എന്നാണ് കരുതുന്നത്..അതിൽ പറഞ്ഞു ഞെളിയാൻ ഒന്നും ഇല്ലാ.. കാരണം പട്ടിണിയും പരിവട്ടവും ഫീസ് ഇല്ലെയ്മയും ഒക്കെയും അനുഭവിച്ചു തന്നെയാണ് വളർന്നത് ഞാനും.. അത് കൊണ്ടു അവരെ എനിക്ക് നന്നായി മനസ്സിലാകും.. ഫിറോസ് ചേട്ടന്റെ കൈയിൽ നിന്നു സഹായം വാങ്ങിയിട്ടിപ്പോ ആ കുടുംബം നട്ടം തിരിയുന്ന പോലെ തോന്നുന്നു..
വീട് വച്ചു കൊടുത്തപ്പോ ഉള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ് രേണുവും കുടുംബവും അങ്ങേരെ കുറ്റം പറഞ്ഞപ്പോ പൊതു സമൂഹം രേണുവിനെതിരെ തിരിഞ്ഞതും ഇങ്ങേരെ ചേർത്തു നിർത്തിയതും.. ഇങ്ങനെ ആ സ്ത്രിയുടെ പിന്നാലെ നടന്നു കമന്റ് ചെയ്യുമ്പോ പുള്ളിയുടെ വില പുള്ളി തന്നെ കളയുന്നു എന്നല്ലേ..''












Click it and Unblock the Notifications