• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൊബൈല്‍ ക്യാമറ വരുത്തുന്ന ദുരന്തങ്ങള്‍

  • By <b>ഷിബു മാത്യു</b>

ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ടെക്‍നോളജി കടന്നുവരുന്നതോടൊപ്പം ലോകം ചുരുങ്ങി വിരല്‍ത്തുമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ അറിയാതെ കൈ ഒന്നു വിറയ്ക്കുന്നില്ലേ? എല്ലാം കൈക്കുമ്പിളില്‍ ആകുമ്പോള്‍ നമ്മുടെ സ്വകാര്യതയും മറ്റുള്ളവരുടെ മുന്നില്‍ എത്തുമ്പോള്‍ പകച്ചു നില്‍ക്കാനേ കഴിയൂ.

ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്‍ വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്‍ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്‍ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്‍ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു.

പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിക്കുന്നു എങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്‍ ക്യാമറകള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്‍ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത് എഴുതുന്നത്.

വിറ്റഴിയുന്നത് ക്യാമറ മൊബൈല്‍ ഫോണുകള്‍

ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് ക്യാമറ മൊബൈല്‍ ഫോണുകളാണ്. 'ഫോണ്‍ ചെയ്യുക" അല്ലങ്കില്‍ 'മെസേജയിക്കുക" എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി 'വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം" എന്ന നിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി.

ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും കൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത്? അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ എത്തിയതോടെ 'കാതോട് കാതോരം ' പറഞ്ഞിരുന്ന 'രഹസ്യ'ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെ 'രഹസ്യ'ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സും ചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി 'ഇര'കളെത്തേടി ഇറങ്ങുന്നു. തങ്ങളുടെ കൂട്ടുകാരികളയോ , ടീച്ചര്‍മാരയോ, കാമുകിയോ , അയല്‍‌വക്കത്തുള്ളവരയോ എന്തിന് സ്വന്തം ഭാര്യയെപ്പോലും തങ്ങളുടെ 'ഇര"കളാക്കുന്നു. 3gp ഫോര്‍മാറ്റും എം.എം.എസും എല്ലാം ഇത്തരം വേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്‍ക്ക് കഴിയാറും ഇല്ല.

ഇന്റര്‍നെറ്റ് വഴിയും ബ്ലൂടൂത്ത് വഴിയും ഇപ്പോള്‍കേരളത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഏറിയപങ്കും മൈബൈലില്‍ എടുത്തിട്ടുള്ള 'ഹോട്ടു"കളാണ്. ഈ 'ഹോട്ടു"കള്‍ക്ക് ഇരയാകേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലോ? ഹോസ്റ്റ്ല് റൂമില്‍ നിന്ന് തുണിമാറുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ 'ഹോട്ട് '. ബ്ലൂടൂത്ത് വഴി സഞ്ചരിക്കുന്ന ഈ 'ഹോട്ടി"ന്റെ ഉറവിടം പെണ്‍കുട്ടിയുടെകൂട്ടുകാരിയുടെ മൊബൈലായിരുന്നു. ഒരു രസത്തിനുവേണ്ടി അവളെടുത്തത് അവളറിയാതെ കൂട്ടുകാരുടെ മൊബൈലിലേക്ക് എത്തിയതാണ് . അതാണ് ഇപ്പോള്‍ എല്ലായിടത്തും എത്തിയത്. പുരാണങ്ങളില്‍ ചില ആയുധങ്ങളെക്കുറിച്ച് പറയാറില്ലേ?; “ആവനാഴിയില്‍ നിന്ന് എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് സഞ്ചരിക്കുമ്പോള്‍ ആയിരം ഏല്‍ക്കുമ്പോള്‍ പതിനായിരം“. ഇത്തരം 'ഹോട്ടു"കളുടെ ഭീകരതയും ഇതു തന്നെയാണ് .

[ഇന്റര്‍നെറ്റ് വഴിയുള്ള - മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള - കുറ്റകൃത്യങ്ങളില്‍ നമ്മുടെ കേരളത്തിന് ആദ്യ പത്തില്‍ സ്ഥാനം ഉണ്ട് എന്നത് ഈ അവസരത്തില്‍ ഓര്‍മ്മിയ്ക്കുക.]

കേരളത്തില്‍ ആദ്യമായി ഒരു 'ഹോട്ട്" പ്രചാരം നേടുന്നത് 90 കളുടെ പകുതിയിലാണ് . എറണാകുളം സെന്റ് തേരാസസിലെ നാലു പെണ്‍കുട്ടികളുടെ ഫോട്ടോ കേരളം മുഴുവന്‍ വ്യാപിച്ചു .അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നു എന്ന് ഓര്‍ക്കണം. ഫോട്ടോ സ്റ്റാറ്റ് പ്രിന്റുകള്‍ വഴിയാണ് ആ ഫോട്ടോകള്‍ നമ്മുടെ ക്യാമ്പസുകളില്‍ എത്തിയത്. പെണ്‍കുട്ടികളില്‍ ആര്‍ക്കോ തോന്നിയോ 'ബുദ്ധിയില്‍" നാലുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആ ഫോട്ടോയുടെ ഗൌരവം അറിയാതെ അവര്‍ ഫിലിം റോള്‍ വാഷ് ചെയ്യാന്‍ കൊടുത്തു. നേരിട്ട് സ്റ്റുഡിയോയില്‍ കൊടുക്കാതെ മറ്റൊരാള്‍ വഴി കൊടുത്ത ഫിലിം ‌റോള്‍ വാഷ് ചെയ്ത് എടുത്തപ്പോള്‍ ഇടനിലക്കാരന്‍ ഫോട്ടോയുടെ 'സാധ്യത" മനസിലാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. വെറുതെ ഒരു രസത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ തങ്ങളുടെ ജീവിതം തകര്‍ക്കും എന്ന് പെണ്‍കുട്ടികള്‍ക്ക് മനസിലായത് തങ്ങളുടെ ഫോട്ടോകള്‍ ക്യാപസുകളില്‍ എത്തിയപ്പോഴാണ് . ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപെട്ട ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അപമാനഭാരം കൊണ്ട് അവസാനം ആത്മഹത്യയില്‍ അഭയം തേടി. ഇതായിരിക്കണംഒരു പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലെ ആദ്യ 'ക്യാമറ ദുരന്തം".

ഇത് ബ്ലൂടൂത്ത് യുഗം

'ഫോട്ടോ സ്റ്റാറ്റ്' യുഗത്തില്‍ നിന്ന് നമ്മള്‍ 'ബ്ലൂടൂത്ത്' യുഗത്തില്‍ എത്തി നില്‍ക്കുന്നു. ഒളിക്യാമറകള്‍ സുലഭമായി ഇരകളെത്തേടുമ്പോള്‍ എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയില്ല. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന 'ഹോട്ടു"കളുടെ സൃഷ്ടികര്‍ത്താക്കള്‍ 'ഇര"കളുടെ സുഹൃത്തോ കാമുകനോ അടുത്ത ബന്ധുവോ ഒക്കെയാണ്. തങ്ങളുടെകൂട്ടുകാരുടെ 'രഹസ്യ"ങ്ങള്‍ 'പരസ്യ'മാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും വില്ലന്മാര്‍ ആകുന്നത്.

പ്രചരിക്കുന്ന 'ഹോട്ടു"കള്‍ക്ക് സൈക്കന്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉള്ളൂ എങ്കിലും അതിനാണ് ആവിശ്യക്കാര്‍ ഏറയും. ഇത്തരം 'ഹോട്ടു"കള്‍ വാങ്ങാന്‍ സ്കൂള്‍ പരിസരങ്ങളില്‍ ഏജന്റുമാര്‍ തന്നെയുണ്ടന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്???ഡല്‍ഹിയിലുള്ള ഒരു പെണ്‍കുട്ടി ഡ്രസ് മാറുന്ന ദൃശ്യം എടുത്തത് അവളുടെ സുഹൃത്ത് തന്നെയാണ്. ഈ ദൃശ്യങ്ങള്‍ കൂട്ടുകാര്‍വഴി വ്യാപിച്ചുകഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിപോലും അറിയുന്നത്.

പ്രണയം വഴിമാറുമ്പോളും ദുരന്തം ഉണ്ടാകാറുണ്ട്. കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹോട്ടല്‍ റൂമില്‍ എത്തപെടുമ്പോള്‍ 'ഒരുമിച്ച് സ്പെന്‍ഡ് ചെയ്യാന്‍ കുറച്ച് സമയം" എന്ന് മാത്രമായിരിക്കും ലക്ഷ്യം. ഈ ലക്ഷ്യത്തിനു പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യം ഉണ്ട് എന്നുള്ളത് പാവം കാമുകി അറിയാറില്ല. വിവേകം വികാരത്തിന് വഴിമാറുമ്പോള്‍ നാലാമതൊരു കണ്ണ് അവരെ കാണുന്നുണ്ട് എന്ന് അവള്‍ അറിയാറില്ല. താനൊരു ട്രാപ്പില്‍ അകപെട്ടു എന്ന് പെണ്‍കുട്ടി അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.

കഴിഞ്ഞ വര്‍ഷം അമ്പലപ്പുഴയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യ പരിശോധിക്കുക. വില്ലന്മാരായത് സഹപാഠികളും മൊബൈല്‍ ക്യാമറകളും. തങ്ങളുടെ ചിത്രങ്ങള്‍ കാട്ടി തങ്ങളെഅവരുടെ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തിരിച്ചറിവില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. മൊബൈലില്‍ എടുത്ത് ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത് 'ഉപയോഗിക്കുക"യായിരുന്നു സഹപാഠികള്‍. അതിനവര്‍ പ്രണയത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രണയത്തില്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് ആരാണ് കരുതുന്നത്. “തങ്ങള്‍ പറയുന്നിടത്ത് വന്നില്ലങ്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ മൊബൈലുകള്‍ വഴി എല്ലായിടത്തും എത്തിക്കും" എന്നുള്ള ഭീക്ഷണിയില്‍ ഭയപ്പെട്ട് ആ പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു. ഈ സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുകയും അതിന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ കൂട്ടു നില്‍ക്കുകയും ചെയ്തു. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നമ്മുടെ സ്കൂളുകളില്‍ നടക്കുന്ന 'മൊബൈല്‍ ഷൂട്ടിംങ്ങിന്റെ" അപകടങ്ങള്‍ തിരിച്ചറിയപെട്ടത് .

സൈബര്‍ ലോകത്ത് പ്രചരിക്കപെടുന്ന 'ഹോട്ടു"കളില്‍ പകുതിയും പെണ്‍കുട്ടികളുടെ സമ്മതത്തോടെ ചിത്രീകരിക്കപെടുന്നതാണ്. തങ്ങള്‍ പുരോഗമനവാദികള്‍ ആണന്ന് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി സ്വയം പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ആണുങ്ങളെപ്പോലെ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും അവരുടെ ചിന്ത. ശാരീരിക വെത്യാസങ്ങള്‍ഉള്ളടത്തോളം കാലം സ്ത്രീക്ക് പുരുഷനെപ്പോലെ സഞ്ചരിക്കാനോ വസ്ത്രം ധരിക്കാനോ കഴിയുകയില്ലന്ന് അവര്‍ മറക്കുന്നു. ഇന്നത്തെ 'പുരോഗമനവാദികള്‍ക്ക്" നാളെ തങ്ങള്‍ ചെയ്‌തത് തെറ്റായിരുന്നു വെന്ന് തോന്നിയാലും ഒരു പ്രയോജനവും ഉണ്ടാവില്ല. കാരണം ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്ത് കയറിപ്പോയ 'ചിത്രങ്ങള്‍ക്ക് മരണം ഉണ്ടാവില്ല" എന്നതു തന്നെ. ഈ ചിത്രങ്ങള്‍ നോക്കുക.

തങ്ങളുടെ കൂട്ടുകാരികളുടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ അകപ്പെടും എന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. താന്‍ എടുത്തഫോട്ടോകള്‍ മറ്റുള്ളവരില്‍ എത്തും എന്ന് ഫോട്ടോ എടുത്ത ആളും മനസിലാക്കിയിട്ടുണ്ടാവില്ല.

കേരളത്തിലെ ഒരു റിയാലിറ്റി ഷോയുടെ അവതാരികയുടെ ഫോട്ടോകള്‍ ഈ മെയിലിലൂടെ കുറേ നാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ 'അവതാരത്തെ' കാണാനായി മാത്രം ചിലര്‍ ആ റിയാലിറ്റി ഷോ കാണുന്നു എന്ന് പറയുമ്പോഴേ സംഗതി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് അറിയാം. വസ്ത്രത്തില്‍ പിശുക്ക് കാണിച്ച് നാക്കില്‍ ആ കുറവ് കാണിക്കാത്ത അവതാരികയുടെ മദ്യപാന ചിത്രങ്ങള്‍ എന്നാണ് മെയില്‍ എത്തിയത്. ഫോട്ടോ എടുത്തത് അവതാരകയുടെ സമ്മതത്തോടെ(?) കൂട്ടത്തിലുള്ളവര്‍ ആണന്ന് ഉറപ്പാണ് . തന്റെ കൈയ്യിലിരുപ്പ് എല്ലാവരിലും മെയില്‍ വഴി എത്തുമെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവില്ല.

സ്ത്രികള്‍ മാത്രമാണ് ഇരകള്‍ എന്ന് ധരിക്കരുത്. ചില പുരുഷന്മാരും സൈബര്‍ ലോകത്തെ ക്യാമറ ദുരന്തനായകന്മാര്‍ ആവാറുണ്ട്. അങ്ങനെയൊരു സംഭവം. ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള ഫോര്‍വേഡ് മെയിലെത്തുന്നു. ചാറ്റിംങ്ങ് വഴി പരിചയപെട്ട ഒരാളുമായി തന്റെ വിവാഹം കഴിഞ്ഞു എന്നും അയാളോടൊത്ത് കഴിഞ്ഞു എന്നും മാസംതോറും പതിനായിരംരൂപയ്ക്കടുത്ത് ഞങ്ങള്‍ ഫോണ്‍ ചെയ്യാനായി ചെലവാക്കാറുണ്ടെന്നും അയാളിപ്പോള്‍ തന്നെ ചതിച്ചു എന്നുമായിരുന്നു മെയില്‍. മെയിലിനോടൊപ്പം കുറെ ഫോട്ടോകളും ഫോണ്‍ ബില്ലിന്റെ കോപ്പികളും. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു മെയിലെത്തി. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു മെയിലിലെ അറ്റാച്ച്മെന്റിലെ പത്രവാര്‍ത്ത... അപ്പോള്‍ ഫോട്ടോയിലെ പെണ്‍കുട്ടി... ?

ചില സെലിബ്രിറ്റികളുടെ ഫേയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പിംങ്ങുകളും നെറ്റില്‍ പ്രചരിക്കാറുണ്ട്. നയന്‍താര, തൃഷ, തുടങ്ങിയവരുടെ ഫെയ്ക്ക് വീഡിയോകള്‍ ആണങ്കില്‍ നമിത വസ്ത്രം മാറുന്നരംഗം ഏതോ ലൊക്കേഷന്‍ അംഗം മൊബൈലില്‍ ചിത്രീകരിച്ച് സൈബര്‍ ലോകത്തിന് സംഭാവന(?) ചെയ്തതാണ്. രണ്ടുമാസമായി ഈ മെയില്‍ വഴി പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ.അടുത്ത സമയത്ത് വിവാഹം കഴിഞ്ഞ യുവനടന്‍/സംവിധായകന്റെ വിവാഹത്തിനുമുമ്പുള്ള രംഗം എന്ന് പറഞ്ഞാണ് മെയില്‍ എത്തുന്നത്.

അടുത്ത പേജില്‍

മൊബൈല്‍ഫോണ്‍, എന്താണ് രക്ഷ ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more