കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്റെ പാട്ട് കേട്ടു; ദാസ് കരഞ്ഞു

  • By Staff
Google Oneindia Malayalam News

മല്ലപ്പള്ളി: കല്ലൂപ്പാറ ലക്ഷ്മി നിവാസില്‍ ദാമോദരന്‍പിള്ളയ്ക്ക് അത് മറക്കാനാവാത്ത ദിവസമായിരുന്നു. തന്നെ കാണാന്‍ യേശുദാസ് വന്ന ദിവസം. താന്‍ നിധിപോലെ 20 വര്‍ഷം കാത്തുസൂക്ഷിച്ചിരുന്ന ആ കസെറ്റ് യേശുദാസ് കൈപ്പറ്റിയ നിമിഷം. ഇതൊക്കെ ദാമോദരന്‍പിള്ള എങ്ങിനെ മറക്കും?.

ദാമോദരന്‍ പിള്ള വേലക്കാരന്‍ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ അസിസ്റന്റായിരുന്നു. ആ സിനിമയില്‍ പാടിയത് യേശുദാസിന്റെ അച്ഛന്‍ അഗസ്റിന്‍ ജോസഫാണ്. അഗസ്റിന്‍ ജോസഫിന്റെ ആ പാട്ടുകള്‍ യേശുദാസ് ജീവിതത്തില്‍ ഇന്നുവരെ കേട്ടിട്ടില്ല.

പക്ഷെ കഴിഞ്ഞ ദിവസം അത് കേട്ടപ്പോള്‍ യേശുദാസിന്റെ കണ്ണുകള്‍ ഈറനായി. പാഹിമാം ജഗദീശാ ശ്രീ ശബരിഗിരി നിലയാ ഈശ്വരാ... - അഗസ്റിന്‍ ജോസഫ് പാടുകയാണ്. ശബരിഗിരീശനായ ശ്രീഅയ്യപ്പനെ സ്തുതിക്കുന്ന ഗാനം. അച്ഛന്റെ ഈ ഗാനം കേള്‍ക്കാനാണ് യേശുദാസ് ദാമോദരന്‍ പിള്ളയെ തേടി വന്നത്.

വേലക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ അസിസ്റന്റായിരുന്ന ദാമോദരന്‍പിള്ള കഴിഞ്ഞ 20 വര്‍ഷമായി ഈ കസെറ്റ് സൂക്ഷിക്കുന്നു. എന്നെങ്കിലും ഈ ഗാനം കേള്‍ക്കാന്‍ യേശുദാസ് എത്തുമെന്ന് ദാമോദരന്‍പിള്ളയ്ക്ക് അറിയാമായിരുന്നു.

യേശുദാസിന്റെ അച്ഛന്‍ പാടിയ പാട്ട് കാസെറ്റിലാക്കി ദാമോദരന്‍പിള്ള സൂക്ഷിക്കുന്ന വിവരം യേശുദാസ് ഒരു പത്രത്തിലാണ് വായിച്ചത്. ഉടനെ ഭാര്യ പ്രഭയോടൊപ്പം അദ്ദേഹം ദാമോദരന്‍പിള്ളയുടെ വീട്ടിലെത്തി.

ദാമോദരന്‍പിള്ള ടേപ്പ് റിക്കാര്‍ഡില്‍ കസെറ്റിട്ടു പാടിച്ചു. പിന്നീട് ആ കസെറ്റ് ഒരു നിയോഗം പോലെ യേശുദാസിന് കൈമാറി. ദാമോദരന്‍പിള്ളയുടെ കൈകള്‍പിടിച്ച് യേശുദാസ് പറഞ്ഞു: ഞാനെന്റെ അച്ഛനെ തൊടുംപോലെ തോന്നുന്നു. യേശുദാസും ഭാര്യ പ്രഭാ യേശുദാസും പിള്ളയുടെ കാല്‍തൊട്ട് വന്ദിച്ചു. വികാരത്തള്ളിച്ചയില്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ ദാമോദരന്‍പിള്ള വിഷമിച്ചു. പകരം വിറയാര്‍ന്ന കൈകളാല്‍ ഇരുവരെയും തൊട്ടനുഗ്രഹിച്ചു.

മുപ്പത്തിയേഴുവര്‍ഷം മുമ്പ് യേശുദാസിന് നഷ്ടമായ അച്ഛന്റെ ഓര്‍മ്മകള്‍ ദാമോദരന്‍പിള്ള നിരത്തി. വേലക്കാരന്‍ എന്ന സിനിമയില്‍ അച്ഛന്‍ നായകനാണെന്നു മാത്രമേ യേശുദാസിന് അറിയുമായിരുന്നുള്ളൂ. എന്നാല്‍ കേട്ടോളൂ. ആ സിനിമയില്‍ അച്ഛന്‍ പാടിയഭിനയിച്ചു. ഒരു അയ്യപ്പകീര്‍ത്തനം. അദ്ദേഹം ആ കീര്‍ത്തനം ശബരിമല സന്നിധിയിലൂടെ നടന്ന് പാടിയാണ് അഭിനയിച്ചത്- ദാമോദരന്‍ പിള്ള യേശുദാസിന്റെ ഓര്‍മ്മയെ തിരുത്തി.

അച്ഛന്‍ ക്രൈസ്തവനായിരുന്നെങ്കിലും അദ്ദേഹം അന്ന് ശബരീശസ്തോത്രങ്ങള്‍ ശബരിമലയില്‍ ആലപിച്ചതിന്റെ പുണ്യമാവും എന്നെ അതേ വഴിയിലെത്തിച്ചത്- ദാസ് പറഞ്ഞു.

തെന്നിന്ത്യന്‍ സൈഗാള്‍, ജുഗാജോഡ് എന്നൊക്കെയാണ് അഗസ്റിനെക്കുറിച്ച് പറയാറ്. അഗസ്റിനെ കിട്ടിയാല്‍ സോജാ രാജകുമാരി എന്ന പാട്ടുപാടാതെ ആരാധകര്‍ വിടുമായിരുന്നില്ല.- പിള്ളയുടെ വാക്കുകള്‍ യേശുദാസും പ്രഭയും കൗതുകത്തോടെ കേട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X